UPDATES

ട്രെന്‍ഡിങ്ങ്

മൈക്രോ കാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത്; സഫീര്‍ കരിം നടത്തിയത് ഹൈടെക് കോപ്പിയടി

ചോദ്യങ്ങള്‍ കാമറയില്‍ സ്‌കാന്‍ ചെയ്ത് ഹൈദരാബാദിലുള്ള ഭാര്യയുടെ മുന്നിലെത്തും, ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി തിരിച്ചെത്തും

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ എക്‌സാമില്‍ കൃത്രിമം കാണിച്ചതിനു പിടിയിലായ മലയാളി ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥന്‍ സഫീര്‍ കരിം നടത്തിയത് ഹൈടെക് കോപ്പിയടി. ഭാര്യ ജോയ്‌സി ജോയ്‌സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ജോയ്‌സിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോ കാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയായിരുന്നു കരീമിന്റെ പരീക്ഷയെഴുത്ത്. ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ കാമാറ കരീം നെഞ്ചില്‍ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പര്‍ ഈ കാമറ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുളള ജോയ്‌സി ജോയ്‌സിനു മുന്നില്‍ എത്തിക്കും. ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്‌സി പറയും. ജോയ്‌സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളില്‍ എത്തും. ജോയ്‌സി പറഞ്ഞത് വ്യക്തമായില്ലെങ്കില്‍ ഒരു കടലാസില്‍ സഫീര്‍ പെന്‍സില്‍ കൊണ്ട് അടയാളം കാണിക്കും. ഇത് കാമറ സ്‌കാന്‍ ചെയ്ത് ജോയിസിയുടെ ലാപ്‌ടോപ്പില്‍ എത്തിക്കും. ഉടന്‍ തന്നെ ഉത്തരം വ്യക്തമായ രീതിയില്‍ ജോയ്‌സി ഒരാവര്‍ത്തി കൂടി പറയും.

ജോയ്‌സിയെ സഹായിക്കാന്‍ ഹൈദരാബാദില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അശോക്‌നഗറില്‍ ലാ എക്‌സലന്‍സ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ കോച്ചിംഗ് സെന്റര്‍ നടത്തിവരുന്ന ഡോ. പി ആര്‍ രാംബാബു. രാംബാബുവാണ് ജോയ്‌സിക്കുവേണ്ട ഹൈടെക് സപ്പോര്‍ട്ട് നല്‍കി കൊണ്ടിരുന്നത്. രണ്ടു കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡ് മറ്റു ചില ഉപകരണങ്ങള്‍ എന്നിവയയാണ് സഫീറിന് ഉത്തരങ്ങള്‍ അയച്ചുകൊടുക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹൈദരാബാദ് പൊലീസാണ് ജോയ്‌സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസ് സഫീറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇവരുവരുടേയും അറസ്റ്റ് നടന്നത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി. ഇവരില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.

തിരുന്നല്‍വേലിയില്‍ അഡീഷണല്‍ സൂപ്രണ്ട് പൊലീസ് ആയി ജോലി നോക്കി വരികയായിരുന്നു സഫീര്‍ കരീം. 2015 ലാണ് തമിഴ്‌നാട് കേഡര്‍ ഐപിഎസ് ആയി സഫറിന് സെലക്ഷന്‍ കിട്ടുന്നത്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയിലാണ് സഫര്‍ ഐപിഎസ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഐപിഎസില്‍ ഇയാള്‍ തൃപ്തനായിരുന്നില്ലെന്നും ഐഎഎസ് ആയിരുന്നു സഫീറിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് അയാള്‍ ഇത്തരത്തില്‍ കൃത്രിമം നടത്തിയതെന്നും തമിഴ്‌നാട് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റിലായ രാംബാബു സഫീര്‍ കരീമിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും രാംബാബുവുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് കരീംസ് ലാ എക്‌സലന്‍സ് എന്ന പേരില്‍ ഐഎഎസ് കോച്ചിംഗ് സെന്റര്‍ സഫര്‍ നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍