UPDATES

വീഡിയോ

മുല മുറിച്ച് സമരം ചെയ്ത നങ്ങേലിമാരുടേത് കൂടിയാണ് നവോത്ഥാന ചരിത്രം: ശ്രീചിത്രൻ പ്രസംഗം/ വീഡിയോ

നവോത്ഥാന പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ചോരയുണ്ട്, വിയർപ്പുണ്ട്, സഹനമുണ്ട്, അവരുടെ സമരവുമുണ്ട്,

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും തുടർന്നുള്ള ചർച്ചകളും വിവിധ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ചരിത്രയാഥാർഥ്യങ്ങളെ മുൻ നിർത്തി ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത എഴുതിയും, പ്രസംഗിച്ചും, ചാനൽ ചർച്ചകളിൽ ഇടപെട്ടും സമര്‍ത്ഥിക്കുന്ന സമകാലീകരിൽ ശ്രദ്ധേയനാണ് ശ്രീചിത്രൻ എം ജെ. ആലത്തൂരിലെ നവോത്ഥാന സദസ്സിൽ നിന്ന് ശ്രീചിത്രൻ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ശ്രീചിത്രൻ പറയുന്നു…..

ലളിതാംബിക അന്തർജ്ജനം നവോത്ഥാനഘട്ടത്തിൽ എഴുതിയ ഒരു പുസ്തകം ഉണ്ട്, ‘ആത്മകഥക്ക്‌ ഒരാമുഖം’. ആ പുസ്തകത്തിൽ അവർ പറയുന്നു “ഞാൻ ഋതുമതിയായ ദിവസം എന്റച്ഛൻ കരഞ്ഞു, ‘അമ്മ കരഞ്ഞു, വീട്ടിലെ വേലക്കാരി പെണ്ണുങ്ങൾ കരഞ്ഞു. ഇവരെല്ലാം കരയുന്നത് കണ്ടു ഞാനും കരഞ്ഞു. മരിച്ച വീട് പോലെയായി എന്റെ വീടിന്റെ അവസ്ഥ. സാമൂഹിക ലോകത്തെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചിരുന്നു.” ഇതായിരുന്നു നൂറു കൊല്ലം മുൻപുള്ള കേരളം. ഒരു പെൺകുട്ടി ഋതുമതി ആയി തീർന്നു എന്നറിഞ്ഞ ദിവസം ആ വീട് മരിച്ച വീട് പോലെയാകുന്ന കേരളത്തിൽ നിന്ന് നടന്നു നടന്നു ആണ് നാം ഇന്നീ അവസ്ഥയിൽ എത്തിയിരുന്നത് എന്നോർക്കണം. ഇന്ന്‌ ബോധമുള്ള ഏതെങ്കിലും സ്ത്രീ തങ്ങളുടെ മകളോടോ, പേരക്കുട്ടിയോടോ ഋതുമതി ആയി തീർന്ന ദിവസം നീ ഒരു കൊടിയ പാപത്തിലേക്കു ആണ് നടന്നു നീങ്ങുന്നത് എന്ന് പറയും എന്ന് ഞാൻ കരുതുന്നില്ല.

‘ഋതുമതികൾ പഠിച്ചാലെന്താ’? എന്ന നവോത്ഥാന കാലത്തെ പ്രസിദ്ധമായ ഒരു നാടകം ഉണ്ട്. ആ നാടകത്തിൽ ആര്യ എന്ന അനുജത്തിയോട് ജ്യേഷ്ടത്തിയായ ദേവകി പറയുന്ന ഒരു സംഭാഷണ ശകലം ഉണ്ട്. “ആര്യേ നമുക്ക് നഷ്ട്ടപെടാനുള്ളത് ഓട്ടുവളകൾ മാത്രം കയ്യിലിട്ടും, ഓട്ടു പത്രങ്ങൾ മാത്രം കഴുകിയും നൂറ്റാണ്ടുകളോളം നാം കഴിഞ്ഞു കൂടിയ ഇരുട്ട് മാത്രം കുമിഞ്ഞു കൂടിയ അടുക്കളകളാണ്. കിട്ടാനുള്ളതോ പുതിയൊരു ലോകവും. തുലഞ്ഞു പോകട്ടെ ആര്യേ, ഈ ലോകം തുലഞ്ഞു പോകട്ടെ”.

നമുക്കല്ലെങ്കിൽ നമ്മുടെ അനുജത്തിമാർക്ക് ഒരു പുതിയ പ്രഭാതം കാണാനാകും എന്ന് പറഞ്ഞു ഘോഷ വലിച്ചു പൊട്ടിച്ച് മറക്കുടക്കുള്ളിലെ മഹാ നരകത്തിൽ നിന്ന്, അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും അവിടെ നിന്ന് തൊഴിൽ കേന്ദ്രങ്ങളിലേക്കും കുതിച്ച ചരിത്രമാണ് നവോത്ഥാനത്തിന്റെ ചരിത്രം, കേരള നവോത്ഥാനത്തിന്റെ ഒന്നാമത്തെ പ്രത്യേകത കീഴാള സ്വത്വത്തിന്റെ ഉയർച്ച ആണെങ്കിൽ രണ്ടാമത്തെ പ്രത്യേകത സ്ത്രീകളുടെ നവോത്ഥാന പ്രക്രിയ ആയി എന്നത് കൂടി ആയിരുന്നു.

നവോത്ഥാന ചരിത്രം പഠിക്കുമ്പോൾ ധാരാളം പുരുഷന്മാരായ മഹാരഥന്മാരുടെ പേരുകൾ നമുക്ക് കാണാനാകും, എന്നാൽ ആ നവോത്ഥാനനായകരുടെ മാത്രം സൃഷ്ട്ടി അല്ല നവോത്ഥാന ചരിത്രം, നവോത്ഥാന പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ചോരയുണ്ട്, വിയർപ്പുണ്ട്, സഹനമുണ്ട്, അവരുടെ സമരവുമുണ്ട്,

കല്ല് മാല വലിച്ചു പൊട്ടിച്ച കീഴാള സ്ത്രീയുടെ സമരം , മുല മുറിച് മുലക്കരത്തിനെതിരെ പ്രതിഷേധിച്ച നങ്ങേലിയുടെ സമരം, മറു മറയ്ക്കലിന് വേണ്ടി നടന്ന ചാന്നാർ കലാപം, മറക്കുടക്കുള്ളിലെ മഹാ നരകത്തിൽ നിന്ന് പുറത്തു വന്ന നമ്പൂതിരി സ്ത്രീകളുടെ കലാപം ഇങ്ങനെ നവോത്ഥാനത്തിന്റെ ഏതു ഏടുകൾ പരിശോധിച്ചാലും ശക്തമായ സ്ത്രീ സാന്നിധ്യങ്ങൾ കാണാനാകും. ഈ പോരാളികളുടെ ചരിത്രം കൂടിയാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ പോരാളികളായ, അഭിമാനികളായ സ്ത്രീകൾ അശുദ്ധരാണ് എന്ന് ഇപ്പോൾ ചിലർ പുലമ്പുമ്പോൾ ആരാണ് അവർക്കത്തിനുള്ള അവകാശം നൽകിയത് ? സ്ത്രീകളെ അശുദ്ധർ ആക്കുന്നവരെ ചോദ്യം ചെയ്യുമ്പോൾ അതിനു മറുപടിയെന്നോണം അപഹസിക്കുകയും, തെറി വിളിക്കുകയും, ആശ്രമം കത്തിക്കുകയും ചെയ്യുകയാണ് ഇന്ന് ചിലർ. പുരോഗമന മുന്നേറ്റങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരുടെ എന്നെന്നേക്കുമായി നിശബ്ദർ ആക്കാൻ നിങ്ങൾക്ക് താൽക്കാലികം ആയെങ്കിലും കഴിഞ്ഞാലും കേരളത്തിന്റെ മതനിരപേക്ഷത നിങ്ങളെ ഇവിടെ വളരാൻ അനുവദിക്കില്ല എന്നോർത്ത് കൊള്ളണം.

ഒന്ന് മാത്രം പറഞ്ഞു നിർത്തുന്നു. ചൗതാർക്കുളം എന്ന അവർണ്ണർക്ക് പ്രവേശനം ഇല്ലാതിരുന്ന സവർണർക്ക് മാത്രം പ്രവേശനമുള്ള കുളത്തിലേക്ക് അവർണ സമൂഹത്തിനൊന്നാകെ പ്രവേശനം നൽകി കൊണ്ട് ചൗതർക്കുളത്തിനു മുന്നിൽ വെച്ച് ഡോക്ടർ ബി ആർ അംബേദ്‌കർ നടത്തിയ ഒരു ഗംഭീര പ്രഭാഷണം ഉണ്ട്.

പ്രഭാഷണത്തിന്റെ ആദ്യ ഘട്ടമെന്നോണം അംബേദ്‌കർ ചെയ്യുന്നത് വൻജനാവലിയെ സാക്ഷി നിർത്തി കൊണ്ട് അദ്ദേഹം മനുസ്‌മൃതി കത്തിക്കുകയാണ്. എന്നിട്ടു അദ്ദേഹം പറഞ്ഞു “ആചാരങ്ങളുടെ കെട്ട സംഹിതയായ മനുസ്‌മൃതി ഞാൻ ഇവിടെ കത്തിക്കുന്നു. ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മുഴുവൻ മനുഷ്യർക്കും തുല്യ നീതി ഉറപ്പു വരുത്തുന്ന ഒരു ഭരണഘടന നിങ്ങൾക്ക് പകരം ഉണ്ടായിരിക്കും”. ആ വാഗ്ദാനത്തിന്റെ സാഫല്യമാണ്, ആ വാഗ്ദാനത്തിന്റെ നിറവേറ്റലാണ് വർഷങ്ങൾക്ക് ശേഷം, പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ ഭരണാഘടനയായി നമ്മുടെ കയ്യിലെത്തിയത്.

നൂറ്റാണ്ടുകൾ നീളുന്ന ജനാധിപത്യ പോരാട്ടത്തിന്റെ, അനേകം മനുഷ്യരുടെ യാതനകളുടെ ചരിത്രത്തിന്റെ ഫലമാണ് ഇന്ത്യൻ ഭരണഘടന. അത് കത്തിക്കാൻ തയ്യാറാണെന്ന് ഒരാൾ പത്തനംതിട്ടയില്‍ പ്രസംഗിച്ചു, ഭരണഘടന കത്തിച്ച് മനുസ്മ്രിതി ഭരണഘടനക്ക് പകരം വെക്കാൻ ഒരുങ്ങുന്നവർക്ക് ചരിത്രം മാപ്പ് നൽകിയിട്ടില്ല. കേരള സമൂഹം ഒരിക്കലും മാപ്പ് നൽകുകയുമില്ല.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍