തൂപ്പ് ജോലി ചെയ്യുന്നവരെ അപമാനിക്കുന്നതാണ് രമ്യയുടെ വാക്കുകളെന്നാണ് വിമര്‍ശനം
സംസ്ഥാന പൊലീസ് മേധാവിയെ വിമര്‍ശിക്കാന്‍ നടത്തിയ പ്രസ്താവന ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് തിരിച്ചടിയാകുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ കേസ് എടുക്കില്ലെന്ന ഡിജിപി പറഞ്ഞതിനു പിന്നാലെയാണ് ലോക്‌നാഥ് ബെഹ്‌റയെ വിമര്‍ശിച്ച് രംഗത്തു വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാണു എന്നായിരുന്നു രമ്യയുടെ ആക്ഷേപം. നിയമ നടപടികളുമായി താന്‍ മുന്നോട്ടു പോകുമെന്നും രമ്യ പറയുന്നുണ്ട്.
അതേസമയം തൂപ്പ് ജോലി ചെയ്യുന്നവരെ അപമാനിക്കുകയാണ് രമ്യ ഹരിദാസ് തന്റെ വിമര്‍ശനത്തിലൂടെ ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ പരാതി. ഏതൊരു ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്നും തൂപ്പുകാര്‍ തരം താണവരാണെന്നാണ് രമ്യ ഹരിദാസ് പറഞ്ഞിരിക്കുന്നതെന്നും ഈ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പലരും ആവശ്യപ്പെട്ടു. ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടികളും പറയുന്ന രമ്യക്ക് തൂപ്പ് ജോലി ചെയ്യുന്നവരെ അപമാനിക്കാന്‍ എങ്ങനെ തോന്നിയെന്ന ചോദ്യവും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരേ ഉയരുന്നുണ്ട്.
പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോഴായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും അതിനുശേഷം ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും അതിനുശേഷം ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീറുടെ പരിഹാസം. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വിജയരാഘവനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി രമ്യ പൊലീസില്‍ പരാതിയും നല്‍കി. ഈ പരാതിയില്‍ തേടിയ നിയമോപദേശത്തിലാണ് വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കേസ് എടുക്കേണ്ട കാര്യമില്ലെന്നും പൊലീസ് മേധാവിക്ക് അറിയിപ്പ് കിട്ടിയത്.
എന്നാല്‍ പൊലീസ് മേധാവിക്ക് കിട്ടിയ നിയമപോദേശം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയതാണെന്നും തന്റെ കാര്യത്തില്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്നും കടുത്ത നീതി നിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും എങ്കിലും കോടതിയില്‍ നിന്നും തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് പറയുന്നു.