UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്ര സര്‍ക്കാര്‍ നേട്ടം പറയാന്‍ വീണ്ടും വ്യാജചിത്രം; ഇത്തവണ കൂട്ടുപിടിച്ചത് റഷ്യയിലെ വെളിച്ചം നിറഞ്ഞ റോഡ്‌

കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഇതു രണ്ടാം തവണയാണ് വ്യാജചിത്രം ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നത്

ഈ വര്‍ഷം ജൂണില്‍ ഊര്‍ജ്ജ, കല്‍ക്കരി-ഖനി വകുപ്പ് മന്ത്രി തന്റെ ടിറ്റ്വറില്‍ ഒരു ചിത്രം ഉപയോഗിച്ച് ഇന്ത്യയുടെ ഒരു വലിയ നേട്ടം പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി മികച്ച ഗുണനിലവാരമുള്ള കല്‍ക്കരി ഉത്പാദിക്കാന്‍ നമുക്ക് കഴിയുന്നതുകൊണ്ട് ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചു. ഇതുവഴി വിദേശമൂല്യമനുസരിച്ച് 25,900 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു എന്നായിരുന്നു പ്രസ്തുത ചിത്രം ഉപയോഗിച്ച് മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. ഖനി മന്ത്രാലയത്തിന്റെ ഉജ്വല്‍ ഭാരതിന്റെ വെബ്‌സൈറ്റിലും ഇതേ ചിത്രം ഉപയോഗിച്ചിരുന്നു. തൊട്ടുപിന്നാലെ മന്ത്രിയുടെ കള്ളത്തരം കണ്ടെത്തി. ചത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലെ കുസുമന്ദയിലുള്ള ഖനിയുടെ ചിത്രം എന്ന നിലയിലായിരുന്നു മന്ത്രിയും മന്ത്രാലയവും അവരുട നേട്ടങ്ങള്‍ പറയാനായി ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഖനികളില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ ഉള്ളതാണ്. ഫോട്ടോ ജേര്‍ണലിസ്റ്റും ഗവേഷകയും ആക്ടിവിസ്റ്റുമായ അരുണ ചന്ദ്രശേഖര്‍ പകര്‍ത്തിയ ചിത്രം. കള്ളത്തരം പിടിക്കപ്പെട്ടതോടെ മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ട്വിറ്ററില്‍ നിന്നും ചിത്രം നീക്കം ചെയ്യപ്പെട്ടു.

അബദ്ധവശാല്‍ സംഭവിച്ച ഒന്നായിരുന്നില്ല ആ കള്ളത്തരമെന്ന് ഇപ്പോള്‍ അതേ മന്ത്രിയുടെ മറ്റൊരു നടപടിയിലൂടെ വ്യക്തമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് വൈദ്യിതീകരിച്ചതായി കാണിക്കാന്‍ പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വ്യാജ ചിത്രങ്ങള്‍. റഷ്യയിലെ ഒരു റോഡിന്റെ ചിത്രമാണ് മന്ത്രി കേന്ദ്ര ഭരണത്തിന്റെ മേനി പറയാന്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. കള്ളി വെളിച്ചത്തായപ്പോള്‍ പതിവുപോലെ ചിത്രം നീക്കം ചെയ്തു. സംഭവിച്ച തെറ്റു ചൂണ്ടിക്കാണിച്ചതില്‍ അദ്ദേഹം സോഷ്യല്‍ മീഡിയയോട് നന്ദി പറയുകയും ചെയ്തു.

ആനംസ്റ്റി ഇന്റര്‍നാഷണല്‍ എന്ത് ഉദ്ദേശത്തിലാണോ കുസുമന്ദയിലെ ഖനിയുടെ ചിത്രം പകര്‍ത്തിയത് അതിന്റെ നേര്‍വിപരീതമായ കാര്യങ്ങള്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അതേ ചിത്രം തങ്ങളുടെ നേട്ടം കാണിക്കാന്‍ ഉപയോഗിച്ചതിനെതിരേ രൂക്ഷമായ പരിഹാസമാണ് അന്നുയര്‍ന്നത്.

ഈ ചിത്രം ഉള്‍പ്പെടുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നയാളാണു ഖനി മന്ത്രി പിയൂഷ് ഗോയല്‍. ഈ റിപ്പോര്‍ട്ട് യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഇന്ത്യയുടെ വികസനവും അഭിവൃദ്ധിയും കാണാത്തവരുമാണെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ അതേ മന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രാലയത്തിനും റിപ്പോര്‍ട്ടിലെ ഒരു ഫോട്ടോ മോഷ്ടിക്കാന്‍ യാതൊരു മടിയുമില്ലായിരുന്നുവെന്നാണ് അരുണ ചന്ദ്രശേഖര്‍ പരിഹസിച്ചത്.

ഇത്തരം മോഷണങ്ങള്‍ ഊര്‍ജ വകുപ്പിനുമേല്‍ മാത്രം ചുമത്തേണ്ട. ആഭ്യന്തര മന്ത്രാലയവും ഇക്കാര്യത്തില്‍ ഒപ്പമുണ്ട്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ഫ്ലഡ് ലൈറ്റുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ രാത്രികാല ചിത്രമെന്ന നിലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചത് സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലേതായിരുന്നു. 2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രഫറായ സാവിയേര്‍ മോയാനോ പകര്‍ത്തിയ ചിത്രമാണ് ഇന്ത്യന്‍ ആഭ്യന്ത്രമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലേതെന്നു പറഞ്ഞു നല്‍കിയത്.

സര്‍ക്കാര്‍ മാത്രമല്ല, ബിജെപിയും സംഘപരിവാറും പലപ്പോഴും തങ്ങളുടെ രാഷ്ട്രീയം രാജ്യത്ത് ഉണ്ടാക്കുന്ന വികസനങ്ങള്‍ കാണിക്കാന്‍ വിദേശരാജ്യങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുകയും സോഷ്യല്‍ മീഡിയ അതിനെ കൈയോടെ പിടികൂടുന്നതും നിത്യസംഭവമാണ്. പ്രധാനമായും ഗുജറാത്തിനെ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമായി കാണിക്കാനുള്ള ബിജെപി-സംഘപരിവാര്‍ ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പൊളിഞ്ഞുവീഴുന്നത്.

Also Read: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെള്ളം കയറിയതായി പ്രചരിപ്പിച്ച ഫോട്ടോ ചെന്നൈയിലേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍