UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും ഈ ബസ് യാത്ര 2019ലേക്കോ?

കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുതല്‍ ഒന്നിച്ചു കൂടാനുള്ള സാധ്യതകളൊന്നും പ്രതിപക്ഷ നേതാക്കള്‍ വേണ്ടെന്ന് വയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്

ഇന്നലെ ചെന്നൈയില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ്മയായി മാറിയിരുന്നു. ഡിഎംകെ ആസ്ഥാനമായ അണ്ണ അറിവാലയത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിര തന്നെ ചടങ്ങില്‍ ഉണ്ടായിരുന്നു. ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, നടന്‍ രജനികാന്ത് എന്നിവരുടെ സാന്നിധ്യവും ചടങ്ങിന്റെ പ്രത്യേകതയായി. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ ക്ഷണപ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തത്.

2004 മുതല്‍ കോണ്‍ഗ്രസിനൊപ്പം യുപിഎയിലുണ്ടായിരുന്ന ഡിഎംകെ 2014ലാണ് സഖ്യം വിട്ടത്. അടുത്തിടെ കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയും ചെയ്തു. കരുണാനിധി രോഗബാധിതനായി കിടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനെത്തിയതും വാര്‍ത്തയായി. പിന്നീട് കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകളിലും രാഹുല്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇന്നലെ സ്റ്റാലിന്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. ഇന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആ ചടങ്ങുകളില്‍ സ്റ്റാലിന്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം നിരവധി പ്രതിപക്ഷ നേതാക്കളും. ഇന്നലത്തെയും ഇന്നത്തെയും ചടങ്ങുകള്‍ ആകെ കൂട്ടിക്കിഴിച്ചു നോക്കിയാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമായി കഴിഞ്ഞുവെന്ന് വ്യക്തമാകും. കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുതല്‍ ഒന്നിച്ചു കൂടാനുള്ള സാധ്യതകളൊന്നും പ്രതിപക്ഷ നേതാക്കള്‍ വേണ്ടെന്ന് വയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ ചടങ്ങുകള്‍ പ്രതിപക്ഷത്തിന്റെ ശക്തിപ്രകനമാക്കാനാണ് ശ്രമം.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നേതാക്കളെല്ലാം ചേര്‍ന്ന് നടത്തുന്ന ഒരു ബസ് യാത്രയുടെ ചിത്രമാണ്. സത്യപ്രതിജ്ഞ ചടങ്ങിലേക്കാണ് ഇവരുടെ യാത്ര. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയുമാണ് ചിത്രത്തില്‍ ഏറ്റവും മുന്നിലുള്ളത്. ശരത് പവാറും ശരത് യാദവും തൊട്ടടുത്ത സീറ്റിലുണ്ട്. രാഹുലിന് പിന്നില്‍ സ്റ്റാലിന്‍. തൊട്ടുപിന്നില്‍ കുഞ്ഞാലിക്കുട്ടിയെയും എന്‍കെ പ്രേമചന്ദ്രനെയും ഫറൂഖ് അബ്ദുള്ളയെയും നാരായണ സ്വാമിയെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയുമൊക്കെ കാണാം. ഏറ്റവും പിന്നിലായി കനിമൊഴിയെയും.

ഔദ്യോഗികമായി ഒരു സഖ്യമുണ്ടാക്കിയാല്‍ പോലും ഈ നേതാക്കളെയെല്ലാം ഒരുമിച്ച് കാണാനാകുമോയെന്ന് സംശയമാണ്. എന്നാല്‍ ഒരു ബസില്‍ ഇവരെല്ലാം ഒരുമിച്ച് യാത്രചെയ്യുകയാണ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. നേതാക്കളുടെ ഈ ബസ് യാത്ര 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കാണോയെന്നാണ് എല്ലാവരുടെയും ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍