UPDATES

ട്രെന്‍ഡിങ്ങ്

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അനുകൂല പുസ്തകങ്ങള്‍

ഇന്ത്യയുടെ തെക്കുഭാഗത്ത് ഹിന്ദുമഹാസമുദ്രം എന്ന് പഠിപ്പിക്കുന്ന പുസ്തകത്തില്‍ അര്‍ദ്ധസത്യവും അസത്യവുമായ 20 പരാമര്‍ശങ്ങളാണ് ഉള്ളതെന്നും റിപ്പോര്‍ട്ട്

ആര്‍എസ്എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നു. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലാണ് സംഘപരിവാര്‍ അനുകൂല പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി വിവിധ ക്ലാസുകളിലേക്കായി സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി വിതരണം ചെയ്ത പുസ്തകങ്ങളിലാണ് സംഘപരിവാര്‍ അനുകൂലവും ചരിത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ നാല് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിദ്യാഭാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയ്ക്കായി എല്ലാ സ്‌കൂളുകളിലും വിദ്യാഭാരതി നേരിട്ട് പ്രത്യേക പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു.

ഇന്ത്യയുടെ തെക്കുഭാഗത്ത് ഹിന്ദുമഹാസമുദ്രം എന്ന് പഠിപ്പിക്കുന്ന പുസ്തകത്തില്‍ അര്‍ദ്ധസത്യവും അസത്യവുമായ 20 പരാമര്‍ശങ്ങളാണ് ഉള്ളതെന്നും ചാനല്‍ റിപ്പോര്‍ട്ട് പറയുന്നു. കുട്ടികളില്‍ സംഘപരിവാര്‍ ചിന്തകള്‍ ചെറുപ്പത്തിലെ പരീക്ഷയുടെ പേരില്‍ കുത്തിവച്ച് കാവി രാഷ്ട്രീയം സാധ്യമാക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സവര്‍ക്കര്‍, ഹെഡ്‌ഗെവാര്‍ എന്നിവരുള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗെവാറെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി കാശ്മീരില്‍ രക്തസാക്ഷിത്വം വരിച്ച വീരബലിദാനിയാണ് ശ്യാമപ്രസാദ് മുഖര്‍ജിയെന്നുമൊക്കെയാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. മഥുരയില്‍ ഔറങ്കസേബിന്റെ ഭരണകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചെന്നും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പുസ്തകം വിശദീകരിക്കുന്നുണ്ട്. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ അഖണ്ഡഭാരതത്തെയും പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.

അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തില്‍ ‘ഹിന്ദു സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രത്തിന് ഐശ്വര്യവും ശാശ്വത പുരോഗതിയും കൈവരിക്കാനാകൂവെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ഈ ചിന്തയുടെ പൂര്‍ത്തീകരണമാണ് സംഘത്തിലൂടെ സാധ്യമായത്’ എന്നാണ് പറയുന്നത്. ഇത് ആര്‍എസ്എസിന്റെ ചിന്താഗതിയാണ്. ഇതുകൂടാതെ തെറ്റുകളും പഠിപ്പിക്കുന്നുണ്ട്. ആറാം ക്ലാസില്‍ വിതരണം ചെയ്ത പുസ്തകത്തില്‍ കേരളത്തിലെ നിയമസഭ സീറ്റുകളുടെ എണ്ണം 144 എന്നാണ് കൊടുത്തിരിക്കുന്നത്. നാലാം ക്ലാസിലെ പുസ്തകത്തില്‍ സാംസ്‌കാരിക ഉത്സവങ്ങളായി വിശദീകരിച്ചിരിക്കുന്നത് രക്ഷാബന്ധന്‍ പോലുള്ള ആഘോഷങ്ങളും വിശദീകരിക്കുന്നതിനൊപ്പം തിരുവോണത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത് വാമനജയന്തിയാണെന്നാണ്. ഭാരതത്തിന്റെ സംസ്‌കാരവും അഖണ്ഡതയുമായി ഏറ്റവും യോജിക്കുന്ന സാംസ്‌കാരിക ദേശീയ ഉത്സവമായി പറയുന്നത് കുംഭമേളയാണ്. ഗാന്ധിജിയ്ക്കും ടാഗോറിനുമൊപ്പം സ്ഥാനമുള്ളവരാണ് ഹെഡ്ഗവാറും സവര്‍ക്കറുമെന്നും ഈ പുസ്തകങ്ങളില്‍ അവകാശപ്പെടുന്നു.

സ്‌കൂള്‍ അധികൃതരും പുസ്തക വിതരണത്തിന് അനുമതി കൊടുത്തിരുന്നില്ല. സ്‌കോളര്‍ഷിപ്പ് എന്നു പറഞ്ഞാണ് പുസ്തകം വിതരണം ചെയ്തതെന്നും പിറ്റേന്ന് 50 രൂപ കൊടുത്താല്‍ പരീക്ഷ എഴുതാമെന്നുമാണ് വിദ്യാഭാരതി പറഞ്ഞതെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്ക് കീഴിലെ സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ കഴിഞ്ഞ വര്‍ഷം മുതലാണ് പൊതുവിദ്യാലയങ്ങളിലും വ്യാപകമായി നടത്തി തുടങ്ങിയത്. ഈ വര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങളില്‍ നിന്നും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് വിദ്യാഭാരതിയുടെ അഖിലേന്ത്യ നേതാക്കള്‍ പറയുന്നത്.

രാജ്യത്തിന്റെ പാഠ്യപദ്ധതിയിലേക്ക് നുഴഞ്ഞു കയറാനും ചെറുപ്പത്തിലേ കുട്ടികളിലേക്ക് സംഘപരിവാര്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ഹിറ്റ്‌ലര്‍ മോഡല്‍ പദ്ധതി ആവിഷ്‌കരിക്കുകയാണ് ആര്‍എസ്എസ് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് വിദ്യാഭാരതി സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതും പുസ്തകം വിതരണം ചെയ്തതുമെന്നാണ് വിശദീകരണം ലഭിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഡിപിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍