UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗിക ആരോപണത്തെക്കുറിച്ച് ചോദിച്ചു: മാതൃഭൂമി എടുത്ത വീഡിയോ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചെന്ന് ആരോപണം

പൊതുജനങ്ങൾ ഇല്ലാത്ത ആ പൊളിഞ്ഞ കെട്ടിടത്തിലെ സെറ്റിൽനിന്ന് പുറത്ത് പോകണമെങ്കിൽ കാർഡ് ഡിലീറ്റ് ചെയ്യണം എന്നായിരുന്നു ഉണ്ണി മുകുന്ദന്റെയും ഗുണ്ടകളുടെയും ഭീഷണി

ഒരു പെണ്‍കുട്ടി തന്നെക്കുറിച്ച് നല്‍കിയ ലൈംഗിക ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായ നടന്‍ ഉണ്ണി മുകുന്ദന്‍ മാതൃഭൂമി ചാനല്‍ ഷൂട്ട് ചെയ്ത വീഡിയോ മുഴുവന്‍ ഡിലീറ്റ് ചെയ്യിച്ചു. ചാണക്യതന്ത്രം എന്ന ചിത്രത്തിന്റെ സെറ്റില്‍ നടന്ന ഒരു ആഘോഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ഷണം ലഭിച്ചെത്തിയ മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ ലിഷോയ് മുണ്ടനാട്ടിനും ക്യാമറാമാന്‍ നിഖില്‍ ജോസഫിനുമാണ് ഉണ്ണി മുകുന്ദന്റെയും ഗുണ്ടകളുടെയും ഭീഷണിയെ തുടര്‍ന്ന് ഷൂട്ട് ചെയ്തത് മുഴുവന്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നത്.

തോപ്പുംപടിയിലെ ഒരു തകര്‍ന്ന കെട്ടിടത്തിനകത്തായിരുന്നു സെറ്റ്. ആഘോഷത്തിന്റെ ഷൂട്ടിംഗ് എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഉണ്ണി മുകുന്ദന്റെ ബൈറ്റ് എടുത്തപ്പോഴാണ് പ്രകോപനകരമായ സംഭവമുണ്ടായത്. ഉണ്ണി അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന ചിത്രത്തെക്കുറിച്ചായിരുന്നു ആദ്യ രണ്ട് ചോദ്യങ്ങളുമെന്ന് ലിഷോയ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മൂന്നാമത്തെ ചോദ്യമാണ് നടനെ പ്രകോപിപ്പിച്ചത്. ‘താങ്കള്‍ക്കെതിരെ ഒരു യുവതി ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ എന്താണ് അതിന്റെ സത്യാവസ്ഥ? എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

ഇതോടെ ഉണ്ണിയുടെ ടെമ്പര്‍ തെറ്റിയെന്നും ‘നിങ്ങള്‍ എന്തിനാണ് അത് ചോദിക്കുന്നത്, ഇതൊന്നും ചോദിക്കുമെന്ന് നേരത്തെ അറിയിച്ചില്ലല്ലോ, അതൊന്നും അങ്ങനെ പറയാന്‍ പറ്റില്ല’ എന്ന് പറഞ്ഞുവെന്നും പോസ്റ്റില്‍ ലിഷോയ് വ്യക്തമാക്കുന്നു. അയാള്‍ക്ക് താല്‍പര്യമില്ലെന്ന് കണ്ട് താന്‍ മൈക്ക് മാറ്റുകയും ക്യാമറ കട്ട് ചെയ്യാന്‍ പറയുകയും ചെയ്തു. താല്‍പര്യമില്ലാത്ത ഭാഗം സംപ്രേക്ഷണം ചെയ്യില്ലെന്നും പറഞ്ഞു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ നടന്‍ തയ്യാറായില്ല. എല്ലാം ഡിലീറ്റ് ചെയ്യാതെ പുറത്തുവിടില്ലെന്നായിരുന്നു ഭീഷണി. താന്‍ പ്രൊഡ്യൂസറോട് കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ മുപ്പതോളം പേര്‍ ക്യാമറമാനെ വളഞ്ഞു നിന്ന് കാര്‍ഡ് ഡിലീറ്റ് ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊതുജനങ്ങള്‍ ഇല്ലാത്ത ആ പൊളിഞ്ഞ കെട്ടിടത്തില്‍ നിന്നും പുറത്തു പോകണമെങ്കില്‍ കാര്‍ഡ് ഡിലീറ്റ് ചെയ്യേണ്ട അവസ്ഥയായിരുന്നു തങ്ങള്‍ക്കെന്നും ഒടുവില്‍ കാര്‍ഡ് ഡിലീറ്റ് ചെയ്ത ശേഷമാണ് ഞങ്ങളെ പുറത്തുവിട്ടതെന്നും ലിഷോയിയുടെ പോസ്റ്റില്‍ പറയുന്നു.

‘ആരും വിളിക്കാതെ വലിഞ്ഞുകയറിയില്ല ക്ഷണിച്ചിട്ടാണ് അവിടെ വന്നത്. നിങ്ങളുടെ സ്വകാര്യതയിലും അല്ല ഞാന്‍ മൈക്ക് വച്ചത്. സ്വകാര്യ നിമിഷങ്ങള്‍ ആയിരുന്നെങ്കില്‍ മാധ്യമങ്ങളെ വിളിക്കരുത്. പിന്നെ നിങ്ങളെ സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ എന്നെ കിട്ടില്ല. മറുപടി ഇല്ലെങ്കില്‍ അതുപറഞ്ഞ് ഒഴിവാക്കാം അല്ലാതെ തടഞ്ഞുവച്ചു ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചാല്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാം എന്ന് കരുതിയെങ്കില്‍ തെറ്റി. ചോദിക്കാനുള്ളത് മുഖത്ത് നോക്കിതന്നെ ചോദിക്കും ഇനിയും, ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ജോലി. അതിന്റെ പേരില്‍ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും നിലപാടില്‍ നിന്ന് പിന്നോട്ട്‌പോകില്ല’ എന്ന് ഉണ്ണി മുകുന്ദനെ ഓര്‍മ്മിപ്പിച്ചാണ് ലിഷോയിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ലിഷോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദന്റെ സിനിമാ സെറ്റിൽ വച്ചുണ്ടായ ഒരനുഭവം എല്ലാവരുമായി പങ്കുവെക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌

മാതൃഭൂമി ന്യൂസ്‌ ചാനലിലെ റിപ്പോർട്ടറായ ഞാനും ക്യാമറമാൻ നിഖിൽ ജോസഫും ചേർന്ന് ചാണക്യതന്ത്രം എന്ന സിനിമയുടെ സെറ്റിൽ പോയി… വെറുതെ വലിഞ്ഞുകേറി ചെന്നതല്ല ആ ചിത്രത്തിന്റെ പി ആർ ഒ യും പ്രൊഡക്ഷൻ കോൺട്രോളറും വിളിച്ച് അവിടെ നടക്കുന്ന സെലിബ്രേഷൻ ഒരു വർത്ത ചെയ്യണം എന്ന് പറഞ്ഞിട്ട് പോയതാ. തോപ്പുംപടിയിൽ ഒരു തകർന്ന കെട്ടിടത്തിനകത്തെ സെറ്റിൽ എത്തി സംഭവം ഷൂട്ട്‌ ചെയ്തു തുടർന്ന് ഉണ്ണി മുകുന്ദന്റെ ഒരു ബൈറ്റ് എടുക്കാൻ തീരുമാനിച്ചു

മാസ്റ്റർപീസ് എന്നാ ചിത്രത്തെകുറിച്ചായിരുന്നു ആയിരുന്നു 2 ചോദ്യങ്ങൾ. മൂന്നാമത്തെ ചോദ്യമാണ് നടനെ പ്രകോപിപ്പിച്ചത്

താങ്കൾക്കെതിരെ ഒരു യുവതി ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് കോടതിയിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ എന്താണ് അതിന്റെ സത്യാവസ്ഥ.. ???

ഇത് കേട്ടതും ഉണ്ണി മുകുന്ദന്റെ ടെംപർ തെറ്റി.. “നിങ്ങൾ എന്തിനാണ് അത് ചോദിക്കുന്നത്, ഇതൊന്നും ചോദിക്കുമെന്ന് നേരത്തെ അറിയിച്ചില്ലല്ലോ, അതൊന്നും അങ്ങനെ പറയാൻ പറ്റില്ല” അയാൾക്ക്‌ താത്പര്യമില്ലെന്ന് കണ്ടപ്പോൾ ഞാൻ മൈക്ക് മാറ്റി, ക്യാമറ കട്ട്‌ ചെയ്യാൻ പറഞ്ഞു. രണ്ടാമത് ചോദിച്ചില്ല അതയാൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ്, നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഈ ഭാഗം പ്രക്ഷേപണം ചെയ്യില്ലെന്നും പറഞ്ഞു. പക്ഷെ അതൊന്നും ചെവികൊള്ളാൻ നടൻ ഉണ്ണിമുകുന്ദൻ തയ്യാറാകാതെ ഞങ്ങളോട് കയർത്തു. ഒടുവിൽ എല്ലാം ഡിലീറ്റ് ചെയ്യാതെ പുറത്തുവിടില്ലെന്ന ഭീഷണി ആയി പിന്നെ. ഞാൻ പ്രൊഡ്യൂസറോട് കാര്യങ്ങൾ വിവരിക്കുമ്പോൾ മുപ്പതോളം പേര് നിഖിലിനെ(ക്യാമറാമാൻ) വളഞ്ഞുനിന്ന് കാർഡ് ഡിലീറ്റ് ചെയ്യാൻ ഭീഷണി മുഴക്കുകയായിരുന്നു. പൊതുജനങ്ങൾ ഇല്ലാത്ത ആ പൊളിഞ്ഞ കെട്ടിടത്തിലെ സെറ്റിൽനിന്ന് പുറത്ത് പോകണമെങ്കിൽ കാർഡ് ഡിലീറ്റ് ചെയ്യണം, ഒടുവിൽ visual ഡിലീറ്റ് ചെയ്‍തശേഷമാണ് ഞങ്ങളെ ആ സെറ്റിൽനിന്ന് പുറത്തിവിട്ടത്…

ഇനി ഉണ്ണിമുകുന്ദനോട് #unnimukunthan

ആരും വിളിക്കാതെ വലിഞ്ഞുകയറിയില്ല ക്ഷണിച്ചിട്ടാണ് അവിടെ വന്നത്. നിങ്ങളുടെ സ്വകാര്യതയിലും അല്ല ഞാൻ മൈക്ക് വച്ചത്. സ്വകാര്യ നിമിഷങ്ങൾ ആയിരുന്നെങ്കിൽ മാധ്യമങ്ങളെ വിളിക്കരുത്.

പിന്നെ നിങ്ങളെ സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രം ചോദിക്കാൻ എന്നെ കിട്ടില്ല

മറുപടി ഇല്ലെങ്കിൽ അതുപറഞ്ഞ് ഒഴിവാക്കാം അല്ലാതെ തടഞ്ഞുവച്ചു ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചാൽ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാം എന്ന് കരുതിയെങ്കിൽ തെറ്റി

ചോദിക്കാനുള്ളത് മുഖത്ത് നോക്കിതന്നെ ചോദിക്കും ഇനിയും, ചോദ്യങ്ങൾ ഉന്നയിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ജോലി

അതിന്റെ പേരിൽ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും നിലപാടിൽ നിന്ന് പിന്നോട്ട്പോകില്ല

കൂടെനിന്ന സ്ഥാപനത്തിനും #mathrubhumi സഹപ്രവർത്തകർക്കും നന്ദി…

Lishoy ms
Reporter mathrubhuminews”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍