UPDATES

ട്രെന്‍ഡിങ്ങ്

വയലാറിന്റേത് ദുര്‍മരണമോ? വി എസ് ഉള്‍പ്പെടെയുള്ള നേതാക്കളന്നവിടെയുണ്ടായിരുന്നു, ആര്‍ക്കൊക്കെയോ എന്തൊക്കെയോ അറിയാം; ശരത്ചന്ദ്ര വര്‍മ

മുത്തശ്ശിയമ്മയൊക്കെ മരണാനന്തര ചടങ്ങുകള്‍ പലതും ചെയ്തിരുന്നു. അതിലൊക്കെ ദുര്‍മരണത്തിന്റെ ലക്ഷണം കണ്ടതായി പറയുന്നു

ഏറെ വിവാദമയുര്‍ത്തിയ ഒരു വെളിപ്പെടുത്തലായിരുന്നു കവി ഏഴാച്ചേരി രാമചന്ദ്രന്‍ വയലാര്‍ രാമവര്‍മയുടെ മരണവുമായി ബന്ധപ്പെട്ടു നടത്തിയത്. വയലാറിന്റെ മരണത്തിനു പിന്നില്‍ രക്തം മാറ്റി നല്‍കിയതാണെന്നായിരുന്നു ഏഴാച്ചേരി ആരോപിച്ചത്. 2011 ല്‍ ഏഴാച്ചേരി നടത്തിയ ഈ വിവാദ പ്രസ്താവനയെ തള്ളുകയായിരുന്നു ഭൂരിഭാഗം പേരും ചെയ്തത്. വയലാറിന്റെ കുടുംബം വിവാദങ്ങളില്‍ പങ്കു ചേരാതെ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഏഴാച്ചേരിയുടെ വെളിപ്പെടുത്തില്‍ സത്യമുണ്ടായേക്കാമെന്ന സൂചന നല്‍കുകയാണ്‌ വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ. മാധ്യമം ആഴ്ചപ്പതിനു നല്‍കിയ അഭിമുഖത്തിലാണ് ശരത്ചന്ദ്രവര്‍മ ഈ വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. വയലാറിനു ബോധപൂര്‍വം രക്തം മാറ്റി നല്‍കിയെന്നു പറയുന്നവരുമുണ്ട്. അന്നത്തെ പലര്‍ക്കും സത്യമെന്താണെന്ന് അറിയാമെന്നും വി എസ് അച്യുതാനന്ദനെ പോലുള്ളവര്‍ അന്നവിടെ ഉണ്ടായിരുന്നുവെന്നും ശരത് പറയുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയതില്‍ ദുര്‍മരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നതായും ശരത് പറയുന്നു.

വയലാറിനു രക്തം മാറ്റി നല്‍കിയതാണെന്നു ഏഴാച്ചേരി പറഞ്ഞിട്ടും എന്തുകൊണ്ട് അതിന്റെ പിന്നാലെ പോയില്ല എന്ന അഭിമുഖത്തിലെ ചോദ്യത്തിന് ശരത്ചന്ദ്രവര്‍മ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്.

അച്ഛന് ലിവര്‍ സിറോസിസായിരുന്നു. അന്ന്, ഓപറേഷനായിരുന്നു. അത് പൂര്‍ണവിജയമായിരുന്നു. ഡോക്ടര്‍മാരെല്ലാം സന്തോഷത്തിലായിരുന്നു. പെട്ടെന്നായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഈ ചോദ്യം നേരത്തെ നേരിട്ടപ്പോള്‍ ഒന്നു പതറിയിരുന്നു. എന്തുപറയണമെന്ന് അറിയാതെ ശങ്കിച്ച് നില്‍ക്കുമ്പോള്‍ അറിയാതെ നാവിന്‍ തുമ്പിലെത്തിയത് വയലാര്‍ മരിച്ചുവെന്ന് കേള്‍ക്കാനാണിഷ്ടം, കൊല്ലപ്പെട്ടുവെന്ന് കേള്‍ക്കാനിഷ്ടമില്ലെന്ന്. അച്ഛന്‍ തന്നെയാണ് അങ്ങനെ പറയിച്ചതെന്ന് തോന്നുന്നു. പക്ഷേ, അന്നത്തെ പലര്‍ക്കും അതറിയാം. വി എസ് അച്യുതാനന്ദനുള്‍പ്പെടെയുള്ള നേതാക്കള്‍ അന്നവിടെയുണ്ടായിരുന്നു. ബോധപൂര്‍വം രക്തം മാറ്റി നല്‍കിയെന്നു പറയുന്നവരും വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ക്കൊക്കെ എന്തൊക്കെയോ അറിയാമായിരുന്നു. മുത്തശ്ശിയമ്മയൊക്കെ മരണാനന്തര ചടങ്ങുകള്‍ പലതും ചെയ്തിരുന്നു. അതിലൊക്കെ ദുര്‍മരണത്തിന്റെ ലക്ഷണം കണ്ടതായി പറയുന്നു. ഒരുപക്ഷേ ജനം, ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് കരുതിയാവാം ആരും പുറത്തു പറയാതിരുന്നതെന്ന് പിന്നീട് എനിക്ക് തോന്നി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍