UPDATES

ട്രെന്‍ഡിങ്ങ്

ഇനിയും കേരളത്തിന് മേല്‍ കുതിര കേറാന്‍ വരരുത്; ആ കുരുന്നുകളുടെ ജീവന് നിങ്ങള്‍ മറുപടി പറയണം

അറുപത്തിമൂന്ന് കുരുന്നുകളുടെ ജീവനേക്കാള്‍ അപ്പുറം തങ്ങള്‍ക്ക്‌ പ്രാധാന്യം പ്രതിച്ഛായയ്ക്കും അധികാരത്തിനുമാണെന്നാണ്‌ സര്‍ക്കാരിന്റെ ന്യായീകരണത്തില്‍ നിന്നും വ്യക്തമാകുന്നത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാരിന്റെ ഗുരുതരമായ ഭരണ വീഴ്ചയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആദിത്യനാഥിന്റെ  മണ്ഡലമായ ഗൊരഖ്പൂരിലുളള മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തിനകം 63 കുഞ്ഞുങ്ങളാണ് ഓക്‌സിജന്‍ സിലിണ്ടറിന്റെ അപര്യാപ്തത മൂലം ശ്വാസം മുട്ടി മരിച്ചത്. മുഖ്യമന്ത്രി ഈ ആശുപത്രി സന്ദര്‍ശിച്ച് ഒമ്പതാം ദിവസം ഈ കൂട്ടമരണത്തിന്റെ വാര്‍ത്ത പുറത്തുവരുന്നതെന്ന് കൂടി കണക്കാക്കുമ്പോള്‍ അദ്ദേഹം എന്തിനാണ് അവിടെ സന്ദര്‍ശനത്തിന് പോയതെന്ന് ചോദിക്കേണ്ടിവരും.

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ സ്വരം കേരളത്തില്‍ നിന്നും മാത്രമാണ് ഉയരുന്നത്. കേരളത്തില്‍ എന്തു നടക്കുന്നുവെന്നും ഓരോ വിഷയത്തിലും കേരള സര്‍ക്കാരിന്റെ അഭിപ്രായമെന്തെന്നും ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കുന്നുമുണ്ട്. അതിനാല്‍ തന്നെ ബിജെപിയും സംഘപരിവാരും നിരവധി ആരോപണങ്ങളാണ് കേരളത്തിനെതിരെ സമീപകാലങ്ങളിലായി ഉന്നയിക്കുന്നത്. ലോക്‌സഭയില്‍ കേരളത്തെക്കുറിച്ച് എംപി മീനാക്ഷി ലേഖി പറഞ്ഞ അഭിപ്രായം കേരളം ദൈവം കൈവിട്ട നാടാണെന്നാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്. രാഷ്ട്രീയ ശത്രുക്കളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമല്ല കോണ്‍ഗ്രസുകാരെയും സിപിഐക്കാരെ പോലും സിപിഎം കൊലപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. കേരളം വികസനത്തിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ തന്നെ നടത്തുന്ന മുന്നേറ്റത്തിലുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.

ഇപ്പോള്‍ തന്നെ ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണം ഉയര്‍ന്നുവന്നതോടെ വാര്‍ത്തകളുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ ബിജെപി വക്താക്കളെന്ന് അറിയപ്പെടുന്ന ടൈംസ് നൗ ചാനല്‍ അവതാരക ചോദിച്ചത് വന്ദേമാതരം ചര്‍ച്ചയാകുമ്പോള്‍ എന്തിനാണ് കുട്ടികളുടെ മരണം ഉന്നയിച്ച് വിഷയം മാറ്റുന്നതെന്നാണ്. അതായത് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ദേശീയതയെക്കാള്‍ വലുതല്ല 63 കുട്ടികളുടെ മരണമെന്നാണ് ഈ ചാനല്‍ പറയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യമന:സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമുണ്ടായിട്ടും ഇന്നലെ പല ദേശീയ മാധ്യമങ്ങളും ക്വിറ്റ് ഇന്ത്യ വാര്‍ഷികവുമായി ബന്ധപ്പെട്ട സ്‌പോണ്‍സേഡ് പരിപാടികള്‍ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെ വളരെ പ്രകോപനകരമായ ഒരു വിശദീകരണം ഇന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതിനെ ഖേദകരമെന്നാണ് വിളിക്കേണ്ടത്. കുട്ടികള്‍ മരിച്ചത് ശ്വാസംമുട്ടിയല്ല പകരം അസുഖം മൂലമാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് നല്‍കിയ വിശദീകരണം. ഇനി അഥവ അസുഖം മൂലം 63 കുട്ടികള്‍ മരിച്ചെങ്കില്‍ അത് മാതൃകാ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് പോലും അദ്ദേഹം ഓര്‍ക്കുന്നില്ല.

അതേസമയം ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് അയച്ചതായി പുറത്തുവന്ന കത്തില്‍ നിന്നും ഈ വാദം തെറ്റാണെന്ന് വ്യക്തമാകുന്നുണ്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് പണം നല്‍കാനുണ്ടെന്നും ഓഗസ്റ്റ് 10 വരെ ആവശ്യമുള്ള സിലണ്ടറുകള്‍ ആശുപത്രിയില്‍ ഇല്ലെന്നുമാണ് ഈ കത്തുകളുടെ ഉള്ളടക്കം. ഓഗസ്റ്റ് മൂന്ന്, പത്ത് തിയതികളില്‍ അയച്ച കത്തുകളാണ് പുറത്തുവന്നത്. ഈമാസം ആദ്യം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയെ സ്വാഭാവികമായും ഈ വിവരം അധികൃതര്‍ അറിയിച്ചിട്ടുണ്ടാകും അല്ലെങ്കില്‍ ഈ പ്രശ്‌നം ആദിത്യനാഥിന് തന്നെ നേരിട്ട് മനസിലായിട്ടും ഉണ്ടാകും. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ ദുരന്തത്തിന് പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. യുപിയില്‍ നടന്നത് ദുരന്തമല്ല കൂട്ടക്കൊലയാണെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി പറയുന്നത് ഇതിനാലാണ്. ഈ അറുപത്തിമൂന്ന് കുരുന്നുകളുടെ ജീവനേക്കാള്‍ അപ്പുറം തങ്ങള്‍ക്ക്‌ പ്രാധാന്യം പ്രതിച്ഛായയ്ക്കും അധികാരത്തിനുമാണെന്നാണ്‌ സര്‍ക്കാരിന്റെ ന്യായീകരണത്തില്‍ നിന്നും വ്യക്തമാകുന്നത്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ രാജിയ്ക്കായുള്ള ആവശ്യം ഉയരുന്നതും ഇതിനാലാണ്. ബീഫിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കൊലപാതകങ്ങള്‍ പിന്നാലെയാണ് ഈ 63 കുരുന്നുകളുടെ ജീവനും അപഹരിക്കപ്പെട്ടതെന്ന് യുപിയിലെ ബിജെപി സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ട്.

കേരള സര്‍ക്കാരിന്റെ കേരളം നമ്പര്‍ 1 പരസ്യം ദേശീയ തലത്തില്‍ ശ്രദ്ധനേടിയത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന് ചെറിയ തോതിലുള്ള പ്രകോപനമല്ല സൃഷ്ടിച്ചത്. സിപിഎം ഭരിക്കുന്ന കേരളം വിവിധ മേഖലകളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് തെളിയിക്കുന്ന ഈ പരസ്യം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. യുപിയിലെ കുരുന്നുകളുടെ മരണം കേരളം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുമ്പോഴും ഈ പരസ്യത്തിന് വേണ്ടി ചെലവഴിച്ച പണത്തെക്കുറിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്. കേരളത്തിലെ പനിമരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ പനി മരണം പോലെയല്ല ഈ കുരുന്നുകളുടെ മരണമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വ്യക്തമാണ്. കേരള സര്‍ക്കാരിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ കൊതുകിനെയും അതുമൂലമുള്ള പനി മരണങ്ങളും നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.

കേരളം കൊലപാതകങ്ങളുടെ നാടാണെന്നാണ് ബിജെപി വക്താവ് പരസ്യം വന്നതിന് ശേഷം ആരോപിച്ചത്. സിഎം എന്നാല്‍ ഇവിടെ ചീഫ് മര്‍ഡറര്‍ ആണെന്നും അദ്ദേഹം പരിഹസിക്കുന്നു. ഉത്തര്‍പ്രദേശിന്റെ സിഎം ആയ ആദിത്യനാഥിന്റെ കാര്യത്തിലെങ്കിലും ബിജെപി വക്താവിന്റെ വാക്കുകള്‍ ശരിയാണ്. യുപിയില്‍ സംഭവിച്ചത് കേവലം ആറ് ദിവസം കൊണ്ട് സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ മൂലമുള്ള കൂട്ടക്കുരുതിയാണ്. അതുകൊണ്ട് തന്നെ കേരളത്തിന് മേല്‍ കുതിര കേറാന്‍ വരുന്ന സംഘപരിവാറുകാര്‍ ആ കുരുന്നുകളുടെ ജീവന് മറുപടി പറയേണ്ടിവരും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍