UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി സമരം തുടങ്ങിയത്‌ എന്‍എസ്എസിനെക്കണ്ട്, ഒരു ദിവസം നൂറ് പേര് പോലും എത്തിയില്ല: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സംസ്ഥാന സമിതി അംഗം വെളിപ്പെടുത്തുന്നു

ഹൈക്കോടതിയുടെ ഇടപെടല്‍ വന്നപ്പോള്‍ തന്നെ ബിജെപി ഈ സമരം അവസാനിപ്പിക്കേണ്ടതായിരുന്നു

ഇപ്പോള്‍ ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ ശബരിമല സമരപ്പന്തലില്‍ സജീവമായിരുന്ന നാല് പേര്‍ ഇന്ന് സമരപ്പന്തലില്‍ നിന്നും ഇറങ്ങി സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎം നേതാവ് എം വിജയകുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുമ്പ് സിപിഎം വിട്ടവരാണ് ഇവര്‍. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍, വെള്ളനാട് പഞ്ചായത്തിലെ പ്രധാന ബിജെപി പ്രവര്‍ത്തകനും വൈസ് പ്രസിഡന്റുമായിരുന്ന വി സുകുമാരന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, ആനപ്പറ്റി സുരേന്ദ്രന്‍ എന്നിവരാണ് ഇപ്പോള്‍ സിപിഎമ്മില്‍ തിരികെയെത്തുന്നത്. ബിജെപിയുടെ സമരം ഒരു പരാജയമാണെന്നും അനാവശ്യമാണെന്നും വെളിപ്പെടുത്തുകയാണ് വെള്ളനാട് എസ് കൃഷ്ണകുമാര്‍. അഴിമുഖം പ്രതിനിധിയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ.

ഞങ്ങള്‍ നാല് പേരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചതെങ്കിലും നാലിന്റെ സ്ഥാനത്ത് ആയിരങ്ങളുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 35000ലധികം വോട്ട് ബിജെപിക്ക് പിടിച്ചുകൊടുത്തുകൊണ്ടാണ് ഞങ്ങളെല്ലാം ബിജെപിയിലെത്തിയത്. അതിന് ശേഷം വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലുമെല്ലാം വമ്പന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഈ 35000 വോട്ടുകള്‍ പിടിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ കാരണക്കാരായവരാണ് ഇന്ന് പത്രസമ്മേളനം നടത്തി ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. അതില്‍ ആനപ്പറ്റി സുരേന്ദ്രന്‍ ബിജെപി അംഗമല്ല, പക്ഷേ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കുന്നതായി സംസ്ഥാന നേതാക്കള്‍ക്ക് പോലും ബോധ്യമുള്ളയാളാണ്. 15 വര്‍ഷം സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായിരുന്നു. 19-ാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറിയായ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ലോക്കല്‍ സെക്രട്ടറിയായിരുന്നു. പക്ഷെ പാര്‍ട്ടിയുമായി തെറ്റിയപ്പോല്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ മാറിനില്‍ക്കുകയായിരുന്നു. ഞാനും ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു. സുരേന്ദ്രനെ വ്യക്തിപരമായി തന്നെ അറിയാം. ഒരു അഴിമതി നടത്താനോ ഒന്നും നില്‍ക്കാത്ത അദ്ദേഹം വിവാഹം പോലും കഴിക്കാതെ പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചിരുന്നയാളാണ്.

എം വിജയകുമാറിന്റെ നടപടികളാണ് ഞങ്ങളെയെല്ലാം പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ വരികയും ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ രാജേട്ടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. മൂന്ന് വാര്‍ഡുകളില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ മൂന്ന് വാര്‍ഡുകളിലും സിപിഎം മൂന്നാമതായിരുന്നു. അതില്‍ വിജയകുമാറിന്റെ വീടിരിക്കുന്ന വാര്‍ഡും ഉള്‍പ്പെടുന്നു. അന്ന് ആ പഞ്ചായത്തില്‍ 3500ലധികം വോട്ട് പിടിച്ചത് ഈ സുരേന്ദ്രന്റെ കഴിവുകൊണ്ടാണ്. ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ ബിജെപിക്ക് വോട്ട് നേടിക്കൊടുത്തത് ഉഴമലയ്ക്കല്‍ ജയകുമാറിന്റെ ശ്രമങ്ങളുടെ ഫലമാണ്. ഇപ്പോഴത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവല്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ വച്ച് വി മുരളീധരന്‍ ആണ് ജയകുമാറിന് ബിജെപി അംഗത്വം കൊടുത്തത്. ഞങ്ങള്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുമ്പോള്‍ പണ്ട് ഞങ്ങള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന ആയിരക്കണക്കിന് അണികളും കൂടെ വരുന്നുണ്ട്. മാത്രമല്ല, ബിജെപിയില്‍ അംഗങ്ങളായിരുന്ന നിരവധി പേരും അക്കൂട്ടത്തില്‍ വരുന്നുണ്ട്.

ശബരിമല വിഷയത്തിലെ ബിജെപിയുടെ സമരത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും പാര്‍ട്ടി നടത്തുന്ന സമരമായതിനാല്‍ ഞങ്ങള്‍ സമരപ്പന്തലില്‍ പോകുമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ വന്നപ്പോള്‍ തന്നെ ബിജെപി ഈ സമരം അവസാനിപ്പിക്കേണ്ടതായിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കുകയും കെ സുരേന്ദ്രന് ജാമ്യം അനുവദിക്കുകയും ചെയ്തതാണ്. ഇനിയെങ്കിലും ഈ സമരം മതിയാക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ അത് ചെവിക്കൊണ്ടില്ല. മാത്രമല്ല, സമരം ശക്തമാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

പതിനാല് ദിവസത്തെ സമര പരിപാടിയാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ ആദ്യം പദ്ധതിയിട്ടത്. ഒരു ദിവസം ഒരു ജില്ലയില്‍ നിന്നും രണ്ടായിരം പേരും തിരുവനന്തപുരം ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്നും ആയിരം പേരും പങ്കെടുക്കണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഒരു മണ്ഡലത്തില്‍ നിന്നും നൂറ് പേരെ പോലും തികയ്ക്കാന്‍ അവര്‍ക്ക് ഇന്നേവരെ സാധിച്ചിട്ടില്ല. ഓരോ മണ്ഡലത്തില്‍ നിന്നും വന്നവരുടെ കൃത്യമായ കണക്കുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്.

വേണുഗോപാലന്‍ നായരുടെ ആത്മഹത്യയുടെ പേരില്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ ബിജെപി നേതൃത്വത്തിനിടയില്‍ തന്നെ ഭിന്നതയുണ്ട്. ഒരിക്കലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനോ കൂട്ടായ ആലോചനയില്‍ തീരുമാനങ്ങളെടുക്കാനോ ഇവര്‍ തയ്യാറായിട്ടില്ല. ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുക്കാനോ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനോ ഇവര്‍ തയ്യാറായിട്ടില്ല. ഇവര്‍ തമ്മിലുള്ള മത്സരമാണ് എന്നും പാര്‍ട്ടിക്കകത്ത് നടന്നിരുന്നത്. അമിത് ഷാ പറയുന്ന ഒറ്റകാര്യം പോലും സംസ്ഥാനത്ത് ഇവര്‍ നടപ്പാക്കിയിട്ടില്ല. പാര്‍ട്ടിയെ സംഘടിപ്പിക്കേണ്ടത് തങ്ങളുടെ ജോലിയല്ലെന്നാണ് ഇവര്‍ കരുതുന്നത്.

ജനാധിപത്യമെന്നത് ഈ പാര്‍ട്ടിയ്ക്കകത്ത് ഇല്ല. ശബരിമല വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി പോലും വിളിക്കാതെ നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. വിളിച്ച മീറ്റിംഗുകളിലെല്ലാം ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ അമിത് ഷാ പങ്കെടുത്ത മീറ്റിംഗും ഉള്‍പ്പെടുന്നു. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് വിശ്വാസമുള്ളവര്‍ കൈപൊക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടപ്പോള്‍ കൈപൊക്കിയ ആളാണ് ഞാന്‍. അന്ന് അമിത് ഷാ കൂടി കൈപൊക്കിയാണ് പതിനാല് പേരെ തികച്ചത്. ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലമായിരുന്നു അത്. മാണിയെ മുന്നണിയില്‍ എടുക്കണമെന്ന അഭിപ്രായം അന്നുയര്‍ന്നിരുന്നു. അതിനെ എതിര്‍ത്തുകൊണ്ടാണ് ഞാന്‍ പത്ത് മിനിറ്റ് സംസാരിച്ചത്. ജനങ്ങള്‍ മുന്നണി രാഷ്ട്രീയത്തിനെതിരാണെന്നും ഏത് മുന്നണി വന്നാലും ക്രിസ്ത്യന്‍ ലോബിക്കും മുസ്ലിം ലോബിക്കും കേരളത്തില്‍ നേട്ടമെന്ന ചിന്താഗതിയുണ്ടെന്നുമാണ് ഞാന്‍ പറഞ്ഞത്. ബിജെപിയില്‍ എട്ട് ഗ്രൂപ്പായി നിന്ന് നേതാക്കള്‍ പോരാടുന്നത് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിന്ന് ബിജെപി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബിജെപിക്ക് അധികാരത്തില്‍ വരാനാകുമെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ അനുഭവം വച്ച് പറയാം. ആ എട്ട് പതിനാറാകുകയാണ് ചെയ്തത്. ജില്ലയില്‍ ഗ്രൂപ്പ്, മണ്ഡലത്തില്‍ ഗ്രൂപ്പ്, പഞ്ചായത്തില്‍ ഗ്രൂപ്പ് എന്നതാണ് അവസ്ഥ. പത്ത് പേര് പോലും ഇവരുടെ ആരുടെയും കൂടെയില്ല എന്നതാണ് സത്യം.

ശോഭ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് ബിജെപി നേതാക്കള്‍ പോയി സിപിഎമ്മില്‍ ചേര്‍ന്നു

അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് അവിടെ വന്ന പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഞങ്ങള്‍ പാര്‍ട്ടി വിട്ടതിന്റെ നഷ്ടമെന്താണെന്ന് വ്യക്തമായതാണ്. പ്രാദേശിക നേതാക്കള്‍ പലരും ഏറെ നാളായി എന്നെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പിടി കൊടുക്കാതെ നടക്കുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ചിക്കമംഗലൂര്‍ മണ്ഡലത്തിന്റെ ചുമതലയായിരുന്നു എനിക്ക്. മൂന്ന് മാസം അവിടെ പ്രവര്‍ത്തിച്ചു. മെയില്‍ വോട്ടെണ്ണലും കഴിഞ്ഞ് ജൂണ്‍ പതിനേഴാം തിയതി എന്നെ അവിടേക്ക് വിളിച്ച് ബിജെപി ഗംഭീര സ്വീകരണം നല്‍കിയിരുന്നു. ഞാന്‍ പറഞ്ഞ കണക്കുകള്‍ ശരിയാണെന്ന് അവര്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മനസിലായി. എനിക്ക് പ്രധാനപ്പെട്ട എന്തെങ്കിലും സ്ഥാനം തരണമെന്ന് ബിജെപിയുടെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ പോലും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സ്ഥാനം പോകുമെന്ന് പേടിച്ചാകണം നമ്മളെയൊന്നും ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് ശബരിമല വിഷയം വന്നത്. എല്ലാവരോടും ഞാന്‍ എന്റെ അഭിപ്രായം പറയുകയും ഇത് അബദ്ധമാണ് എടുത്ത് ചാടരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതാണ്.

ശബരിമല വിധി വന്ന ദിവസം ഞാന്‍ കൊട്ടിയത്ത് ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഈ വിഷയം അവിടെ പറയണമെന്ന് ആവശ്യപ്പെട്ട് ഒരു നോട്ട് എനിക്ക് നല്‍കി. എന്നാല്‍ ഞാന്‍ അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. പിന്നീട് ഇതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ബിജെപിയുടെ നിലപാട് സുപ്രിംകോടതി വിധിക്ക് അനുകൂലമായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. ബിജെപി സ്ത്രീപുരുഷ സമത്വം പറയുന്ന പാര്‍ട്ടിയാണ്. പുരാണങ്ങളുടെ കലവറയൊന്നുമല്ല ഇത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ മുന്നോട്ട് നയിക്കുന്ന പാര്‍ട്ടിയാണ് ഇതെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അതിനാല്‍ തന്നെ സുപ്രിംകോടതി വിധി അംഗീകരിക്കുമെന്നും ഞാന്‍ പറഞ്ഞു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ് സംഘവും പറഞ്ഞത്. 99ല്‍ രാജേട്ടന്‍ ഈ ആവശ്യം ഉന്നയിച്ച് ലേഖനം എഴുതിയിട്ടുണ്ട്. വിധി വന്ന് ആദ്യത്തെ രണ്ട് ദിവസവും വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവനകളാണ് വന്നത്.

എന്‍എസ്എസ് പ്രക്ഷോഭവുമായി ഇറങ്ങിയപ്പോള്‍ പതിനായിരക്കണക്കിന് ആളുകള്‍ അതില്‍ പങ്കെടുക്കുന്നത് കണ്ടാണ് ബിജെപിക്ക് ഇളകിയത്. ഇതുതന്നെ അവസരമെന്ന് പറഞ്ഞ് പാര്‍ട്ടി എടുത്തു ചാടുകയാണ് ചെയ്തത്. അതിനോട് എനിക്ക് മാത്രമല്ല, ബിജെപിയിലെ പ്രബലമായ ഒരു വിഭാഗത്തിന് തന്നെ വിയോജിപ്പുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍