UPDATES

ട്രെന്‍ഡിങ്ങ്

നാട്ടുകാരെ പോലെ അവളും അയാളെ ‘ബഡാ ഭായ്’ എന്ന് വിളിച്ചു; ഉന്നാവോ കേസ് പ്രതിയ്ക്ക് ജയിലിലും ദര്‍ബാര്‍

സെന്‍ഗാറിന്റെ കേസില്‍ വിചാരണ കേള്‍ക്കാന്‍ പോലും തയ്യാറല്ലെന്നാണ് ജഡ്ജിമാര്‍ പറയുന്നത്.

ഉന്നാവോ കേസ് ആണ് രാജ്യമെമ്പാടും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജോലി ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പ് നല്‍കി പീഡിപ്പിച്ച ശേഷവും ക്രൂരതകള്‍ ഓരോന്നായി അവളുടെ ജീവിതത്തില്‍ ആവര്‍ത്തിക്കുകയാണ് കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗര്‍. കേസുകളില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാതെ പൊരുതിയ പെണ്‍കുട്ടിയാകട്ടെ ഇപ്പോള്‍ ജീവിതത്തോട് മല്ലിടുകയാണ്.

കുല്‍ദീപ് സിങ് സെന്‍ഗര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതോടെ ആദ്യം ശബ്ദം ഉയര്‍ത്തിയത് അവളുടെ പിതാവായിരുന്നു. അതില്‍ നടപടിയുണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയായി. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. അതോടെ അമ്മാവന്റെ സഹായത്തോടെയായി അവളുടെ പോരാട്ടം.

2017 ജൂണ്‍ നാലിനാണ് അവളുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. ശശി സിങ് എന്ന സ്ത്രീയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി കുല്‍ദീപ് സിങിനെ കാണാന്‍ പോയത്. നാട്ടുകാരെ പോലെ അവളും അയാളെ ‘ബഡാ ഭായ്’ എന്നാണ് വിളിച്ചിരുന്നത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് അയാള്‍ അവളുടെ ശരീരത്തിനും മനസിനും ക്ഷതമേല്‍പ്പിച്ചു. അതിന് ശേഷമായിരുന്നു തുടര്‍ച്ചയായ അപമാനവും വേട്ടയാടലും. പെണ്‍കുട്ടിയുടെ അച്ഛനെ എംഎല്‍എയും സംഘവും തല്ലിച്ചതയ്ക്കുന്നത് കണ്ടുവെന്ന് സാക്ഷി പറഞ്ഞ യൂനുസ് എന്നയാളെയാണ് പിന്നീട് മരിച്ചത്. കഴിഞ്ഞഓഗസ്റ്റിലായിരുന്നു അത്. ദേഹം തളര്‍ന്നു മരിച്ച യൂനുസിന്റെ സംസ്‌കാരം കേസ് അന്വേഷിക്കുന്ന സിബിഐയെപ്പോലും അറിയിക്കാതെയാണ് നടത്തിയത്. പെണ്‍കുട്ടിയ്ക്ക് സഹായമായിരുന്ന അമ്മവനെയും ഇതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ മോഷണം മുതല്‍ വധശ്രമം വരെയുള്ള 12 കേസുകളാണ് പെണ്‍കുട്ടിയുടെ അമ്മാവനെതിരെ ചുമത്തപ്പെട്ടിരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പായിരുന്നു റായ്ബറേലിയിലുണ്ടായ അപകടമെന്ന് ബന്ധുക്കള്‍ പറയുന്നു. കാരണം അവര്‍ക്ക് സെന്‍ഗറിനെ നന്നായറിയാം. ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാനുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടിയും രണ്ട് അമ്മായിമാരും വക്കീലും. രണ്ട് ബന്ധുക്കളും മരിച്ചപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ഗുരുതരാവസ്ഥയിലും വക്കീല്‍ പരിക്കേറ്റും ആശുപത്രിയില്‍ കഴിയുകയാണ്. ഇതോടെ ഉന്നാവോ കേസുമായി ബന്ധപ്പെട്ട മരണം നാല് ആയി. മരിച്ച അമ്മായിമാരില്‍ ഒരാള്‍ ജയിലില്‍ കഴിയുന്ന അമ്മാവന്റെ ഭാര്യയാണ്. സിബിഐ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഇവരായിരുന്നു. പീഡനക്കേസില്‍ ജയിലിലാണെങ്കിലും ഇപ്പോഴും രാഷ്ട്രീയമടക്കം, ഉന്നാവിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് സെന്‍ഗര്‍ തന്നെയാണ്. പെണ്‍കുട്ടിയുടെ യാത്രാ വിവരങ്ങള്‍ സെന്‍ഗറിനെ അറിയിച്ചത് കോടതി അവര്‍ക്ക് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ പോലീസുകാരാണെന്ന ആരോപണം ഉയരുന്നതും ഇയാളുടെ രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്താണ്.

ഇതിനിടെ സെന്‍ഗാറിന്റെ കേസില്‍ വിചാരണ കേള്‍ക്കാന്‍ പോലും തയ്യാറല്ലെന്നാണ് ജഡ്ജിമാര്‍ പറയുന്നത്. എംഎല്‍എ പണം കൊടുത്ത് സ്വാധീനിച്ചതാണോ അതോ കേസുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോരുത്തരും തുടര്‍ച്ചയായി കൊല്ലപ്പെടുകയോ നിരന്തരം ആക്രമിക്കപ്പെടുകയോ ചെയ്യുന്നതാണോയെന്ന് വ്യക്തമല്ല.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉന്നാവ് മണ്ഡലത്തില്‍ സിറ്റിംഗ് എംപി സാക്ഷി മഹാരാജിനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാല്‍ ജയിലില്‍ കിടന്നും സെന്‍ഗര്‍ നടത്തിയ വിലപേശലില്‍ ബിജെപിയ്ക്ക് വഴങ്ങേണ്ടി വന്നു. സാക്ഷിയ്ക്കായി ഇയാളുടെ ഭാര്യയാണ് വോട്ട് പിടിക്കാനിറങ്ങിയത്. നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സാക്ഷി ജയിച്ചത്. സിതാംപൂര്‍ ജയിലിലെത്തി സാക്ഷി ഇതിന് സെന്‍ഗാറിനോട് നന്ദിയും പറഞ്ഞു. ജയിലില്‍ കിടന്നും നേടിയെടുത്ത ഈ വിജയത്തോടെ ഉത്തര്‍പ്രദേശ് ബിജെപിയില്‍ സെന്‍ഗറിന് എതിര്‍ ശബ്ദങ്ങളില്ലാതായി. ബലാത്സംഗവും കൊലപാതകവും ഗുണ്ടായിസവും പോലുള്ള വന്‍കിട കുറ്റകൃത്യങ്ങള്‍ നടത്തിയിട്ട് പോലും ഇയാളെ പാര്‍ട്ടി ഇയാളെ ഇത്രനാളും പുറത്താക്കാതിരുന്നതിനും കാരണവും മറ്റൊന്നല്ല.

കേസിലെ തെളിവുകളോരോന്നായി നിരത്തിയിട്ടും ഒരുവര്‍ഷത്തോളം ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടാതിരുന്നതും ഇതുകൊണ്ട് തന്നെ. ഒടുവില്‍ അലഹബാദ് കോടതിയുടെ കര്‍ശന താക്കീത് വന്നതോടെയാണ് സെന്‍ഗര്‍ അറസ്റ്റിലായത്. ആദ്യം ഉന്നാവയിലെ ജില്ലാ ജയിലില്‍ കഴിഞ്ഞ ഇയാള്‍ നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് സ്വയം തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി ജയിലിലും തുടര്‍ന്നു. ഉന്നാവിലെ ജയിലില്‍ ദര്‍ബാര്‍ തന്നെയാണ് ഇയാള്‍ തയ്യാറാക്കിയിരുന്നത്. ഇതിനെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ ഉന്നാവില്‍ നിന്നും സിതാംപുരിലെ ജയിലിലേക്ക് മാറ്റി. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ അവിടെയും കാര്യങ്ങള്‍ സെന്‍ഗറിന് അനുകൂലമായിരുന്നുവെന്നാണ് ഇപ്പോഴത്തെ അപകടം തെളിക്കുന്നത്. ജയിലിനുള്ളില്‍ എംഎല്‍എയ്ക്ക് ഫോണ്‍ സൗകര്യം ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നുണ്ടെന്നാണ് വിവരം.

read more:‘നൗഷാദിനെ എസ്ഡിപിഐ ടാര്‍ഗറ്റ് ചെയ്തിരുന്നു, അവന്റെ സാന്നിധ്യം തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാണെന്ന് അറിഞ്ഞുള്ള കൊലപാതകമാണിത്’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍