UPDATES

ട്രെന്‍ഡിങ്ങ്

യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യം: മുഖ്യധാരമാധ്യമങ്ങളുടെ കീഴടങ്ങല്‍ മനോനിലയെന്ന് ആള്‍ട്ട് ന്യൂസ്

സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരസ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ സത്യസന്ധമായ നിലപാടുകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്

ഇന്ത്യയിലെ ഭരണനേതൃത്വത്തിലുള്ള രാഷ്ട്രീയക്കാരും മുഖ്യധാര മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധത്തെ സംബന്ധിച്ച കൂടുതല്‍ കഥകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും മറ്റ് ലാഭങ്ങള്‍ക്കും വേണ്ടി അധികാരികളുടെ മുന്നില്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ മുട്ടിലിഴയുകയാണെന്ന് നേരത്തെ നിരീക്ഷിങ്ങളുണ്ടായിട്ടുണ്ട്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന്് തെളിയിക്കുന്നതാണ് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലിന്റെ (എഎന്‍ഐ) ലേഖകന്റെ പ്രകടനമെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാണിക്കുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍വീണ് അനുഗ്രഹം തേടുന്ന ഈ യുവ മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യം നമ്മുടെ മുഖ്യധാര മാധ്യമങ്ങളുടെ മനോനിലയെ പ്രതിഫലിപ്പിക്കുന്നതാണ്.

രാഷ്ട്രീയ നേതാക്കളുമായുള്ള അവരുടെ അടുപ്പം വഴി വളച്ചൊടിച്ച വാര്‍ത്തകള്‍ എങ്ങനെയാണ് പുറത്തുവരുന്നത് എന്നതിനുള്ള വ്യക്തമായ ഉദാഹരണമായി ഈ വിധേയത്വത്തെ കാണാന്‍ സാധിക്കും. യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയത്തെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് മുഖ്യധാര മാധ്യമങ്ങളുടെ പ്രിയങ്കരനായി മാറി. അദ്ദേഹത്തിന്റെ കഷണ്ടിത്തലമുതല്‍ വളര്‍ത്തുപട്ടികളും ഇഷ്ടഭക്ഷണങ്ങളും വരെ വാര്‍ത്തകളായി. വിഭാഗീയ രാഷ്ട്രീയത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചവര്‍ക്ക് പോലും യോഗി സ്വീകാര്യനായി. ഇന്ത്യ ടുഡെ ചാനലിലെ രാഹുല്‍ കന്‍വാള്‍ ഇരുവരെയും കുറിച്ച് നടത്തിയ ട്വീറ്റുകള്‍ കാപട്യത്തിന്റെ മൂര്‍ത്തീമത്ഭാവമായിരുന്നു.

രാഷ്ട്രീയ നേതാക്കളോട് തങ്ങള്‍ക്കുള്ള ആരാധനയെ കുറിച്ചും അവരുമായുള്ള അടുപ്പത്തെകുറിച്ചും ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു ലജ്ജയുമില്ലാതെ വീമ്പടിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന നിലയില്‍ ഭരണകൂടങ്ങളെ വിമര്‍ശിക്കേണ്ട ചുമതല അവര്‍ എന്നോ മറന്നുപോയിരിക്കുന്നു. പ്രധാനമന്ത്രിയുടെ കൂടെ സെല്‍ഫി എടുക്കാന്‍ മത്സരിക്കുന്ന വെറും ആള്‍ക്കൂട്ടമായി അവര്‍ മാറിയിരിക്കുന്നതായും ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. മൂന്നര വര്‍ഷം പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഒരു വാര്‍ത്ത സമ്മേളനം പോലും വിളിച്ചിട്ടില്ല എതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. സുതാര്യതയ്ക്ക് ഉണ്ടാവുന്ന ഈ ക്ഷതങ്ങളെ കുറിച്ച് ആകുലപ്പെടുന്നതിന് പകരം സെല്‍ഫിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയ്ക്ക് ചുറ്റും തിക്കിത്തിരക്കുകയാണവര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടില്‍ പത്ര, റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് മാത്രം കേന്ദ്ര സര്‍ക്കാര്‍ 3700 കോടി രൂപ ചിലവഴിച്ചു എന്നാണ് കണക്ക്. എന്നാല്‍ സര്‍ക്കാര്‍ നിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്താത്ത മാധ്യമങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചലിക്കുന്ന യന്ത്രങ്ങളായി മുഖ്യധാര മാധ്യമങ്ങള്‍ മാറുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ നിലപാടുകളെ ന്യായീകരിക്കുന്നതിനായി മുഴുവന്‍ സമയം പ്രയത്‌നിച്ച ചില മാധ്യമങ്ങളുടെ നിലപാട് നേരത്തെ തന്നെ ചോദ്യം ചെയ്യ്തിട്ടുണ്ട്.

പ്രതിപക്ഷത്തെയും ഔദ്ധ്യോഗിക ആഖ്യാനത്തെ എതിര്‍ക്കുന്ന പൗരസമൂഹത്തെയും താറടിച്ച് കാണിക്കുന്ന റിപ്പോര്‍ട്ടിംഗ് രീതിയാണ് ഈ മാധ്യമങ്ങള്‍ സ്വീകരിച്ചത്. സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരസ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ സത്യസന്ധമായ നിലപാടുകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഭരണകൂടങ്ങളുടെ ഏറാന്‍മൂളികളായി പ്രവര്‍ത്തിക്കുന്ന ഇത്തരം മാധ്യമങ്ങളാണ്, ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്ത്യയെ 136-ാം സ്ഥാനത്തേക്ക് തള്ളിവിട്ടതും. ഒരു സ്വതന്ത്ര ജനാധിപത്യരാജ്യത്തിന് ഭൂഷണമായ മാധ്യമപ്രവര്‍ത്തന രീതിയല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ആള്‍ട്ട് ന്യൂസ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍