UPDATES

വൈറല്‍

പുടിന്‍ വീണ്ടും സല്‍മാന്‍ ഖാനായി: സൈബീരിയയിലെ മീന്‍ പിടിത്തവും ശരീരപ്രദര്‍ശനത്തിലെ രാഷ്ട്രീയവും

തന്റെ അരോഗ ദൃഢഗാത്രതയുടെ പ്രദര്‍ശനം, അതിലൂടെ താന്‍ ശക്തനായി തന്നെ നിലനില്‍ക്കുന്നു എന്ന അറിയിപ്പ് – ഇതാണ് പുടിന്‍ റഷ്യന്‍ ജനതയോടും ലോകത്തോടും പങ്ക് വയ്ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഷര്‍ട്ടഴിച്ച് മസിലെല്ലാം പുറത്തുകാട്ടി മീന്‍ പിടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് ദിവസത്തെ അവധിയില്‍ സൈബീരിയയിലെത്തിയതാണ് പുടിന്‍. പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനൊപ്പം പുടിന്‍ മീന്‍ പിടിക്കുകയും നീന്തുകയും വെയില്‍ കായുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രസിഡന്റിന്റെ ഓഫീസായ ക്രെലിനില്‍ നിന്നാണ് പുറത്തുവിട്ടത്. മംഗോളിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ദക്ഷിണ സൈബീരിയയിലെ ടൈവ റിപ്പബ്ലിക്കിലാണ് പുടിന്‍ അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ എത്തിയത്.

മലയോരത്തെ തടാകത്തിലെ തണുത്ത വെള്ളത്തില്‍ പുടിന്‍ നീന്തിക്കുളിച്ചു. ഇവിടെ 17 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില ഉയരാറില്ല. എന്നാല്‍ പുടിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് മുന്നില്‍ തണുപ്പൊന്നും വിഷയമായില്ല. ഓക്‌സിജന്‍ മാസ്‌കുമായി വെള്ളത്തിനടിയിലും അദ്ദേഹം നീന്തി. അവസാനം രാഷ്ട്രീയ എതിരാളികളെ പോലെ തേടി നടന്ന ഒരു മത്സ്യത്തേയും പൊക്കിയാണ് പുടിന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിയത്. വാള്‍ പയറ്റടക്കമുള്ള ആയോധനകലകള്‍, ഐസ് ഹോക്കി, കുതിരസവാരി തുടങ്ങിയവയിലെല്ലാം മികവ് പുലര്‍ത്തുന്ന പുടിന്‍ റഷ്യയുടെ ഏകനേതാവെന്ന തന്റെ പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ഈ പേശീബലവും കായികക്ഷമതയുമെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നേരത്തേയും പലപ്പോഴും ഇത്തരത്തിലുള്ള ശരീര പ്രദര്‍ശനം പുടിന്‍ നടത്തിയിരുന്നു.

തന്റെ അരോഗ ദൃഢഗാത്രതയുടെ പ്രദര്‍ശനം, അതിലൂടെ താന്‍ ശക്തനായി തന്നെ നിലനില്‍ക്കുന്നു എന്ന അറിയിപ്പ് – ഇതാണ് പുടിന്‍ റഷ്യന്‍ ജനതയോടും ലോകത്തോടും പങ്ക് വയ്ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത മാര്‍ച്ചില്‍ റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പുടിന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പുടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ പല ഘട്ടങ്ങളിലും ഉയരാറുണ്ടെങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളും കാര്യമായ വെല്ലുവിളി ഉയര്‍ത്താത്തതിനാല്‍ പുടിന്റെ ചോദ്യം ചെയ്യപ്പെടാത്ത ‘ജനാധിപത്യ വാഴ്ച’ തുടരുമെന്ന് തന്നെയാണ് പൊതുവായ വിലയിരുത്തല്‍.




മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍