UPDATES

ട്രെന്‍ഡിങ്ങ്

അബുലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്നതിന്റെയും ചിത്രം പുറത്ത്

അതേസമയം അബു ലൈസുമായി വ്യക്തിബന്ധമോ ബിസിനസ് ബന്ധമോ ഇല്ലെന്നാണ് ഇരുവരും പറയുന്നത്‌

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ കോഫെപോസെ ചുമത്തപ്പെട്ട അബു ലൈസിനൊപ്പം സിപിഎം എംഎല്‍എമാര്‍ നില്‍ക്കുന്നതിന്റെ ചിത്രം വിവാദമായതിന് പിന്നാലെ ഇയാള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും നില്‍ക്കുന്നതിന്റെ ചിത്രവും പുറത്ത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ക്കൊപ്പം ലൈസ് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് 2016 ഏപ്രില്‍ മാസത്തില്‍ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ചിത്രമെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം അബു ലൈസുമായി വ്യക്തിബന്ധമില്ലെന്ന് സിദ്ദിഖ് അറിയിച്ചു. താന്‍ ദുബൈയില്‍ പോയത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണെന്നും സിദ്ദിഖ് വ്യക്തമാക്കി. ലൈസുമായി വ്യക്തിബന്ധമോ ബിസിനസ് ബന്ധമോ ഇല്ലെന്ന് പികെ ഫിറോസും ഒരു സ്വകാര്യ ചാനലിനെ അറിയിച്ചു.

ഇതിനിടെ കേസിലെ പിടികിട്ടാപ്പുള്ളിയായ അബു ലൈസിന് മൂന്ന് തവണ നാട്ടിലെത്താനുള്ള സഹായം പോലീസില്‍ നിന്നു തന്നെയുണ്ടായിട്ടുണ്ടെന്നതിന് ഡിആര്‍ഐയ്ക്ക് തെളിവുകള്‍ ലഭിച്ചു. മൂന്ന് തവണ കൊടുവള്ളിയിലെ വീട്ടില്‍ വരികയും മടങ്ങുകയും ചെയ്തപ്പോഴും വിവരം പോലീസും രഹസ്യാന്വേഷണ വിഭാഗവും ഡിആര്‍ഐയില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് വഴി കേരളത്തിലെത്താനും ഇയാള്‍ ശ്രമം നടത്തിയെങ്കിലും യുപി പോലീസ് പിടികൂടിയതോടെ രാഷ്ട്രീയ ഇടപെടലിലൂടെ രക്ഷപ്പെട്ട് തിരികെ പോകുകയായിരുന്നു. അതേസമയം കുന്നമംഗലം, കൊടുവള്ളി എംഎല്‍എമാരുമായി ഇയാള്‍ക്കുണ്ടായിരുന്ന സൗഹൃദങ്ങള്‍ തെളിയിക്കാന്‍ കൂടുതല്‍ ചിത്രങ്ങളും ഡിആര്‍ഐയ്ക്ക് ലഭിച്ചു.

കാഠ്മണ്ടു വഴി ഉത്തര്‍പ്രദേശിലൂടെയാണ് ലൈസ് കേരളത്തിലെത്തിയിരുന്നത്. ലുക്ക്ഔട്ട് നോട്ടീസ് ഉള്ള ഇയാളെ ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയെങ്കിലും മണിക്കൂറുകള്‍ക്കകം കേരളത്തിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിളിയെത്തുകയും പ്രമുഖ ഇടതു നേതാവിനൊപ്പമുള്ള ഫോട്ടോ കാണിച്ച് സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ലൈസ് നാട്ടിലുണ്ടെന്ന വിവരം ഡിആര്‍ഐ അറിയിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞില്ലെന്നും ആരോപണമുണ്ട്. വരവും പോക്കും അധികൃതരെ അറിയിക്കാതെ രഹസ്യാന്വേഷണ വിഭാഗവും ഒത്തുകളിച്ചെന്നാണ് ആരോപണം.

2016 ജൂണില്‍ ദുബൈയിലെത്തിയ സിപിഎം എംഎല്‍എമാര്‍ക്ക് വേണ്ടി അബു ലൈസും സുഹൃത്തുക്കളുമാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. ഇവരെ വിമാനത്താവളത്തില്‍ സ്വീകരിച്ചതും യാത്രയാക്കിയതും അബു ലൈസും സംഘവുമായിരുന്നു. ജനജാഗ്രത യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍