UPDATES

ട്രെന്‍ഡിങ്ങ്

ജനങ്ങള്‍ തള്ളിക്കളഞ്ഞ വിളപ്പില്‍ശാല മോഡലിന്റെ പ്രചാരകനായി മോഹന്‍ലാല്‍

കഴിഞ്ഞദിവസം വരെ ശുചിത്വ മിഷനുവേണ്ടി ഉറവിട മാലിന്യസംസ്കരണ പരിപാടിയുടെ പ്രചാരകനായി സംസാരിച്ച മോഹന്‍ലാല്‍ ഒറ്റ രാത്രികൊണ്ട് നേരേ വിപരീതദിശയില്‍

വിളപ്പില്‍ശാലയില്‍ ഉള്‍പ്പെടെ കേരളം തള്ളിപ്പറഞ്ഞ കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന്‍റെ പ്രചാരകനാകാന്‍ ലഫ്. കേണല്‍ പദ്മശ്രീ ഭരത് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് തീരുമാനിച്ചതെന്നറിയില്ല. അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാകാനാണ് സാധ്യത. കഴിഞ്ഞദിവസം വരെ ശുചിത്വ മിഷനുവേണ്ടി ഉറവിട മാലിന്യസംസ്കരണ പരിപാടിയുടെ പ്രചാരകനായി സംസാരിച്ച മോഹന്‍ലാല്‍ ഒറ്റ രാത്രികൊണ്ട് നേരേ വിപരീതദിശയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചതിന്‍റെ വൈരുദ്ധ്യം അദ്ദേഹമെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

ഇപ്പോഴും കൃത്യമായ രൂപം ലഭിച്ചിട്ടില്ലാത്ത, എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഉപജ്ഞാതാക്കള്‍ക്കുപോലും അറിവില്ലാത്ത ഒരു പദ്ധതിയാണ് മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം എന്നു പേരിട്ട് സംസ്ഥാനത്തേക്ക് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം. ഇതിനു പിന്നില്‍ വലിയതോതിലുള്ള അഴിമതിക്കാണ് വഴിയൊരുങ്ങുന്നതെന്ന് സംശയിക്കണം. മാലിന്യനിര്‍മാര്‍ജ്ജന രംഗത്ത് യാതൊരു അടിസ്ഥാന പ്രവര്‍ത്തിപരിചയവുമില്ലാത്ത, റോഡ് മാനേജ്മെന്‍റില്‍ മാത്രം പരിചയമുള്ള ഒരാളെയാണ് സര്‍ക്കാര്‍ ഇതിന്‍റെ ചുമതല ഏല്‍പിച്ച് വ്യവസായ വകുപ്പില്‍ കുടിയിരുത്തിയിരിക്കുന്നത്.

കേരളത്തില്‍ 2012 ഒക്ടോബറില്‍ രണ്ടു കോടിയിലേറെ രൂപ മുടക്കി വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ അനുഭവം നാം മറന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ അഹമ്മദാബാദില്‍ നിന്ന് വാങ്ങിയ ഇത് കോര്‍പ്പറേഷന് പ്രവര്‍ത്തിപ്പിക്കാനായി നല്‍കി. മാലിന്യം കത്തിച്ചശേഷം ഇൻസിനറേറ്ററിൽ അടിയുന്ന വിഷച്ചാരം എന്തുചെയ്യുമെന്ന കാര്യത്തിൽ അന്നും ആർക്കും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. മണിക്കൂറിൽ അര ടൺ മുതൽ ഒരു ടൺ വരെ ദഹനശേഷിയുള്ള ഇൻസിനറേറ്റർ ഉപയോഗിച്ച് ഒരുദിവസം പരമാവധി കത്തിക്കാനായത് 24 ടൺ മാലിന്യമാണ്. ട്രയൽ റൺ സമയത്ത് ഒരുദിവസം പരമാവധി അഞ്ചുമുതൽ ആറു ടൺവരെ മാലിന്യം മാത്രമാണ് ഈ യന്ത്രം ദഹിപ്പിച്ചത്. ഒരു മണിക്കൂർ പ്രവർത്തിക്കാൻ ഇതിന് 130-135 ലിറ്റർ ഡീസല്‍ വേണ്ടിവന്നു. അഞ്ചുമാസംകൊണ്ട് കുറഞ്ഞത് 78,000 ലിറ്റർ ഡീസലെങ്കിലും ഈ യന്ത്രം കുടിച്ചുതീർത്തിട്ടുണ്ട്. അപകടകാരിയെന്നതിനപ്പുറം വലിയൊരു സാമ്പത്തികബാധ്യത കൂടിയാണ് ഈ യന്ത്രം വരുത്തിവച്ചത്. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഈ ഇന്‍സിനറേറ്റര്‍ സര്‍ക്കാരിനുതന്നെ തിരിച്ചുകൊടുത്തു. അതിപ്പോള്‍ ഏതോ പഞ്ചായത്തില്‍ അനാഥമായി കിടപ്പുണ്ട്.

എന്തുകൊണ്ടാണ് ഞങ്ങള്‍ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തെ എതിര്‍ക്കുന്നതെന്നു വ്യക്തമാക്കാം. മാലിന്യം തരംതിരിക്കാതെ എല്ലാത്തരം മാലിന്യവും കൂട്ടിക്കലര്‍ത്തി പുറന്തള്ളാനാണ് കേന്ദ്രീകൃത സംവിധാനങ്ങള്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്നതാണ് പ്രധാന കുറ്റം. ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക്കും റബ്ബറും കുപ്പിച്ചില്ലും ഇ വേസ്റ്റും എല്ലാം കൂടിക്കലര്‍ന്നാല്‍ മാലിന്യസംസ്കരണം നടക്കില്ലെന്നതിന് വിളപ്പില്‍ശാല തന്നെ പ്രധാന തെളിവ്. മാത്രമല്ല, ഇത്തരം പ്ലാന്റുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍, അത് കത്തിക്കലാണെങ്കില്‍പോലും, നിശ്ചിത അളവ് മാലിന്യം ദിവസവും ലഭിക്കണം. അതില്‍ കുറഞ്ഞാല്‍ ഇതു നടത്തുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ പിഴ നല്‍കേണ്ടിവരും. അതായത് മാലിന്യോല്‍പാദനം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണ് ഇത്തരം പ്ലാന്റുകള്‍ പ്രേരിപ്പിക്കുക.

മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റാണത്രെ കേരളത്തില്‍ സ്ഥാപിക്കുന്നത്. ഓര്‍ക്കുക, മാലിന്യം കത്തിച്ചാല്‍ വൈദ്യുതി ഉണ്ടാകില്ല. വൈദ്യുതോല്‍പാദനത്തിനുള്ള വിവിധ നടപടിക്രമങ്ങള്‍ക്ക് മാലിന്യം കത്തിക്കുന്നതിലൂടെ ലഭിക്കുന്ന ചൂട് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനായി മാലിന്യം കത്തിക്കാന്‍ അതിലേറെ വൈദ്യുതി വേണ്ടിവന്നേക്കാം. വൈദ്യുതി ഉല്‍പാദിപ്പിക്കലല്ല, മറിച്ച് മാലിന്യം കത്തിക്കലാണ് ഇവിടെ പ്രധാനമായും നടത്തുന്നത്. അതിനുള്ള മറ മാത്രമാണ് വൈദ്യുതോല്‍പാദനം എന്ന പേര്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ലോകത്ത് പലയിടത്തും മാലിന്യം കത്തിക്കാനായി ഇൻസിനറേറ്ററുകൾ സ്ഥാപിച്ചുതുടങ്ങിയിരുന്നു. എന്നാൽ ഇതുമൂലമുള്ള അപകടങ്ങളെപ്പറ്റിയുള്ള പഠനറിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയപ്പോൾ, 1980കളുടെ തുടക്കം മുതലാണ് പല രാജ്യങ്ങളും ചവറുകത്തിക്കൽ യന്ത്രങ്ങൾ നിരോധിച്ചു തുടങ്ങിയത്. 1985നും 1994നും ഇടയ്ക്ക് അമേരിക്കയിൽ 280 ഇൻസിനറേറ്റർ പദ്ധതികൾ റദ്ദാക്കിയിട്ടുണ്ട്. അനവധി യൂറോപ്യൻ രാജ്യങ്ങളും ഇൻസിനറേറ്ററുകൾ നിരോധിക്കുകയുണ്ടായി. പലയിടത്തും അതിനുവേണ്ടി മലിനീകരണ നിയന്ത്രണ നിയമങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്തു. 1996ൽ യൂറോപ്യൻ യൂണിയനിൽ കൊണ്ടുവന്ന മാർഗനിർദ്ദേശങ്ങൾ ബ്രിട്ടനിലെ 23 ഇൻസിനറേറ്ററുകളാണ് പൂട്ടാൻ കാരണമായത്. ജപ്പാനിൽ 2002ൽ പ്രാബല്യത്തിൽ വന്ന ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 509 ചവറുകത്തിക്കൽ പ്ലാന്റുകളാണ് പൂട്ടിയത്.
മാലിന്യനിർമാർജ്ജനത്തിനായി ഇൻസിനറേറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും അവസാനം അത് വേണ്ടെന്നു വയ്ക്കുകയും ചെയ്ത നാല് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം.

1. പോളണ്ടിലെ വയ്‌സ്‌കോ. പ്രതിവർഷം 22,000 ടൺ മാലിന്യം കത്തിക്കാനുതകുന്ന ഇൻസിനറേറ്റർ സ്ഥാപിക്കാനായിരുന്നു പദ്ധതി. വയ്‌സ്‌കോയിൽ പ്രതിവർഷം ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം 5000 ടൺ മാത്രമായിരുന്നു. തൊട്ടടുത്ത മേഖലകളിൽ നിന്നുള്ള മാലിന്യംകൂടി ശേഖരിച്ച് കത്തിക്കാമെന്നതായിരുന്നു ഇതിനു പരിഹാരമായി ഇൻസിനറേറ്റർ കമ്പനി മുന്നോട്ടു വച്ച നിർദ്ദേശം. എന്നാൽ ഇവിടെ കത്തിക്കലിനുശേഷം പുറത്തുവരുന്ന അവക്ഷിപ്തമാലിന്യം ഏകദേശം 10,000 ടൺ ആയിരുന്നു. വയ്‌സ്‌കോയിൽ ഉൽപാദിപ്പിക്കപ്പെടുന്ന യഥാര്‍ഥ മാലിന്യത്തിന്റെ ഇരട്ടി. സ്വാഭാവികമായും ഇൻസിനറേറ്ററിനെതിരെ പ്രതിഷേധം ശക്തമാകുകയും ഈ പദ്ധതി ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

2. പോളണ്ടിലെ സക്രോസിൻ. കൃഷിയേയും കാർഷിക ടൂറിസത്തേയും ആശ്രയിച്ചു ജീവിക്കുന്ന സക്രോസിനിലെ പ്രാദേശിക സമൂഹത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഭക്ഷ്യോൽപന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടി സിറ്റി കൗണ്‍സില്‍ ആദ്യംതന്നെ പദ്ധതി നിരസിച്ചു.

3. തായ്‌ലൻഡിലെ ഓൺ നട്ട്. 2001ൽ സ്ഥാപിക്കാൻ പദ്ധതിയിട്ട ഇൻസിനറേറ്റർ, ടോക്‌സിക് പൊല്യൂഷനോടൊപ്പം വൻ സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുമെന്നു പറഞ്ഞാണ് വേണ്ടെന്നു വച്ചത്.

4. 2002 ഒക്ടോബറിൽ തമിഴ്‌നാട്ടിലും ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നീക്കം വേണ്ടെന്നുവച്ചു. പ്രതിദിനം 600 ടൺ മാലിന്യം കത്തിക്കാനുള്ള പ്ലാന്റിന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡാണ് ആദ്യം ചുവപ്പുകൊടി കാട്ടിയത്. 4.1 കോടി യു.എസ് ഡോളറാണ് പദ്ധതിക്കു ചെലവു കണക്കാക്കിയിരുന്നത്. ഉയർന്ന തോതിലുള്ള മലിനീകരണവും പ്രവർത്തനച്ചെലവും കണക്കിലെടുത്താണ് ഈ പദ്ധതി തമിഴ്‌നാട് സർക്കാർ വേണ്ടെന്നു വച്ചത്.

ഇനി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച ബ്രിട്ടനിലെ ന്യൂകാസില്‍ സിറ്റില്‍ സംഭവിച്ചതെന്താണെന്നു നോക്കാം.

ബയ്ക്കർ എന്ന സ്ഥലത്തു സ്ഥാപിച്ചിരുന്ന ഇൻസിനറേറ്ററിൽ നിന്നുള്ള അവക്ഷിപ്തങ്ങൾ 1994 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ നടപ്പാതകളും കമ്യൂണിറ്റി ഗാർഡനുകളും നിർമിക്കാനാണ് ഉപയോഗിച്ചത്. ഏതാണ്ട് 2000 ടണ്ണോളം വരും ഇത്. പിന്നീട് ന്യൂകാസിൽ സർവ്വകലാശാല ലബോറട്ടറി ഇവിടങ്ങളിലെ മണ്ണു പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പരിധിക്കപ്പുറമുള്ള ഘനലോഹങ്ങളും ഡയോക്‌സിനുകളുമാണ് മണ്ണിൽ കലർന്നിരുന്നത്. ഇതേതുടർന്ന് 2000 ഏപ്രിലിൽ ന്യൂ കാസിൽ സിറ്റി കൗൺസിൽ പൊതുജനങ്ങൾക്കിടയിൽ മുന്നറിയിപ്പു നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ചാരമിട്ടു നിർമിച്ച പൂന്തോട്ടങ്ങൾക്കു സമീപം കുട്ടികളെ കളിക്കാൻ വിടരുതെന്നും ഈ പ്രദേശത്തു മേയുന്ന പക്ഷിമൃഗാദികളുടെ മുട്ട ഉൾപ്പെടെയുള്ളവ ഉപയോഗിക്കരുതെന്നും ഇവിടെ നിന്നു ശേഖരിക്കുന്ന പച്ചക്കറികൾ നന്നായി കഴുകിയും തൊലി നീക്കം ചെയ്തും വേണം ഉപയോഗിക്കാനെന്നുമായിരുന്നു അത്. ഇതൊന്നും പോരാതെ 2002 ജനുവരിയിൽ ന്യൂകാസിൽ സിറ്റി കൗൺസിലിനേയും പ്ലാന്റിന്റെ ഓപ്പറേറ്റർമാരായിരുന്ന കോൺട്രാക്ട് ഹീറ്റ് ആൻഡ് പവർ കമ്പനിയേയും പ്രൊസിക്യൂട്ട് ചെയ്യുകയും വിഷച്ചാരം പടർത്തിയതിന് അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

വിവിധതരത്തിലുള്ള മാലിന്യങ്ങളുടെ മിശ്രിതം കത്തിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അവക്ഷിപ്തങ്ങൾ ഏറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണെന്നു പഠനങ്ങൾ പറയുന്നു. മലിന ലോഹങ്ങളും ഡയോക്‌സിനുകളും ആസിഡ് ഗ്യാസുമാണ് ഇൻസിനറേറ്ററുകൾ പുറംതള്ളുന്ന പ്രധാന വിഷങ്ങൾ. ഇവയിൽ പലതും അർബുദം ഉൾപ്പെടെ മാരകരോഗങ്ങൾക്കു വഴിതെളിച്ചേക്കാവുന്നവയാണ്. ലെഡ്, ആഴ്‌സെനിക്, മെർക്കുറി തുടങ്ങിയ ലോഹമാലിന്യങ്ങളടങ്ങിയ ചാരം ലാൻഡ് ഫില്ലിനും മറ്റും ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന പരിണതഫലങ്ങൾ വളരെ വലുതാണ്.

കേരളത്തില്‍ പല സ്ഥാപനങ്ങളിലും ഇപ്പോഴും ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ എത്രയെണ്ണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ഉണ്ടെന്ന് അന്വേഷിക്കുമ്പോഴാണ് ഇതിനു പിന്നിലെ തീക്കളി വ്യക്തമാകുക.

അതുകൊണ്ട് കേന്ദ്രീകൃത മാലിന്യസംസ്കരണത്തിനു വേണ്ടിയുള്ള ബോധവല്‍ക്കരണത്തിന്‍റെ അംബാസിഡറാകും മുന്‍പ് പദ്ധതിയെപ്പറ്റി മിനിമം ബോധമെങ്കിലും കംപ്ലീറ്റ് ആക്ടര്‍ ഉണ്ടാക്കിയെടുക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കില്‍ ജനങ്ങളുടെ എതിര്‍പ്പ് ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക.

വിവരങ്ങള്‍ക്ക് കടപ്പാട്: www.no-burn.org, Resources up in flames

(ടി സി രാജേഷ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍