UPDATES

വായിച്ചോ‌

ഇപിഡബ്ല്യു എഡിറ്റര്‍ തകൂര്‍ത്തയെ രാജിവപ്പിച്ചിട്ടും മതി വരാതെ സോഷ്യല്‍ മീഡിയ അധിക്ഷേപവുമായി അദാനി

തകൂര്‍ത്തക്കെതിരെ പ്രചാരണം നടത്തുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കഴിഞ്ഞ ഏപ്രിലില്‍ അദാനി ഗ്രൂപ്പിന് അനുകൂലമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകളുടെ പേരില്‍ എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി (ഇപിഡബ്ല്യു) എഡിറ്റര്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന പരണ്‍ജോയ് ഗുഹ തകൂര്‍ത്തയെ വിടാതെ പിന്തുടര്‍ന്ന് അദാനി ഗ്രൂപ്പ്. സോഷ്യല്‍ മീഡിയയില്‍ തകൂര്‍ത്തയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. തകൂര്‍ത്തയ്‌ക്കെതിരായി ഇപിഡബ്ല്യു സ്റ്റാഫ് ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റിന് എഴുതിയതായി പറയുന്ന കത്തില്‍ തകൂര്‍ത്തയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി thequint.com റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അദാനി ഗ്രൂപ്പിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇപിഡബ്ല്യു ലേഖനം ഉന്നയിച്ചിരുന്നു എന്നും ഇതേ തുടര്‍ന്നാണ് സമീക്ഷ ട്രസ്റ്റ ഇവ പിന്‍വലിക്കാന്‍ തകൂര്‍ത്തയോട് നിര്‍ദ്ദേശിച്ചതെന്നുമാണ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തത്. അദാനി ഗ്രൂപ്പിന് നിയമനടപടി സ്വീകരിക്കാന്‍ ന്യായമുണ്ടായിരുന്നു എന്നും ക്വിന്റ് വാദിക്കുന്നു. EPW-Adani Row: Corporate Bullying or Unconvincing Journalism? എന്ന തലക്കെട്ടിലാണ് ജൂലായ് 31ന്റെ ക്വിന്റ് റിപ്പോര്‍ട്ട്.

അദാനിക്കും മോദി സര്‍ക്കാരിനുമെതിരായ റിപ്പോര്‍ട്ട് പിന്‍വലിച്ചത് ചോദ്യം ചെയ്തുകൊണ്ടും അതേസമയം എഡിറ്ററെന്ന നിലയില്‍ തകൂര്‍ത്തയുടെ പെരുമാറ്റം മോശമായിരുന്നു എന്ന് കാണിച്ചുകൊണ്ടും ട്രസ്റ്റികള്‍ക്ക് ഇപിഡബ്ല്യു ജീവനക്കാര്‍ കത്ത് നല്‍കിയതായി ജൂലായ് 29ന്റെ റിപ്പോര്‍ട്ടില്‍ ക്വിന്റ് പറയുന്നു. ഇഷ്ടക്കാര്‍ക്ക് തോന്നിയ പോലെ പ്രതിഫലം തീരുമാനിക്കുകയും ലേഖനങ്ങളും റിപ്പോര്‍ട്ടുകളും മതിയായ പരിശോധനയില്ലാതെ പ്രസിദ്ധീകരിക്കുകയും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നിരന്തരം നടത്തുകയും ചെയ്യുന്നയാളാണ് തകൂര്‍ത്ത ജീവനക്കാര്‍ കത്തില്‍ പറയുന്നതായി ക്വിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും തകൂര്‍ത്തയ്‌ക്കെതിരെ പ്രചാരണം സജീവമായിരിക്കുന്നത്.

തകൂര്‍ത്തക്കെതിരെ പ്രചാരണം നടത്തുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കഴിഞ്ഞ ഏപ്രിലില്‍ അദാനി ഗ്രൂപ്പിന് അനുകൂലമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിവാദ ഖനി പദ്ധതിയെ അനുകൂലിച്ചുകൊണ്ടുള്ളത് അടക്കമായിരുന്നു ഇത്. പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും അദാനിയുടെ കല്‍ക്കരി ഖനി പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ക്വീന്‍സ് ലാന്‍ഡിനെ സംബന്ധിച്ച് ഖനി പദ്ധതി വളരെ ഗുണം ചെയ്യുമെന്നും ഏറെ തൊഴിലവസരങ്ങളുണ്ടാക്കുമെന്നും അവകാശപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകളാണ് #Queensland, #Adani and #Carmichael എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള സംഘടിതമായ പ്രചാരണമായി ട്വിറ്ററിലൂടെ തകൂര്‍ത്തയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മിക്ക ട്വിറ്റര്‍ ഹാന്‍ഡിലുകളും പരസ്പരം ഫോളോ ചെയ്യുന്നുമുണ്ട്. അദാനി ഗ്രൂപ്പ് വായ്പ തിരിച്ചടയ്ക്കുന്നില്ലെന്നത് സംബന്ധിച്ച വാര്‍ത്തകളേയും എതിര്‍ത്തുകൊണ്ടുള്ള ട്വീറ്റുകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്.

ജിഎസ്ടിയെ അനുകൂലിച്ച് അദാനി ട്വീറ്റ് ചെയ്തപ്പോള്‍ അദാനിയുടെ വായ്പാ വെട്ടിപ്പ് സംബന്ധിച്ച് ട്വിറ്ററില്‍ വലിയ തോതില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനും ട്വിറ്ററിലെ പോരാളികളെത്തി. മോശം പ്രചാരണങ്ങളെ ചെറുക്കാനും എതിരാളികള്‍ക്കെതിരെ മോശം പ്രചാരണം അഴിച്ചുവിടാനും പണം കൊടുത്ത് ട്വിറ്റര്‍ ഹാന്‍ഡിലുകളെ നിയോഗിക്കുന്ന പരിപാടി ഫാക്ടര്‍ ഡെയ്‌ലി പോലുള്ളവ പുറത്തുവിട്ടിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഇത്തരത്തില്‍ വന്നതാണ്. വാര്‍ത്താചാനലുകള്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജൂലായ് 18നാണ് പരണ്‍ജോയ് ഗുഹ തകൂര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കുന്നത്. അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ഇപിഡബ്ല്യു ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്. അദാനി ഗ്രൂപ്പിന് കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന് മോദി സര്‍ക്കാര്‍ ഒത്താശ ചെയ്തത് സംബന്ധിച്ചതടക്കമുള്ള റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടായിരുന്നു സമ്മര്‍ദ്ദം. അദാനി ഗ്രൂപ്പ് ഇപിഡബ്ല്യുവിനെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പിന്‍വലിക്കാന്‍ സമീക്ഷ ട്രസ്റ്റ് ആവശ്യപ്പെട്ടത്.

വായനയ്ക്ക്: https://goo.gl/vc5G9S

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍