UPDATES

മസൂദ് അസ്ഹർ ആഗോള ഭീകരന്‍; ഫലം കണ്ടത് ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദ്ദം

ചൈന തുടർന്ന് വന്നിരുന്ന വിരുദ്ധ നിലപാടിൽ നിന്നും പിന്നോട്ട് പോയതോടെയാണ് പ്രഖ്യാപനം.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകര നേതാവ് മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ടസഭ രക്ഷാസമിതി. ഇന്ത്യയുടെ നിരന്തര ആവശ്യത്തിനാണ് ഇപ്പോൾ ഐക്യരാഷ്ടസഭ രക്ഷാസമിതിയുടെ അംഗീകാരം ലഭിച്ചത്. വിഷയത്തിൽ ചൈന തുടർന്നു വന്നിരുന്ന വിരുദ്ധ നിലപാടിൽ നിന്നും പിന്നോട്ട് പോയതോടെയാണ് പ്രഖ്യാപനം സാധ്യമായത്. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ് പ്രഖ്യാപനം.

കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യ വിട്ടയച്ച മസൂദ് അസ്ഹര്‍ പാകിസ്താനിലെ ബഹവല്‍പൂര്‍ കേന്ദ്രമായി 2000ല്‍ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുകയായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 14ലെ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം വരെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തമാണ് ഇതുവരെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിട്ടുള്ളത്.

മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതോടെ അയാളുടെ പേരിൽ ലോകരാജ്യങ്ങളിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കപ്പെടും. ഇന്ത്യ, യുഎസ്, ബ്രിട്ടൻ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുയർത്തിയ കടുത്ത സമ്മർദ്ദങ്ങൾക്കു ശേഷമാണ് മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാൻ ചൈന വഴങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞയാഴ്ച ബീജിങ്ങിൽ വെച്ച് ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ നയതന്ത്രമാറ്റം വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ നയതന്ത്രവിജയമായാണ് ഐക്യരാഷ്ട്രസഭയുടെ ഈ നടപടിയെ നോക്കിക്കാണേണ്ടത്.

ഐക്യരാഷ്ട്ര സഭയുടെ ഇസ്ലാമിക് സ്‌റ്റേറ്റ് ആന്റ് അല്‍ ഖ്വയ്ദ സാങ്ഷന്‍സ് കമ്മിറ്റിയാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചത്. ഇയാളെ ഭീകരനായി മുദ്ര കുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാന്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് സമ്മര്‍ദ്ദം ശക്തമാക്കിയത്.

പുല്‍വാമ ആക്രമണത്തിന് ശേഷമാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു ചൈനയെടുത്ത നിലപാട്.

1990 കളില്‍ ഇന്ത്യയുടെ പിടിയിലായ മസൂദ് അസ്ഹറിനെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയതിന് ശേഷമാണ് മോചിപ്പിക്കേണ്ടിവന്നത്. 1999 ഡിസംബര്‍ 31 നായിരുന്നു മസൂദിനെ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടി വിട്ടയക്കേണ്ടി വന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. 2001ലാണ് ജെയ്‌ഷെ മുഹമ്മദിനെ ഐക്യരാഷ്ട്ര സഭ നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നത്.

പുല്‍വാമ ആക്രമണത്തിന് മുമ്പ് നടന്ന പത്താന്‍ കോട്ട് വ്യോമ സേന കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം, പാര്‍ലമെന്റ് ആക്രമണം, ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം എന്നിവ ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് കരുതുന്നത്.

50 കാരനായ മസൂദ് അസഹര്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അയാളുടെ സഹോദരങ്ങളായ അത്തര്‍ ഇബ്രാഹിം, റൗഫ് അസ്ഗര്‍ എന്നിവരുടെ സഹായത്തോടെയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനിലെ ഭാവല്‍പൂരിലെ കേന്ദ്രത്തില്‍നിന്നാണ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍