UPDATES

ട്രെന്‍ഡിങ്ങ്

കാറില്‍ ലോറിയിടിപ്പിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് കേന്ദ്ര മന്ത്രി

തന്നെ അപായപ്പെടുത്താനുള്ള ശ്രമത്തിനു പിന്നില്‍ വലിയൊരു ശൃംഖല തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ ആരോപണം

താന്‍ സഞ്ചിരിച്ചിരുന്ന കാറില്‍ ലോറി ഇടിപ്പിച്ചത് തന്റെ ജീവന്‍ അപായപ്പെടുത്താനുള്ള മനഃപൂര്‍വമായ ശ്രമമായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെ. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കര്‍ണാടകയിലെ ഹവേരിയില്‍ നടന്ന അപകടത്തെ കുറിച്ചാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം. ട്വീറ്റിലൂടെയാണ് കേന്ദ്രമന്ത്രി തനിക്കെതിരേ നടന്നതു ബോധപൂര്‍വമായ കൊലപാതകശ്രമം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പൊലീസ് ജീപ്പിലാണ് ലോറി ഇടിച്ചത്. ഒരു പൊലീസുകാരന് പരിക്കു പറ്റി. ലോറി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടം നടന്നതിനു പിന്നാലെ ഇട്ട ട്വീറ്റില്‍ കേന്ദ്രമന്തി പറയുന്നത് ഇപ്രകാരമാണ്; ബോധപൂര്‍വം എന്റെ ജീവന്‍ അപായപ്പെടുത്താനുള്ള ഒരു ശ്രമം ഇപ്പോള്‍ നടന്നു. ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ താലുക്കിലെ ഹലഗേരിക്ക് അടുത്ത് ദേശീയ പാതയില്‍വച്ച് ഒരു ലോറി എന്റെ വാഹനത്തില്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ വാഹനം നല്ല വേഗതയിലായിരുന്നതിനാല്‍ ഇടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

പൊലീസിനോട് ഈ കേസ് ഗൗരവമായി അന്വേഷിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വലിയൊരു ശൃംഖല ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊലീസ് അവരെയെല്ലാം കണ്ടെത്തുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അപകടത്തിന്റെ ദൃശ്യവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു ട്വീറ്റില്‍ മന്ത്രി പറയുന്നത് ഇങ്ങനെയാണ്; നിര്‍ഭാഗ്യവശാല്‍, എന്റെ വാഹനത്തിന് എസ്‌കോര്‍ട് വന്ന വാഹനത്തിലാണ് ലോറി ഇടിച്ചത്. ഒരു സ്റ്റാഫിന്റെ തോളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാസര്‍ എന്ന പേരുള്ള ഡ്രൈവറെ പിടികൂടിയിട്ടുണ്ട്, അയാള്‍ വളരെ ശാന്തനായാണ് കാണപ്പെട്ടത്, മദ്യ ലഹരിയില്‍ ഒന്നുമായിരുന്നില്ല.

ലോറി റോഡിന്റെ വലതുവശത്തായി നിയമവിരുദ്ധമായാണ് പാര്‍ക് ചെയ്തിരുന്നതെന്നും ഞങ്ങളുടെ വാഹനങ്ങള്‍ കണ്ടതോടെ വലിയ വേഗത്തില്‍ ഓടിച്ചു വന്ന് കാറിനിട്ട് ഇടിക്കാനാണ് ശ്രമിച്ചതെന്നും അനന്ദ് കുമാര്‍ ഹെഗ്‌ഡെ ആരോപിക്കുന്നു.

കേന്ദ്രമന്ത്രിയുടെ ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിക്കാരനായ കേന്ദ്രമന്ത്രി ഇത്തരമൊരു ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍