UPDATES

സോഷ്യൽ വയർ

സിപിഎമ്മിനെ തോല്‍പ്പിച്ചു, താടി വടിച്ചു: ഇത് ‘ശ്രീകണ്ഠന്റെ പ്രതികാരം’

തന്റെ പ്രതികാര കഥയ്ക്ക് പിന്നില്‍ വിദ്യാര്‍ത്ഥി ജീവിത കാലത്ത് സിപിഎമ്മില്‍ നിന്നുണ്ടായ ആക്രമണമാണ് കാരണം എന്നാണ് ശ്രീകണ്ഠന്‍ പറയുന്നത്.

മഹേഷിന്റെ പ്രതികാരം പോലൊന്ന് പാലക്കാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠനും മനസില്‍ കുറിച്ചിരുന്നു. തന്നെ നടുറോഡിലിട്ട് പൊതിരെ തല്ലിയ ജിംസണെ തല്ലി വീഴ്ത്തിയിട്ടേ ഇനി കാലില്‍ ചെരിപ്പിടൂ എന്നാണ് ശ്യാം പുഷ്‌കരന്റേയും ദിലീഷ് പോത്തന്റേയും സ്വന്തം മഹേഷ് ഭാവന പ്രതിജ്ഞ എടുത്തത് എങ്കില്‍ വികെ ശ്രീകണ്ഠന്റെ പ്രതിജ്ഞ വേറൊന്നായിരുന്നു. സിപിഎമ്മിനെ തോല്‍പ്പിച്ചിട്ടേ ഇനി താടി വടിക്കൂ എന്നായിരുന്നു അത്. തന്റെ പ്രതികാര കഥയ്ക്ക് പിന്നില്‍ വിദ്യാര്‍ത്ഥി ജീവിത കാലത്ത് സിപിഎമ്മില്‍ നിന്നുണ്ടായ ആക്രമണമാണ് കാരണം എന്നാണ് ശ്രീകണ്ഠന്‍ പറയുന്നത്.

മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. വലിയ മുറിവുണ്ടായി. ആളുകളോട് മറുപടി പറയാന്‍ വയ്യാതായി. അങ്ങനെയാണ് മുറിവ് കാണാത്തവിധം താടി വളര്‍ത്താന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ താടി വയ്ക്കുന്നതിനെ എതിര്‍ത്തപ്പോള്‍ ശ്രീകണ്ഠന്‍ പറഞ്ഞു: ഞാന്‍ ഒരു ദിവസം താടി വടിക്കും. പക്ഷെ സിപിഎമ്മിനെ തോല്‍പ്പിച്ചിട്ട് മാത്രം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികമാരും പ്രതീക്ഷിക്കാത്ത, ആരും പ്രവചിക്കാത്ത പരാജയമാണ് സിപിഎം ഇത്തവണ പാലക്കാട് നേരിട്ടത്. കേരളമാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗമാണ് സിപിഎമ്മിന്റെ ഉരുക്ക് കോട്ട തകര്‍ക്കാന്‍ ശ്രീകണ്ഠനെ സഹായിച്ചത്. രണ്ട് തവണ എംപിയായ, മറ്റൊരു ‘താടിക്കാര’നായ എംബി രാജേഷിനെ 11,637 വോട്ടിന് അട്ടിമറിച്ച് ശ്രീകണ്ഠന്‍ ലോക്‌സഭയിലേയ്ക്ക് പ്രവേശനം നേടിയപ്പോള്‍ ആ പഴയ പ്രതികാരവും സാക്ഷാത്കരിച്ചു. ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടുമായാണ് താടി വടിച്ച ശ്രീകണ്ഠനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പാലക്കാട് എംഎല്‍എ പറമ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍