UPDATES

ട്രെന്‍ഡിങ്ങ്

നീതി ലഭിക്കുമെന്ന് വിശ്വസിച്ച ഞങ്ങളെ സര്‍ക്കാര്‍ നിരാശരാക്കി: വരാപ്പുഴയില്‍ പോലീസ് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ ഭാര്യ

പ്രതികള്‍ തന്നെ അധികാരമുള്ള പോലീസ് ഉദോഗസ്ഥരായിരിക്കുന്നത് ഈ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അഖില

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസിലെ പ്രതികളായ പോലീസുകാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ട് കൊച്ചി ഐ ജി വിജയ് സാഖറെ ഉത്തരവ് പുറത്തിറക്കി. സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക്, എ എസ് ഐ ജനാര്‍ദ്ധനന്‍, ഗ്രേഡ് എ എസ് ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ് സുനില്‍ കുമാര്‍ എന്നിവരെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സസ്‌പെന്‍ഷന്‍ അവസാനിപ്പിക്കുന്നതെന്നാണ് പോലീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ക്രൈം ബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തിലും സമീപനത്തിലും തങ്ങള്‍ക്കു പൂര്‍ണ്ണ തൃപ്തിയുണ്ടായിരുന്നെന്നും എന്നാല്‍ പ്രതികളായ പൊലീസുകാരെ തിരികെ സര്‍വീസില്‍ എടുത്തത് വിഷമവും ആശങ്കയുമുണ്ടാക്കുന്നുവെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില അഴിമുഖത്തോട് പറഞ്ഞു. ‘കേസന്വേഷണത്തിന്റെ പുരോഗതിയൊക്കെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഞങ്ങളെ അറിയിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസം ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ സര്‍ നേരിട്ട് വീട്ടില്‍ വന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോവുന്നതിനെ പറ്റി പറഞ്ഞിരുന്നു. അതില്‍ നിന്നൊക്കെ ഞങ്ങള്‍ക്ക് നീതി ലഭിക്കും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ വിചാരണ പോലും ആരംഭിക്കുന്നതിനു മുന്‍പ് പ്രതികളായ പോലീസുകാര്‍ക്കെതിരെ എടുത്ത വകുപ്പുതല നടപടി തന്നെ റദ്ദാക്കി അവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ട’. പ്രതികള്‍ തന്നെ അധികാരമുള്ള പോലീസ് ഉദോഗസ്ഥരായിരിക്കുന്നത് ഈ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും അഖില പങ്കു വച്ചു.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറാം തീയതി ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസിലെ ആരോപണം. ആലുവ റൂറല്‍ പോലീസ് മേധാവിയായിരുന്ന എ വി ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. വരാപ്പുഴ സ്റ്റേഷനില്‍ എത്തിച്ച ശ്രീജിത്തിനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. പോലീസ് രേഖകളില്‍ ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഏഴാം തീയതി രാത്രി 9.15 നാണ്. ഇതു വ്യാജമായി ഉണ്ടാക്കിയ രേഖയാണെന്നു കാണിച്ചു ആറാം പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസില്‍ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജ് ഉള്‍പ്പെടെ 11 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏഴ് പേരെയാണ് ഒന്‍പതു മാസത്തെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുത്തിരിക്കുന്നത്. ക്രിസ്പിന്‍ സാം ഒഴികെയുള്ളവര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്ങ്. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേര്‍ഴ്‌സില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. .

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍