UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് യോഗി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി; വിദ്യാര്‍ത്ഥിയില്‍ നിന്നും ബാങ്ക് പിഴയും ഈടാക്കി

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനായിരുന്നു ചെക്ക് സമ്മാനിച്ചത്

പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ചെക്ക് മടങ്ങിയെന്നു മാത്രമല്ല, അതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുകയും ചെയ്തു.

ബരാബംഗി ജില്ലയിലെ യംഗ് സ്ട്രീം ഇന്റര്‍ കോളേജ് ഹൈ സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പരീക്ഷയില്‍ 93.5 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച അലോക് മിശ്ര എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. യുപി ബോര്‍ഡ് ഹൈസ്‌കൂള്‍ പരീക്ഷയില്‍ സംസ്ഥാനത്ത് ഏഴാം റാങ്ക് നേടിയ വിദ്യാര്‍ത്ഥി കൂടിയാണ് അലോക്. ഈ നേട്ടത്തിനാണ് ലകനൗവില്‍ നടന്ന ഒരു പൊതു ചടങ്ങില്‍വച്ച് മുഖ്യമന്ത്രി കഴിഞ്ഞ മാസം 29 ന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. വിദ്യാര്‍ത്ഥിയുടെ കഠിനാദ്ധ്വാനത്തിനും വിജയത്തിനുമുള്ള പ്രോത്സാഹനം എന്ന നിലയിലാണ് പണം നല്‍കുന്നതെന്നായിരുന്നു പറഞ്ഞത്.

ബരാബംഗിയിലെ ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ രാജ് കുമാര്‍ ഒപ്പിട്ട ചെക്ക് ആയിരുന്നു അലോകിന് മുഖ്യമന്ത്രി കൈമാറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്കായിരുന്നു ഇത്. ജൂണ്‍ അഞ്ചിനാണ് അലോകിന്റെ മാതാപിതാക്കള്‍ ചെക്ക് മാറാന്‍ അലോകിന് അകൗണ്ടുള്ള ലക്‌നൗവിലെ ഹസ്രത്ഗഞ്ചിയിലുള്ള ദേന ബാങ്കില്‍ ചെല്ലുന്നത്. എന്നാല്‍ ബാങ്കില്‍ ചെക്ക് നല്‍കി രണ്ടു ദിവസം കഴിഞ്ഞിട്ടും അകൗണ്ടില്‍ പണം കയറാതിരുന്നതിനെ തുടര്‍ന്ന് വിവരം അന്വേഷിച്ചു ബാങ്കില്‍ ചെന്നപ്പോഴാണ് ചെക്ക് മടങ്ങിയ വിവരം മനസിലാകുന്നതെന്ന് അലോക് ന്യൂസ് 18 നോട് പറയുന്നു. ഇങ്ങനെയൊരു അനുഭവം ഉണ്ടായതില്‍ താന്‍ വളരെ നിരാശനാണെന്നും അലോക് പറയുന്നു.

അലോകിന്റെ ചെക്കിലെ ഒപ്പില്‍ വന്ന വ്യത്യാസം ആണ് ചെക്ക് മടങ്ങാന്‍ കാരണമെന്നാണ് ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍ രാജ് കുമാര്‍ യാദവ് പറയുന്നത്. മറ്റാര്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ ചെക്ക് മടങ്ങുകയെന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും ആരുടെ ഭാഗത്ത് നിന്നാണ് വീഴ്ച വന്നത് അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ജില്ല മജിസ്‌ട്രേറ്റ് ഉദയ് ഭാനു ത്രിപാഠി ന്യൂസ് 18 നോട് പ്രതികരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍