UPDATES

ട്രെന്‍ഡിങ്ങ്

നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

ജില്ലാ വ്യവസായ കേന്ദ്രത്തിലെ എല്‍ഡി ക്ലര്‍ക്ക് ജോലി രാജിവച്ചാണ് മുരളി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്

ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി മുരളീധരനെ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാക്കുന്നതോടെ ബിജെപിയ്ക്ക് കേരളത്തില്‍ നിന്നും മറ്റൊരു കേന്ദ്ര മന്ത്രിയെ കൂടി ലഭിക്കുകയാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1959 ഡിസംബര്‍ 12ന് കണ്ണൂരിലെ തലശേരിയ്ക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിലാണ് മുരളീധരന്‍ ജനിച്ചത്. വണ്ണത്താന്‍ വീട്ടില്‍ ഗോപാലനും വെള്ളാം വെള്ളി ദേവകിയുമാണ് മാതാപിതാക്കള്‍. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ മുരളീധരന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥ  കാലത്താണ് മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്.

1978ല്‍ എബിവിപിയുടെ തലശേരി താലൂക്ക് പ്രസിഡന്റും 79ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 1980ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ എല്‍ഡി ക്ലര്‍ക്ക് ജോലി രാജിവച്ചാണ് മുരളീധരന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 1980 ഒക്ടോബറില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ മുരളീധരനെ രണ്ട് വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ ഡല്‍ഹിയിലെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു. ഈ സംഭവത്തോടെയാണ് മുരളീധരന്‍ പൊതുജന ശ്രദ്ധ നേടിയത്. ‘നായനാരെ വിറപ്പിച്ച മുരളീധരന്‍’ എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഇതേക്കുറിച്ച് എല്ലാക്കാലത്തും അവകാശപ്പെടുന്നത്.

1987 മുതല്‍ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നതിനൊപ്പം എബിവിപി അഖിലേന്ത്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1994 മുതല്‍ ബിജെപിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന മുരളീധരന്‍ 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ബിജെപിയുടെ നേതൃനിരയിലേക്ക് ഔദ്യോഗികമായി കടന്നുവരുന്നത്. ന്യൂഡല്‍ഹിയിലുള്ള ബിജെപി കേന്ദ്ര ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വെങ്കയ്യ നായിഡുവിനെ സഹായിക്കാന്‍ മുരളീധരന്‍ നിയോഗിക്കപ്പെട്ടു. 1999ല്‍ എ ബി വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുരളീധരനെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴില്‍ വരുന്ന നെഹ്രു കേന്ദക്കിന്റെ ചെയര്‍മാനായി നിയോഗിച്ചു. കൂടതെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2000ല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററും മുരളീധരനായിരുന്നു.

2009 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് മുരളീധരന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നത്. പ്രസിഡന്റ് കാലാവധി അവസാനിച്ചതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കണ്‍വീനര്‍ ആയാണ് മുരളീധരന്‍ നിയമിക്കപ്പെട്ടത്.

2018 ഏപ്രിലില്‍ ആണ് വി മുരളീധരനെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുത്തു. ഏപ്രില്‍ മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. തൊട്ടുപിന്നാലെ തന്നെ മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരില്‍ മുരളീധരനെ ബിജെപി  ഉള്‍പ്പെടുത്തി.

read more:ആരും ബ്രാഹ്മണരുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്നില്ല; വിവാദ ചടങ്ങില്‍ വിശദീകരണവുമായി കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്ര ഭരണസമതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍