UPDATES

വായിച്ചോ‌

ഹാപ്പി ബര്‍ത്ത് ഡേ മോദിജീ (ബിലേറ്റഡ്), ഇനി താങ്കളുടെ 10 തോല്‍വികളെക്കുറിച്ച് പറയാം

ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ചില വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരുന്നു. ഈ വാഗ്ദാനങ്ങളില്‍ നടപ്പാക്കാത്ത 10 കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. വാഗ്ദാനങ്ങളില്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം പിറന്നാളായിരുന്നു ഇന്നലെ. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ട് മൂന്ന് വര്‍ഷമായി. നല്ലതായാലും മോശമായാലും ശരിയായാലും തെറ്റായാലും ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത് മോദി ചില വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരുന്നു. ഈ വാഗ്ദാനങ്ങളില്‍ നടപ്പാക്കാത്ത 10 കാര്യങ്ങളെക്കുറിച്ചാണ്, മോദിക്ക് ഫ്രീ പ്രസ് ജേണലില്‍ പിറന്നാളാശംസ നേര്‍ന്നതിനൊപ്പം റോണക് മസ്താകര്‍ പറയുന്നത്. വാഗ്ദാനങ്ങളില്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയാകാതെ കിടക്കുകയാണെന്ന് മസ്താകര്‍ ചൂണ്ടിക്കാട്ടുന്നു.

മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് വന്‍ വിജയം നേടാന്‍ സഹായകമായത് യുപിഎ സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരത്തിനൊപ്പം ഇത്തരം വാഗ്ദാനങ്ങളും കൂടിയായിരുന്നുവെന്ന് മസ്താകര്‍ അഭിപ്രായപ്പെടുന്നു. അച്ഛേ ദിന്‍ വാഗ്ദാനം മുന്നോട്ട് വച്ചവര്‍ രാജ്യത്തിന്റെ പൊതു സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ഭീതിയിലും ആശങ്കയിലുമാണ് കഴിയുന്നത്. പണപ്പെരുപ്പം, വരള്‍ച്ച, കാര്‍ഷികത്തകര്‍ച്ച തുടങ്ങിയവയെല്ലാം ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് വലിയ വാഗ്ദാങ്ങള്‍ നല്‍കിയ മോദി ഇത് ഫലപ്രദമാക്കുന്നതില്‍ പരാജയപ്പെട്ടു. ഹിന്ദു ദേശീയവാദം ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തേയും സമ്പദ് വ്യവസ്ഥയേയും ദുര്‍ബലപ്പെടുത്തുന്നു. മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

മോദി പാലിക്കാത്ത 10 വാഗ്ദാനങ്ങളെ കുറിച്ച്:

  1. ഒരു കോടി തൊഴിലവസരം

ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കള്‍ക്ക് മുന്നില്‍ മോദി വച്ചിരുന്ന വാഗ്ദാനം. എന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ് ചെയ്തിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷം (2013-14) സൃഷ്ടിച്ച തൊഴിലവസരങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ ഏറെ താഴോട്ട് പോയി. പല സ്വകാര്യ കമ്പനികളും കൂട്ടപ്പിരിച്ചിവിടലുകള്‍ നടത്തിയതിലൂടെയുണ്ടായ തൊഴില്‍ നഷ്ടം പ്രതിസന്ധി കൂട്ടി.

2. കള്ളപ്പണം പിടികൂടി എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപയിടും

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ വാഗ്ദാനങ്ങളില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ച ഒന്നായിരുന്നു വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചതടക്കമുള്ള കള്ളപ്പണം പിടിച്ചുകഴിഞ്ഞാല്‍ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ ഇട്ടുതരും എന്നത്. കള്ളപ്പണം പിടിക്കാനെന്ന പേര്് പറഞ്ഞ് നിലവിലുണ്ടായിരുന്ന 1000, 500 നോട്ടുകള്‍ അസാധുവാക്കി. എല്ലാം ചെയ്തുകഴിഞ്ഞിട്ടും ഇതുവരെ ആരുടേയും അക്കൗണ്ടില്‍ ഈ 15 ലക്ഷം രൂപ എത്തിയിട്ടില്ല.

3. എല്ലാ വീടുകളിലും വൈദ്യുതി

മോദിയുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന്. ഗ്രാമങ്ങളിലടക്കം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഗ്രാമീണ വൈദ്യുതീകരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയത് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന (ആര്‍ജിജിവിവൈ) പദ്ധതിയുടെ ഭാഗമായാണ്. 2010-11ലെ ബജറ്റില്‍ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിച്ചു. മോദി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പേര് ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാംജയന്തി യോജന എന്ന് പേര് മാറ്റി ക്രെഡിറ്റ് പോക്കറ്റിലാക്കാന്‍ ശ്രമിച്ചു. 19,219 ഗ്രാമങ്ങളെയാണ് മോദി സര്‍ക്കാര്‍ പദ്ധതിയിലേയ്ക്ക് കൊണ്ടുവന്നത്. 3.2 ശതമാനം മാത്രം.

4. ജിഡിപി വളര്‍ച്ച

നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ഭാഗമായി അസാധുവാക്കപ്പെട്ട 15.44 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളില്‍ 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ (98.96 ശതമാനം) തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരുന്ന ഇന്ത്യക്ക് നോട്ട് നിരോധനം ആ സ്ഥാനം നഷ്ടമാക്കി. ജിഡിപി വളര്‍ച്ചയില്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി (7.1 ശതമാനം പ്രതീക്ഷിച്ചിടത്ത് 6.1). നോട്ട് നിരോധനം സമ്പന്നരായ കള്ളപ്പണക്കാരെ പിടിക്കാനുള്ള പരിപാടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞതിലൂടെ മോദി പരാഷ്ട്രീയമായി വിജയം നേടി. എന്നാല്‍ നോട്ട് നിരോധനം നയപരമായി വലിയൊരു പരാജയമാണ്. സാധാരണക്കാരായ ജനങ്ങളും സമ്പദ് വ്യവസ്ഥയും ഇതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

5. സമാധാനപരമായ സഹവര്‍ത്തിത്വം

സമാധാനപരവും സുരക്ഷിതവുമായ ജീവിത സാഹചര്യം എല്ലാവര്‍ക്കും ഉറപ്പാക്കുമെന്ന് മോദിയും ബിജെപിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ ബന്ധമുള്ള ഗോരക്ഷകരും ആള്‍ക്കൂട്ട അക്രമികളും ആളുകളെ ബീഫിന്റെ പേരിലും മതത്തിന്റെ പേരിലും തല്ലിക്കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ വലിയ തോതില്‍ കൂടിയതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2016-17ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

6. മേക് ഇന്‍ ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സ്വപ്‌നപദ്ധതിയായി അറിയപ്പെടുന്ന മേക് ഇന്‍ ഇന്ത്യ കാര്യമായ ചലനമുണ്ടാക്കിയില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്നതാണ് പദ്ധതി. ഇന്ത്യയില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി. മാനുഫാക്ച്വറിംഗ് രംഗത്തടക്കം വലിയ നേട്ടം ലക്ഷ്യമിടുന്ന മേക് ഇന്‍ ഇന്ത്യ പദ്ധതിയോട് ഇതുവരെ നിക്ഷേപകര്‍ സ്വീകരിച്ചത് പൊതുവെ തണുത്ത പ്രതികരണം.

7. സ്വച്ഛ് ഭാരത്

മോദിയുടെ മറ്റൊരു വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനം. കൊട്ടിഘോഷിക്കപ്പെട്ട തരത്തില്‍ ഒരു മാറ്റവും പദ്ധതിയുണ്ടാക്കിയില്ല. 2015ലെ ഇന്ത്യ സ്‌പെന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം 2015-16 കാലത്ത് 80 ലക്ഷത്തോളം കക്കൂസുകള്‍ മാത്രമാണ് രാജ്യത്താകെ നിര്‍മ്മിക്കാനായത്. മാത്രമല്ല 10ല്‍ ആറ് ടോയ്‌ലറ്റുകളില്‍ വെള്ളമെത്തിക്കാനുള്ള സൗകര്യവുമില്ലെന്ന് 2015-16ലെ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഒ) നടത്തിയ സര്‍വേയും വ്യക്തമാക്കുന്നു.

8. ഗംഗ ശുചീകരണം

വാരണാസിയില്‍ മത്സരിക്കാനെത്തിയപ്പോള്‍ മോദി മുന്നോട്ട് വച്ച പ്രധാന വാഗ്ദാനം ഗംഗാനദിയുടെ സമ്പൂര്‍ണ ശുചീകരണമായിരുന്നു. ഗംഗ ശുചീകരണത്തിന് പ്രതിജ്ഞാപബദ്ധരാണെന്നാണ് ബിജെപി പറഞ്ഞുകൊണ്ടിരുന്നത്. ഗംഗാശുചീകരണത്തിനായി പ്രത്യേക വകുപ്പ് തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു. കോടിക്കണക്കിന് രൂപ വകയിരുത്തി. മൂന്ന് വര്‍ഷമായിട്ടും കാര്യമായ ഒരു മാറ്റവും ശുചീകരണവും സംഭവിച്ചില്ല എന്നതാണ് വസ്തുത.

9. ഏകീകൃത സിവില്‍കോഡ്

ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളില്‍ ഒന്നുമാണത്. മുത്തലാഖ് എന്ന് സ്ത്രീവിരുദ്ധ വിവാഹമോചന സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചതോടെ സര്‍ക്കാരിന് വേണമെങ്കില്‍ ഏകീകൃത സിവില്‍ കോഡുമായി മുന്നോട്ട് പോകാം. വ്യത്യസ്തമായ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സാമൂഹ്യജീവിതത്തില്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമായ സിവില്‍ കോഡ് എന്നത് ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ ഭരണഘടന തന്നെ വിഭാവനം ചെയ്യുന്നതാണ്. എന്നാല്‍ ന്യൂനപക്ഷ മതമൗലികവാദ സംഘടനകളെ പ്രകോപിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനുള്ള ഒരു രാഷ്ടീയ ആയുധം മാത്രമായാണ് ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെ ബിജെപിയും സംഘരിവാറും കാണുന്നത് എന്നതിനാല്‍ ഇത്തരമൊരു നീക്കം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നില്ല.

10. പാകിസ്ഥാനോടുള്ള നയം

യുപിഎ സര്‍ക്കാരിനെ മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കാരണങ്ങളില്‍ ഒന്നാണ് പാകിസ്ഥാനോടുള്ള നയം. മന്‍മോഹന്‍ സിംഗ് ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും പാകിസ്ഥാനെ നിലയ്ക്ക് നിര്‍ത്താനുള്ള ശേഷി അദ്ദേഹത്തിനില്ലെന്നും മോദി പരിഹസിച്ചിരുന്നു. എന്നാല്‍ മോദിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളും ആക്രമണങ്ങളും കൂടുകയാണ് ചെയ്തത്. നിരവധി സൈനികരും സിവിലിയന്മാരും കൊല്ലപ്പെട്ടു. മസില് പിടുത്തത്തിനപ്പുറം ദുര്‍ബലമാണ് മോദിയുടെ വിദേശനയം എന്നാണ് വ്യക്തമാകുന്നത്.

വായനയ്ക്ക്: https://goo.gl/X4WFRv

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍