UPDATES

ട്രെന്‍ഡിങ്ങ്

വട്ടമിട്ട് പറന്ന ശ്രീകൃഷ്ണ പരുന്തിന് പിന്നാലെ രണ്ട് വര്‍ഷം മുമ്പ് മരിച്ച സ്ത്രീയും നാമജപ ഘോഷയാത്രയില്‍!

വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍ എന്നുപറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്‌

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടക്കുകയാണ്. നാമജപ ഘോഷയാത്രയ്ക്ക് മുകളില്‍ വട്ടമിട്ട് പറന്ന കൃഷ്ണപരുന്ത് സമരത്തെ അനുഗ്രഹിക്കാനെത്തിയെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വലിച്ചു കീറി ഒട്ടിക്കുന്നതിനിടെ പുതിയ നുണപ്രചരണങ്ങളുമായി സംഘപരിവാര്‍ അനുകൂല സംഘടനകള്‍ സജീവമാകുകയാണ്.

രണ്ട് വര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് നാമജപ ഘോഷയാത്രയുടേതെന്ന നിലയില്‍ പ്രചരിക്കുന്നത്. ‘വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍’ എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ‘വെള്ളാപ്പള്ളി അല്ല ഈഴവരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗുരുദേവന്‍ അല്ലാതെ മറ്റൊരു നേതാവ് ഞങ്ങള്‍ക്കില്ല എന്ന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍’ എന്നും രഘുനാഥ് കെ ബി എന്നയാള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ശംഖൊലി എന്ന ഗ്രൂപ്പ് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇയാള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ വാക്കിന് പുല്ലുവില കല്പിച്ച് sndp പ്രവർത്തകർ എന്നാണ് ശംഖൊലിയുടെ പോസ്റ്റില്‍ പറയുന്നത്. മഞ്ഞ സാരിയുടുത്ത ഒട്ടനവധി സ്ത്രീകള്‍ കൈകൂപ്പി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണാനാകുന്നത്. പ്രത്യക്ഷത്തില്‍ നാമജപ ഘോഷയാത്രയില്‍ നിന്നുള്ളതാണ് ഈ ചിത്രമെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് വെളിപ്പെടുത്തി ബാബു പി എസ് എന്നയാളാണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ അമ്മയുടെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തി അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ഇത് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ. എന്റെ അമ്മ എപ്പോഴാടാ നാമജപ ഘോഷയാത്രയ്ക്ക് പോയത്. ഇത് പോസ്റ്റ് ചെയ്തവനെ ശബരിമലയ്ക്കല്ല ഊളംപാറയ്ക്കാണ് കൊണ്ടുപോകേണ്ടത്’ എന്ന് ബാബു പി എസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നാമജപ ഘോഷയാത്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിന് മണിക്കൂറകള്‍ക്കം തന്നെ ഈ ചിത്രം പ്രചരിക്കാനും ആരംഭിച്ചു. സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനൊപ്പമാണെന്നും, മതം മനുഷ്യരെ ഭിന്നിപ്പിക്കാനുപയോഗിക്കരുത് എന്നുമാണ് വെള്ളാപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സമരം ഇനിയും തുടര്‍ന്നാല്‍ എസ്എന്‍ഡിപി ബദല്‍ പ്രകടനം നടത്തുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു. ‘സ്ത്രീകളേയും കുട്ടികളേയും തെരുവിലിറക്കുന്നവര്‍ക്ക് ഒളിയജണ്ടകള്‍ ഉണ്ട്. തന്ത്രികുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസും മാത്രമല്ല ഹിന്ദുക്കള്‍. ഹിന്ദുക്കളുടെ ഏജന്‍സി ഏറ്റെടുക്കാന്‍ ക്ഷേത്രം ഉപദേശകസമിതികള്‍ ആരാണ്? ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്ത സ്ത്രീകള്‍ പോകാതിരിക്കുകയാണ് വേണ്ടത്.

ശബരിമലയിലെ ആചാരങ്ങളില്‍ ഇതിനുമുമ്പും മാറ്റമുണ്ടായിട്ടുണ്ട്. മകരജ്യോതി തെളിയിക്കുന്നതിനുള്ള പരമ്പരാഗത അവകാശം ആദിവാസികളില്‍ നിന്ന് പിടിച്ചെടുത്തു. ശബരിമലയിലെ പരമ്പരാഗത ആചാരമായ വെടിവഴിപാട് മുഹമ്മ ചീരപ്പന്‍ ചിറയിലെ സുശീല ഗോപാലന്റെ വീട്ടുകാരില്‍ നിന്ന് സവര്‍ണ്ണസമുദായക്കാര്‍ പിടിച്ചെടുത്തു. അന്നൊന്നും ആരും തെരുവിലിറങ്ങിയില്ല.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതായത് 1991 മുതല്‍ മാത്രമാണ്. സ്ത്രീകള്‍ ശബരിമലയില്‍ കയറി വഴിപാട് നടത്തുന്നതിന്റേ യും കുഞ്ഞുങ്ങളുടെ ചോറൂണ് ചടങ്ങ് നടത്തുന്നതിന്റേയും ചിത്രങ്ങളുണ്ട്. സ്ത്രീപ്രവേശനം നിയമം മൂലം തടഞ്ഞപ്പോള്‍ അത് ഇല്ലാതെയായി. ഇപ്പോള്‍ പുതിയൊരു നിയമം വന്നു. അതിന് ഞങ്ങളാരും എതിരല്ല. ഇതിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ജാഥയും പ്രകടനവും നടത്തി സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കച്ചവടമുറപ്പിച്ചുള്ള ചിലരുടെ ശ്രമത്തോട് യോജിക്കാനാകില്ല.

അടുത്ത വിമോചന സമരം നടത്താമെന്നാണ് വിചാരമെങ്കില്‍ ഈ പൊള്ളത്തരത്തിനെതിരായി സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് കേരളം മുഴുവന്‍ പ്രചാരണം നടത്തുന്നതിനെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് ആലോചിക്കേണ്ടിവരും’. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വെള്ളാപ്പള്ളിയ്ക്ക് വന്‍തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. മുന്‍കാലങ്ങളില്‍ വെള്ളാപ്പള്ളിയുടെ നിലപാടുകളെ എതിര്‍ത്തിരുന്നവര്‍ പോലും ഈ വിഷയത്തില്‍ വെള്ളാപ്പള്ളിക്കൊപ്പം നില്‍ക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി അടയ്ക്കാതിട്ടിരിക്കുന്ന എസ്എന്‍ഡിപി വരിസംഖ്യ ഇനി അടയ്ക്കുമെന്നായിരുന്നു ചിലരുടെ പ്രഖ്യാപനം.

വെള്ളാപ്പള്ളിയുടെ പ്രസ്താവന പുറത്തുവന്നതോടെ നാമജപ ഘോഷയാത്ര ആര്‍എസ്എസിന്റെ മാത്രം അജണ്ടയാണെന്നും എന്‍എസ്എസ് അവരുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ ഇരയാകുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം വെള്ളാപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധവുമുണ്ടായി. പറവൂര്‍ മൂത്തകുന്നത്ത് വെള്ളാപ്പള്ളിക്കെതിരെ അസഭ്യവര്‍ഷവും പ്രകടനവും നടത്തിയ ബിജെപിയും ഹിന്ദു ഐക്യവേദിയും അദ്ദേഹത്തിന്റെ കോലവും കത്തിച്ചു. ഇതിനൊപ്പമാണ് ഇപ്പോള്‍ നുണപ്രചരണവും ആരംഭിച്ചിരിക്കുന്നത്.

പിണറായിക്കെതിരെ ജാതി അധിക്ഷേപം വീണ്ടും; ‘ആ ചോ കൂ..മോന്റെ മോന്തയടിച്ച് പറിക്കണ’മെന്ന് ശബരിമല സമരക്കാര്‍

എജ്ജാതി വൈരുദ്ധ്യാത്മക വാദം പദ്മകുമാര്‍ സഖാവേ, കാള്‍ മാര്‍ക്സ് പോലും കരഞ്ഞുപോകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍