UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി സമരപ്പന്തലിന് മുന്നില്‍ വച്ച് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തത് എന്തിന്?

പൊതുവെ വിഷാദം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ഉറക്ക കുറവ് മൂലം ആത്മഹത്യയ്ക്കായി രാത്രി സമയം തിരഞ്ഞെടുക്കാറുള്ളത്

ബിജെപി സമര പന്തലിലെത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പേരില്‍ നടക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുമ്പോഴും മരണം സംബന്ധിച്ച നിരവധി സംശയങ്ങള്‍ ബാക്കിയാവുന്നു. ബിജെപി നേതാവ് സി കെ പദ്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമര പന്തലിനു എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിനു മുന്നില്‍ നിന്ന് ദേഹത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതിനു ശേഷം സമരപ്പന്തലിലേയ്ക്ക് ഓടി കയറാന്‍ ശ്രമിച്ച വേണുഗോപാലന്‍ നായര്‍ ആശുപത്രിയില്‍ വച്ച് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയ ശേഷമാണ് മരണപ്പെട്ടത്. ശബരിമലയുമായോ ബിജെപി സമരവുമായോ തന്റെ ആത്മഹത്യ ശ്രമത്തിനു യാതൊരു ബന്ധവുമില്ല എന്ന മരണ മൊഴിയാണ് ഇന്നലെ വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിനു നല്‍കിയത്. അങ്ങിനെയെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചയാള്‍ എന്തിന് ഇങ്ങനെയൊരു സ്ഥലവും സമയവും തിരഞ്ഞെടുത്തു എന്ന കാര്യം അവ്യക്തമായി തുടരുന്നു.

പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി നടന്നിട്ടുള്ള ആത്മഹത്യകളെല്ലാം തന്നെ പ്രതിഷേധത്തിന്റെ വികാരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തോ സമരമുഖത്ത് പൊടുന്നനെയുണ്ടാവുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായിട്ടോ ഒക്കെയാണ് സംഭവിക്കുക എന്ന് സാമൂഹ്യ ശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു. ഡെമോണ്‍സ്‌ട്രേറ്റിവ് സൂയിസൈഡ് അഥവാ പ്രകടനപരമായ ആത്മഹത്യകളുടെ പൊതു സ്വഭാവത്തെ കുറിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്‌റ് ഡോക്ടര്‍ സി ജെ ജോണ്‍ വിശദമാക്കുന്നു. ‘ഡെമോണ്‍സ്‌ട്രേറ്റിവ് സൂയിസൈഡുകള്‍ക്ക് ഒരു പൊതുസ്വഭാവം ഉണ്ട്. തങ്ങള്‍ എന്തിനു വേണ്ടി ജീവന്‍ കളയുന്നു എന്ന് എല്ലാ സാധ്യതകളും ഉപയോഗിച്ച് സമൂഹത്തോട് വിളിച്ചു പറയുന്നതാവും അവ. ഒരു പ്രതിഷേധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴോ അല്ലെങ്കില്‍ പെട്ടന്നൊരു പ്രത്യാക്രമണം ഉണ്ടാവുന്ന സമയത്തോ ഒക്കെയാണ് അങ്ങനെയൊരു കാര്യം സംഭവിക്കാറുള്ളത്. എന്നാല്‍ ഇവിടെ ഈയൊരു പ്രതിഷേധത്തിന്റെ ഭാഗമായി ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാത്ത ഒരാള്‍ ആ സമരത്തിന് വേണ്ടി രാത്രി രണ്ടു മണിക്ക് സമരപന്തലില്‍ എത്തി ആത്മഹത്യ ചെയ്തു എന്നു പറയുന്നതില്‍ അസ്വാഭാവികതയുള്ളതായി കരുതേണ്ടി വരും. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചുണ്ടായ രാജീവ് ഗോസ്വാമിയുടെ മരണവും തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി കളക്ട്രേറ്റിന് മുന്നില്‍ വച്ച് തീ കൊളുത്തിയ കര്‍ഷക കുടുംബത്തിന്റെ ആത്മഹത്യ ശ്രമവുമൊക്കെ പ്രകടനപരമായ ആത്മഹത്യകളുടെ പരിധിയില്‍ വരുന്ന സംഭവങ്ങളാണ്’.

‘ഇന്നലെ തിരുവനന്തപുരത്തു നടന്ന സംഭവം പരിഗണിക്കുമ്പോള്‍ വേണുഗോപാലന്‍ നായര്‍ ഇതിനു മുന്‍പ് ഒരിക്കലും ഈ സമരമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള ആളല്ല എന്നതുകൊണ്ട് തന്നെ പ്രകടനത്തിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടുള്ള ആത്മഹത്യയായി മാത്രം പരിഗണിക്കാന്‍ പ്രയാസമാണ്. ആത്മാഹൂതി ചെയ്യുന്ന വ്യക്തിയുടെ ചൊല്ലിലും ചെയ്തികളിലും ആ സാമൂഹിക വിഷയത്തിനോട് ആഴത്തിലുള്ളതും അതിവൈകാരികത നിറഞ്ഞതുമായുള്ള പ്രതികരണങ്ങളുടെ പശ്ചാത്തലം ഉണ്ടാകും. അത്തരം സമരങ്ങളില്‍ പങ്കെടുത്ത ചരിത്രവും കാണാം. എല്ലാ ആത്മഹത്യകളിലും അതിലേക്കു നയിച്ച മാനസികവും സാമൂഹികവുമായ വൈവിധ്യമാര്‍ന്ന കാരണങ്ങള്‍ ഉണ്ടാകാം. എല്ലാ സാധ്യതകളും പരിഗണിക്കാതെ ഒറ്റ സാധ്യതയിലേക്ക് എടുത്തു ചാടി ചുരുങ്ങുന്നത് ശാസ്ത്രീയമല്ല. സുഗമമായി തീര്‍ത്ഥാടനം നടക്കുന്ന വേളയില്‍ ഇമ്മാതിരി ഒരു സമരം തുടരുന്നതിനെതിരെയുള്ള രോഷ പ്രകടനമായി സ്വയം തീ കൊളുത്തി സമരപ്പന്തലിനെ ചാമ്പലാക്കാന്‍ ഓടിയതാണെന്നു ആരെങ്കിലും പറഞ്ഞാല്‍ ആ സാധ്യതയും പരിഗണിക്കേണ്ടി വരില്ലേ? ഇതിലെല്ലാമുപരി ആത്മഹത്യ ചെയ്ത ഒരാളെ രക്തസാക്ഷിയാക്കി ഉയര്‍ത്തി കൊണ്ടു വരുന്നതിനോട് ഒരു രീതിയിലും യോജിക്കാന്‍ പറ്റില്ല. മനസ്സിന്റെ ദൗര്‍ബല്യവും പക്വതക്കുറവും മൂലമാണ് ഒരാള്‍ ആത്മഹത്യ യുടെ വഴി തിരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ രക്തസാക്ഷി എന്ന മാതൃകയാക്കി അവതരിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ആ പ്രസ്ഥാനം സമൂഹത്തിനു നല്‍കുന്നത്?’

തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലിനു മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യാന്‍ വേണുഗോപാലന്‍ നായര്‍ എന്ന വ്യക്തിക്ക് ഒരുപക്ഷെ പ്രചോദനമായത് ഈ തൊട്ടടുത്ത ദിവസങ്ങളില്‍ പിറവം പള്ളിയില്‍ നടന്ന സംഭവങ്ങളാവാം എന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യയെ മഹത്വവത്കരിക്കുന്ന ബിംബങ്ങള്‍ കൂടുതല്‍ അപകടകരമാണ്. തന്റെ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കാമെന്നു ചിന്തിച്ചു നടക്കുന്ന ഒരാള്‍ക്ക് ആത്മഹത്യാ ശ്രമങ്ങളെ മഹത്വവത്കരിക്കുന്ന ദൃശ്യങ്ങള്‍ പ്രചോദനമാവാറുണ്ട്. എന്നാല്‍ ഇവിടെ വേണുഗോപാലന്‍ നായര്‍ക്ക് ശബരിമല വിഷയത്തെ പ്രതി തീവ്രമായ ഒരു വികാരം ഉണ്ടെന്ന് കരുതിയാല്‍ തന്നെ അതിനെ ഉദ്ദീപിപ്പിക്കുന്ന യാതൊരു സമ്മര്‍ദ്ദവും അദ്ദേഹം ആത്മഹത്യ ചെയ്ത സന്ദര്‍ഭത്തില്‍ ഉണ്ടായിട്ടില്ല. അര്‍ദ്ധ രാത്രി നിശബ്ദമായ ഒരു സമരപന്തല്‍ ആത്മഹത്യയ്ക്കായി എന്തിനു തിരഞ്ഞെടുത്തു എന്നതും ഉത്തരം കണ്ടെത്തേണ്ട ചോദ്യമായി അവശേഷിക്കുന്നു. പൊതുവെ വിഷാദം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ഉറക്ക കുറവ് മൂലം ആത്മഹത്യയ്ക്കായി രാത്രി സമയം തിരഞ്ഞെടുക്കാറുള്ളത്. വേണുഗോപാലന്‍ നായരുടെ പശ്ചാത്തലം വിശദമായി മനസ്സിലാക്കാതെ ഈ കാര്യത്തില്‍ യാതൊരു നിഗമനത്തിലും എത്തിച്ചേരാന്‍ സാധ്യമല്ല. എന്തായാലും രാത്രി രണ്ടു മണി നേരത്ത് ഇത്രയധികം പെട്രോളുമായി വേണുഗോപാലന്‍ നായര്‍ ഇറങ്ങിതിരിച്ചത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുറച്ചാണെന്നു സംശയങ്ങളില്ലാതെ പറയാന്‍ സാധിക്കും. അതല്ലെങ്കില്‍ ആരെങ്കിലും അയാളെ അതിനു നിര്‍ബന്ധിച്ചതാവണം. എല്ലാ സാധ്യതകളും പരിഗണിച്ചുള്ള സമഗ്രമായ ഒരു അന്വേഷണം കൊണ്ടു മാത്രമേ ഈ കാര്യത്തില്‍ വ്യക്തത കൊണ്ടു വരാന്‍ സാധിക്കുകയുള്ളു’

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍