UPDATES

വൈറല്‍

വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്ന സിപിഎമ്മിന് ആർഎസ്എസിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ വിമർശിക്കാൻ എന്ത് യോഗ്യത?

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന്റെ പേരില്‍ അപകീര്‍ത്തികേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ട അര്‍ജുന്‍ സംസാരിക്കുന്നു

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച യുവാവിനുനേരെ അപകീര്‍ത്തികേസ്. കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശിയും ആർ.എം.പി പ്രവർത്തകനുമായ അര്‍ജ്ജുനെതിരെയാണ് ഐ. പി.സി. 500 പ്രകാരം കേസെടുത്തിരിക്കുന്നത്.

മാസങ്ങൾക്ക് മുൻപ്, “എതിരഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാൻ പറയാൻ ആർ.എസ്.എസിന് എന്തവകാശം…എല്ലാവർക്കും ഇവിടെ ജീവിക്കണം ..” എന്നു പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്ത അർജുൻ,അതോടൊപ്പം “അതേ സർ,ഇവിടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്” എന്ന ക്യാപ്‌ഷനോടുകൂടി ടി.പി.ചന്ദ്രശേഖരന്റെ ഫോട്ടോയും ഉൾക്കൊള്ളിച്ച് സ്വന്തം പ്രൊഫൈലിൽ ഇട്ട മറ്റൊരു പോസ്റ്റിനെ ചൊല്ലിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് അർജുൻ പ്രതികരിക്കുന്നു;

തീർത്തും ജനാധിപത്യ വിരുദ്ധ നടപടിയാണ് എനിക്കുനേരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശത്തെ എന്റെ കാഴ്ച്ചപ്പാടിൽ വിമർശിച്ചുകൊണ്ട് ഞാൻ ഒരു ഫേസ്ബുക് പോസ്റ്റിട്ടത്. ആർ.എസ്.എസിന്റെ ഫാസിസ്റ്റ് നടപടികളെ വിമർശിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തോടുള്ള എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തിയത്, സി.പി.എം. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായ ടി.പി.ചന്ദ്രശേഖരന്റെ ഒരു ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ്. ഇതിനെത്തുടർന്ന് നിരവധി വിമർശനങ്ങളും ഭീഷണിപ്പെടുത്തലുകളും സൈബർ സഖാക്കൾ എനിക്ക് നേരെ നടത്തിയിരുന്നു. പിന്നീട്, മൂന്നോ നാലോ മാസങ്ങൾക്കു ശേഷം ഇതേ ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് കൊണ്ട്‌ മറ്റൊരു ഫോണ്‍ കോൾ വന്നു. അത് പോലീസ് ഹെഡ് ക്വൊർടേഴ്‌സിൽ നിന്നായിരുന്നെന്നു പിന്നീട് അറിയാൻ കഴിഞ്ഞു. അതിനുശേഷം ഇപ്പോൾ നവംബർ 13ന് ആണ് മാന നഷ്ടക്കേസ് ഫയൽ ചെയ്ത സമൻസ് വന്നിരിക്കുന്നത്. വടകര സ്വദേശിയായ ഷാജു എന്നയാളുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു.

വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള സി.പി.എമ്മിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ എതിർപ്പിന്റെ കേവലം ഒരു ഉദാഹരണമായി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ. ആർ.എം.പി എന്ന രാഷ്ട്രീയ സംഘടനയുടെ വളർച്ചയോടുള്ള സി.പി.എം.ന്റെ ഭയവും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. ഭിന്നാഭിപ്രായക്കാരെ ഉന്മൂലനം ചെയ്യുക എന്നത് സി.പി.എമ്മിന്റെ അലിഖിത അജണ്ടയാണ്. എനിക്കെതിരെ ഇതിനുമുൻപും ഭീഷണിയും കള്ളക്കേസും ഉണ്ടായിട്ടുണ്ട്. സൈബർ ആക്രമങ്ങൾ നിത്യസംഭവങ്ങളാണ്. ഫേസ്ബുക്കിൽ ഭിന്നാഭിപ്രായക്കാരെ അക്രമിക്കാൻ വേണ്ടിമാത്രം സി.പി.എമ്മിന് പേജുകൾ ഉണ്ട്. ഒരു വ്യക്തി അവർക്കെതിരെ ശബ്ദമുയർത്തിയാൽ ആൾബലവും പണക്കൊഴുപ്പും ഉപയോഗിച്ച് അവരെ അടിച്ചമർത്തുക. ഇതാണ് നിലവിലെ സി.പി.എം. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തി അടിച്ചമർത്തുന്നതെല്ലാം ഇതേ ആവശ്യം മുൻനിർത്തിയാണ്. അതിന്റെയെല്ലാം ഒരു ചെറിയ അവസ്ഥാന്തരമാണ് എനിക്കെതിരെ വന്നിട്ടുള്ള മാന നഷ്ടക്കേസ്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങൾക്ക് ഭരണകൂടത്തിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ അനുമതി നൽകാത്ത സി.പി.എമ്മിന് ആർ.എസ്.എസിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളത്..?

കേവലം സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ പോലും മാന്യത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗമാണ് ഇന്ന് കേരളം ഭരിക്കുന്നത്. കെ.കെ.രമയെ പോലുള്ള പ്രവർത്തകരുടെ ഫേസ്ബുക് പോസ്റ്റുകളിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തുന്ന പ്രതികരണങ്ങളെല്ലാം അങ്ങേയറ്റം അശ്ലീലമാണ്. ഇതേ സഖാക്കൾ തന്നെയാണ് സ്ത്രീ സുരക്ഷക്കായി ഓടി നടക്കുന്നത് എന്നത് തീർത്തും വിരോധാഭാസം.

ടി.പി സഖാവിന്റെ ചോരവീണ ഒഞ്ചിയത്തിന്റെ തൊട്ടടുത്ത നാട്ടുകാരനാണ് ഞാൻ. ഒരു ആർ.എം.പി. പ്രവർത്തകൻ. ‘തെറ്റുകൾ തിരുത്തുക’ ഇതാണ് ആർ.എം.പി. മുന്നോട്ട് വെക്കുന്ന ആശയം. ആർ.എം.പി യുടെ വളർച്ച സി.പി.എം നേറ്റ തിരിച്ചടിയാണ്.അവർ ആർ.എം.പി. യെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് പ്രവർത്തകർക്ക് നേരെ വർധിച്ചുവരുന്ന ഭീഷണിപ്പെടുത്തലുകളും കള്ളക്കേസുകളും. പാർട്ടിക്കെതിരെ നിരവധി കുപ്രചരണങ്ങളും ഇവർ അഴിച്ചുവിടുന്നു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സി.പി.എം പോലൊരു ദേശീയ പാർട്ടി ജനങ്ങളുടെ വായമൂടിക്കെട്ടാൻ കാണിക്കുന്ന ഇത്തരം വ്യഗ്രതയോട് പുച്ഛം മാത്രം.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍