UPDATES

ട്രെന്‍ഡിങ്ങ്

ജാതിഗുണ്ടകളോട്, ‘വിശ്വാസം നിന്റെ കോവിലിനുള്ളില്‍ മതി, തൊട്ടുകൂടായ്മ നിന്റെ അഴുകിയ മനസിലും’

ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോടുള്ള ജാതിവെറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ദളിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോട് അനാദരവു കാട്ടിയ ഹിന്ദുത്വ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നത് തടഞ്ഞുകൊണ്ടാണ് ജാതിക്കോമരങ്ങള്‍ ഉറഞ്ഞാടിയത്. ഏറണാകുളത്തപ്പന് അയിത്തമാകും എന്നതായിരുന്നു കാരണം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതിഷേധ കുറിപ്പുകള്‍ വായിക്കാം

ആരാണ് ആചാരങ്ങളും അനാചാരങ്ങളും തീരുമാനിക്കുന്നത്? വി എം ഗിരിജ

അശാന്തന്റെ മൃതദേഹം എവിടെ എങ്ങനെ വെയ്ക്കണം എന്ന് എറണാകുളം ക്ഷേത്രസമിതി തീരുമാനിച്ച കാര്യം ജില്ലാ ഭരണ കൂടത്തിനും പോലീസിനും തീരാത്ത ഒരു കളങ്കമാണ്. ആരാണ് ആചാരങ്ങളും അനാചാരങ്ങളും തീരുമാനിക്കുന്നത്? ലളിതകലാ അക്കാദമി പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കയറി ആചാര മര്യാദ പഠിപ്പിക്കാന്‍ അവരെ സമ്മതിച്ചത് നമുക്കെല്ലാവര്‍ക്കും നാണക്കേടാണ്. ഏതു ആചാരങ്ങള്‍? ഏത് നിയമങ്ങള്‍? ഇത് പറയാന്‍ ധൈര്യം വന്നത് എന്ത് കൊണ്ട്? ദളിത്‌ എന്നത് ഒരു പഠന അക്കാദമിക് വിഷയമായി കാണുന്ന ബുദ്ധിജീവികളെയും ഞാന്‍ ഇത് ചിന്തിക്കാനായി ക്ഷണിക്കുന്നു. അമ്പല ചടങ്ങ് മുടങ്ങും, അതിനു വിരുദ്ധം ആണിത് എന്നു ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ മുറ്റത്തെ പന്തലില്‍ നിന്ന് പറയുന്നവര്‍ ചരിത്രം പഠിച്ചു നോക്കുമ്പോള്‍ കാണാം രീതികള്‍ എങ്ങനെ ഒക്കെ മാറിയിട്ടുണ്ട് എന്ന്.

ഇന്നലെ ചെയ്തോരബദ്ധം-മൂഢ-
ര്‍ക്കിന്നത്തെയാചാരമാവാം.
നാളത്തെ ശാസ്ത്രമതാവാം
അതില്‍ മൂളായ്ക സമ്മതം രാജന്‍.
സത്യധര്‍മങ്ങള്‍ക്കെതിരാം ശാസ്ത്രം
ശ്രദ്ധിയായ്കങ്ങു നൃപതേ! എന്ന് കുമാരനാശാന്‍ എഴുതിയത് എത്ര പ്രസക്തം.

സത്യത്തിൽ കേരളം ഭരിക്കുന്നതാരാണ്? കെ കെ രമ

സത്യത്തിൽ കേരളം ഭരിക്കുന്നതാരാണ്?

ഇന്നലെ അന്തരിച്ച പ്രശസ്ത കലാകാരൻ അശാന്തൻ മാഷിന്റെ (മഹേഷ്‌ ) ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കാതെ ജാതിപുനരുത്ഥാന ശക്തികൾക്ക് അപമാനിക്കാൻ സാധിച്ചത് ഒരു ഞെട്ടലോടെയേ കാണാനാവൂ. സമൂഹം നേടിയെടുത്ത പുരോഗമന മൂല്യങ്ങൾക്കും നമ്മുടെ നവോത്ഥാന പാരമ്പര്യത്തിനും നേർക്ക് കടുത്ത വെല്ലുവിളിയാണിവർ ഉയർത്തുന്നത്. ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കേണ്ടിയിരുന്ന എറണാകുളം ദർബാർ ഹാൾ ആർട് ഗാലറി ക്ഷേത്രനടയ്ക്ക് മുന്നിലാണെന്ന ദുർബലവും പരിഹാസ്യവുമായ വാദമാണ് ഉയർത്തപ്പെട്ടത്.

ചാതുർവർണ്യ കാലത്തിന്റെ ജാതിക്കോയ്മയ്ക്ക് കീഴിലുള്ള ഒരു ഇന്ത്യയെ രൂപപ്പെടുത്താൻ പ്രയത്നിക്കുന്നവർ ഇങ്ങനെ പെരുമാറുന്നതിൽ അദ്‌ഭുതപ്പെടാനൊന്നുമില്ല.

പക്ഷേ, ഇത് കേരളമാണ് എന്നതാണ്, ഇവിടെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നതാണ് ഗൗരവതരമായ കാര്യം. ‘ജാതിയില്ലാ വിളംബരത്തിൻറെ നൂറാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടിയ ഒരു ഭരണകൂടം നോക്കി നിൽക്കേയാണ് ദളിതനായ ഒരു കലാകാരൻ മരണാനന്തരവും ഇവ്വിധം അപമാനിക്കപ്പെട്ടത്. ഭരണകൂടവും ക്രമസമാധാന പാലനത്തിന് ഉത്തരവാദപ്പെട്ട പോലീസും ഈ തെമ്മാടിത്തത്തിന് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്നലെ എറണാകുളത്ത് കണ്ടത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അതുകൊണ്ടാണ് “കേരളം ഭരിക്കുന്നതാരാണ് ? ” എന്ന് ചോദിക്കേണ്ടിവരുന്നത്. വിരലിലെണ്ണാവുന്ന ക്രിമിനൽ കൂട്ടങ്ങൾക്ക് മുന്നിൽ കേരള പോലീസിന്റെ മുട്ടുവിറയ്ക്കുന്നു എന്നത് രാഷ്ട്രീയമായും യുക്തിപരമായും വിശ്വാസയോഗ്യമായ കാര്യമല്ല.

നിലമ്പൂരിൽ മാവോവാദി നേതാക്കളെ വെടിവച്ചു കൊല്ലാനും, പുതുവൈപ്പിനിലും ഗെയിൽ വിരുദ്ധ സമരത്തിലും, ജിഷ്ണു പ്രണോയ് സംഭവത്തിലും പാവപ്പെട്ട മനുഷ്യരുടെ തല തല്ലിപ്പൊളിക്കാനും തെരുവിൽ വലിച്ചിഴയ്ക്കാനും ആത്മവീര്യമുള്ള പോലീസാണിത്. സവർണ പ്രമാണിത്തം ജാതിമതിൽ കെട്ടിയ വടയംപടിയിൽ പ്രതിഷേധിച്ച ദളിത്‌ സംഘടനാ നേതാക്കൾക്കളെയും സാമൂഹ്യപ്രവർത്തകരെയും പിടികൂടി തല്ലിച്ചതച്ചു തടവറയിലേക്ക് വലിച്ചെറിയാൻ വീര്യം കാട്ടിയ പോലീസാണിത്.

സവർണ്ണാധികാര കൽപനകളെ ചുട്ടെരിച്ചും ജാതിമതിലുകളെ ഇടിച്ചുനിരത്തിയും മനുഷ്യർക്ക് മുന്നിൽ അന്തസ്സാർന്ന ജീവിതത്തിന്റെ ആത്മാഭിമാന ലോകങ്ങൾ തുറന്നുനൽകിയ നവോത്ഥാന കേരളത്തിൽ ജനാധിപത്യ ഭരണകൂടവും അതിന്റെ സേനയും സവർണ്ണജാതി സാംസ്കാരികതയുടെ ജനാധിപത്യവിരുദ്ധ തിട്ടൂരങ്ങൾക്കും അവരുയർത്തുന്ന ജാതിമതിലുകൾക്കും കാവൽ നിൽക്കുന്നതിൽപരം അപമാനകരമായി മറ്റെന്താണുള്ളത്!!നീതി സമരങ്ങളോട് നിർഗ്ഗുണ നിഷ്പക്ഷത ഭാവിക്കുന്ന ഭരണാധികാരി വേട്ടക്കാരുടെ പക്ഷത്താണെന്ന് തിരിച്ചറിയാൻ തെല്ലും പ്രയാസമില്ല.

കാലഹരണപ്പെട്ട ജാതിയനീതികൾ പുനരാനയിക്കാനുള്ള നീക്കങ്ങളെ ജനാധിപത്യ കേരളത്തിന് അതുകൊണ്ടുതന്നെ ജാഗ്രതയോടെ പൊരുതിതോല്പിക്കേണ്ടതുണ്ട്.

വ്രണപ്പെടുന്ന വികാരങ്ങൾ വൃണപ്പെടട്ടെ. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടതില്ല-ജെയ്സണ്‍ സി കൂപ്പര്‍ 

മനുഷ്യവിരുദ്ധമായ ബ്രാഹ്മണ്യത്തിന്റെ ശുദ്ധാശുദ്ധ ആചാരങ്ങളെയും അനാചാരങ്ങളെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല, കമ്മ്യൂണിസ്റ്റുകൾക്കാകട്ടെ ഒട്ടുമില്ല. എന്നുമാത്രമല്ല തകർക്കാനുള്ള ഉത്തരവാദിത്തമുണ്ടുതാനും. ബ്രാഹ്മണ്യത്തിന്റെ മാത്രമല്ല, മറ്റേത് മതത്തിന്റെയും മനുഷ്യവിരുദ്ധമായ ആചാരങ്ങളെ തകർക്കുക തന്നെ വേണം. അതിന്റെ പേരിൽ വ്രണപ്പെടുന്ന വികാരങ്ങൾ വൃണപ്പെടട്ടെ. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടതില്ല.

ഇന്നലെ നാടിന്റെ പ്രിയ ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച കോൺഗ്രസ്സിന്റെ നേതൃത്തിൽ എത്തിയ ഹിന്ദുത്വ ശക്തികൾ ബ്രാഹ്മണ പാരമ്പര്യങ്ങളെ അപമാനിക്കരുതെന്നാണ് പറഞ്ഞത്. ഒരു ദളിതന്റെ മൃതദേഹം കുറച്ചു നേരത്തേക്ക് ക്ഷേത്രത്തിനടുത്തുള്ള ഒരു സർക്കാർ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ വെക്കുന്നതുപോലും ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുമത്രെ. ഭീഷണിയുടെ സ്വരത്തിൽ തന്നെയാണ് അവർ സംസാരിച്ചത്. തങ്ങളുടെ പിള്ളേർ വന്നാൽ ഇങ്ങനെ ആയിരിക്കില്ലെന്നും മൃതദേഹം അവിടെ വെക്കാൻ ശ്രമിക്കുന്നവർ നടന്നായിരിക്കില്ല പുറത്തേക്ക് പോകുന്നതെന്നും അവർ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ച ലളിതകലാ അക്കാദമിയുടെ അധികാരികളുമായി ചർച്ച നടത്തിയ പൊലീസ് ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കുകയല്ല ചെയ്തത്, മറിച്ച് ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് അക്കാദമിയുടെ സാധാരണയായി തുറക്കാറുപോലുമില്ലാത്ത വടക്കുകിഴക്കേ മൂലയിലൂടെ ഒളിച്ചു കടത്തുന്നതുപോലെ അശാന്തൻമാഷിന്റെ മൃതദേഹം അകത്തേക്ക് കടത്തുന്നതും കിഴക്കേ വരാന്തയിൽ വെക്കുന്നതും. നാട്ടിലെ ഒരു നിയമവും ആ മൃതദേഹം അക്കാദമിയുടെ മുന്നിലെ ഗെയ്റ്റിലൂടെ അകത്ത് പ്രവേശിപ്പിക്കുന്നത് തടയുന്നില്ല എന്നിരിക്കെയാണ് ബ്രാഹ്മണ പാരമ്പര്യങ്ങളെ സംരക്ഷിക്കാനെത്തിയവരുടെ ഭീഷണിക്ക് വഴങ്ങി ഇപ്രകാരമൊരു നടപടി പൊലീസ് സ്വീകരിച്ചത്.

‘വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കും’

ബ്രാഹ്മണ പാരമ്പര്യങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ഹിന്ദുത്വ ശക്തികൾ എത്തിയത്. ബ്രാഹ്മണ പാരമ്പര്യങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥപ്പെട്ട ഒരു പാർട്ടി തന്നെയാണത്. പക്ഷെ എന്തിനാണ് കമ്മ്യൂണിസ്റ്റുകളെന്നവകാശപ്പെടുന്ന ഒരു പാർട്ടി നയിക്കുന്ന സർക്കാർ അതിന് കൂട്ടുനിൽക്കുന്നത്. അങ്ങേയറ്റം മനുഷ്യവിരുദ്ധമായ ഹിന്ദു വികാരങ്ങൾ വ്രണപ്പെടുമെന്നാണെങ്കിൽ അത് വൃണപ്പെടുക തന്നെ ചെയ്യട്ടെ. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങൾ തന്നെയും ഇന്നാട്ടിലെ ബഹുഭൂരിപക്ഷം മനുഷ്യർക്കും മനുഷ്യപദവി പോലും നിഷേധിച്ച് അടിച്ചമർത്തിയ ബ്രാഹ്മണ്യത്തിന്റെ വഷളൻ വികാരങ്ങളെ ഒടുവിൽ, ഒരുപാട് വൃണപ്പെടുത്തി തന്നെയാണ് അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾ നടത്തിയവർ വിജയപാതയിലേക്ക് നടന്നു കയറിയത്. ഇനിയും ഒരുപാട് വികാരങ്ങളെ വൃണപ്പെടുത്തി തന്നെയേ ആ പോരാട്ടങ്ങൾക്ക് മുന്നോട്ട് പോകാനാവുകയുമുള്ളൂ.

ബ്രാഹ്മണ്യത്തിന്റെ മാത്രമല്ല, മറ്റേത് മതത്തിന്റെയും മനുഷ്യവിരുദ്ധമായ ആചാരങ്ങളെ തകർക്കുക തന്നെ വേണം. അതിന്റെ പേരിൽ വ്രണപ്പെടുന്ന വികാരങ്ങൾ വൃണപ്പെടട്ടെ. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടതില്ല.

അശാന്തനെപ്പോലുള്ള കേരളത്തിലെ ഒരു കലാകാരന്‍ സമൂഹത്തിലും ഭരണകൂടത്തിലും അംഗീകരിക്കപ്പെടണമെങ്കില്‍ കോടികളൊഴുക്കുന്ന ബിനാലെക്കാലങ്ങള്‍ ഇനിയുമേറെക്കഴിയേണ്ടിവരും-ടി സി രാജേഷ് 

പുരോഗമനം പറയുന്ന കേരളം ചിലപ്പോഴെങ്കിലും ജാതീയതയുടേയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ഉത്തരേന്ത്യയെപ്പോലെ ആകുമെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇന്നലെ ദര്‍ബാര്‍ ഹാളിനു മുന്നില്‍ ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോടു കാട്ടിയ അനാദരവ്. അധികമാരും പ്രതിഷേധിച്ചു കണ്ടില്ല, നിയമസഭയില്‍ അടിയന്തരപ്രമേയമുണ്ടാകുമെന്നും തോന്നുന്നില്ല. ക്ഷേത്രഭാരവാഹികളും അശാന്തന്‍റെ സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കം ക്ഷേത്രം ഭാരവാഹികളും അക്കാദമി ഭാരവാഹികളും ചേര്‍ന്ന് സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയെന്നു പറഞ്ഞ് ഒറ്റ എഡിഷനില്‍ ഒതുക്കി ലളിതവല്‍ക്കരിച്ചിരിക്കുകയാണ്, തമ്പ്രാന്‍റെ കൊച്ചുമകളുടെ കല്യാണവാര്‍ത്തയും തിരണ്ടുകുളിയും വരെ ഓള്‍ എഡിഷന്‍ അച്ചടിക്കാന്‍ മടിയില്ലാത്തവര്‍ പോലും.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്‍റെ മതിലിനകത്തല്ല അശാന്തന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ തീരുമാനിച്ചത്. കലാപ്രദര്‍ശനത്തിനു വേദിയാകുന്ന ദര്‍ബാര്‍ ഹാള്‍ എന്ന പൊതുസ്ഥലത്താണ്. എന്നിട്ടും ക്ഷേത്രത്തിന് അശുദ്ധിയാകുംപോലും! ക്ഷേത്രമതിലിന്‍റെ എത്ര വാര അകലെയാകണം ശവപ്രവേശമെന്ന് ഏതെങ്കിലും ഗ്രന്ഥത്തില്‍ എഴുതിവച്ചിട്ടുണ്ടോ? ഇവിടെ തിരുവനന്തപുരത്ത് പാളയത്തെ ഗണപതി കോവിലിനോടു ചേര്‍ന്നാണ് മുസ്ലീം പള്ളിയുടെ കബറിടം. ഹനുമാന്‍ കോവിലിനു നേരേ എതിര്‍വശത്താണ് ക്രിസ്ത്യന്‍ പള്ളിയുടെ സെമിത്തേരി. തൈക്കാട് ശാന്തികവാടത്തോടു ചേര്‍ന്നും ഒന്നിലേറെ ക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നുമില്ലാത്ത അശുദ്ധി എന്താണ് എറണാകുളത്തപ്പനു മാത്രം?

എറണാകുളത്തപ്പന് അയിത്തം; ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞു

അശാന്തന്‍റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നത് തടയുകമാത്രമല്ല, ആ കലാകാരന്‍റെ ചിത്രം വലിച്ചുകീറുക കൂടി ചെയ്തു സവര്‍ണ നാറികള്‍. എന്നിട്ടോ മുദ്രാവാക്യവും വിളിച്ച് പ്രതിഷേധിക്കലും. അവരുടെ പ്രതിഷേധം അംഗീകരിച്ചു കൊടുത്തതിലൂടെ പൊലീസും അക്കാദമി ഭാരവാഹികളും ചെയ്തത് സാമൂഹിക കുറ്റകൃത്യമാണ്. ഒരു പൊതുസ്ഥലത്തിനു മേലുള്ള മതത്തിന്‍റെ കടന്നുകയറ്റം അംഗീകരിച്ചുകൊടുക്കലാണ്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ് അത്. കേരളം ഒന്നാമതെന്ന് അഭിമാനിച്ചുയര്‍ത്തിയ ശിരസ്സ് ഒരു നിമിഷത്തേക്കെങ്കിലും താഴ്ത്തിപ്പിടിക്കാതെ വയ്യ.

നാളെ ഏതൊരു കലാകാരനും ഇത്തരമനുഭവം കേരളത്തിലുണ്ടാകാം. അപ്പോള്‍ സാധാരണക്കാരന്‍റെ അവസ്ഥയോ? മൂന്നു തവണ ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയ ചിത്രകാരനാണ് അശാന്തന്‍. എന്തു പ്രയോജനം? അങ്ങിനെയുള്ള ഒരു കലാകാരന്‍റെ ശവത്തിന് സ്ഥാനം കിട്ടിയത് സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള ദര്‍ബാര്‍ ഹാളിന്‍റെ പര്യമ്പുറത്താണ്. കീഴ്ജാതിക്കാരന്‍ വീടിന്‍റെ പര്യമ്പുറത്തു നിന്നാല്‍ മതിയെന്ന സവര്‍ണ മനോഭാവമല്ലാതെ മറ്റെന്താണിത്? അശാന്തന്‍റെ മൃതദേഹം സംസ്കരിച്ചപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതായും സൂചനയില്ല. അതിനൊന്നും നാം ഇപ്പോഴും ഒരു ക്രൈറ്റീരിയ നിശ്ചയിച്ചിട്ടില്ലല്ലോ.

അശാന്തനെപ്പോലുള്ള കേരളത്തിലെ ഒരു കലാകാരന്‍ സമൂഹത്തിലും ഭരണകൂടത്തിലും അംഗീകരിക്കപ്പെടണമെങ്കില്‍ കോടികളൊഴുക്കുന്ന ബിനാലെക്കാലങ്ങള്‍ ഇനിയുമേറെക്കഴിയേണ്ടിവരുമെന്നു തന്നെയാണ് ഈ സംഭവം നല്‍കുന്ന സൂചന.

പള്ളി, അമ്പലം തുടങ്ങിയ ഉടായിപ്പു കേന്ദ്രങ്ങൾ സമീപഭാവിയിൽ ചരിത്ര പഠനശാലകളോ മ്യൂസിയങ്ങളോ, ആയി മാറും-ആന്‍റോ ജോര്‍ജ്ജ് 

ഇല്ല കത്തിക്കുന്നില്ല..കലാ സൃഷ്ടികളാണ് അവ. പക്ഷെ ഈ കാണുന്ന എല്ലാ പള്ളി അമ്പലം തുടങ്ങിയ ഉടായിപ്പു കേന്ദ്രങ്ങൾ എല്ലാം സമീപഭാവിയിൽ ചരിത്ര പഠനശാലകളോ മ്യൂസിയങ്ങളോ, ഒക്കെയായി മാറും മാറിയിരിക്കും…. Sorry Asanthan Mahesh..

തുടച്ച് നീക്കണം, ആ മാലിന്യങ്ങളെ. ചെറുത്തുനില്‍ക്കണം ഈ അശ്ലീലങ്ങളൊക്കെ-ശ്രീജിത്ത് ദിവാകരന്‍ 

ഭക്തി, വിശ്വാസം തുടങ്ങിയവ അമ്പലത്തിന്റെ ചുറ്റുമതിലില്‍ നിന്ന് പുറത്തേയ്ക്ക് അഴുക്കുവെള്ളം പോലെ തള്ളിവരുന്നതിനെ ഇപ്പോഴെതിര്‍ത്തില്ലെങ്കില്‍ ആര്‍.എസ്.എസും എന്‍.എസ്.എസും അനുബന്ധകിങ്കിരിപട്ടാളങ്ങളും ചേര്‍ന്ന് നാടു ഭരിക്കും. ജനാധിപത്യപ്രകാരം ഭരണചുമതലയുള്ളവര്‍ ജാഗ്രതയോടെ നില്‍ക്കണം. വടയമ്പാടിയില്‍ ജാതിമതില്‍ ഉയരുമ്പോള്‍ തല്ലി തകര്‍ക്കേണ്ട ഉത്തരവാദിത്തം അവിടത്തെ ദളിതരുടേതല്ല, ജനാധിപത്യക്രമം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആ നാടിന്റേത് മൊത്തമാണ്.

അശാന്തന്റെ മൃതദേഹം അമ്പലത്തിനോ വിശ്വാസത്തിനോ ഒരു അവകാശവുമില്ലാത്ത ദര്‍ബാര്‍ ഹാളിലോ മറ്റേതെങ്കിലും ഹാളിലോ പൊതുപ്രദര്‍ശനത്തിന് വയ്ക്കുന്നത് തടയാനായി അവര്‍ക്കായിട്ടുണ്ടെങ്കില്‍ നമ്മള്‍ ലജ്ജിക്കണം. നാളെ ആ പരിസരത്തെ ഗാലറികളില്‍ എം.എഫ്.ഹുസൈന്റെ ചിത്രം വയ്ക്കരുത്, പത്മിനിയുടെ ചിത്രം വയ്ക്കരുത്, പത്തിനും അന്‍പതിനും ഇടയിലുള്ള ചിത്രകാരികളെ കയറ്റരുത്, മേല്‍വസ്ത്രം ധരിക്കരുത്, ദാലിയും പിക്കാസോയും ക്രിസ്ത്യാനികളാണ് എന്നൊക്കെ പറഞ്ഞ് അവര്‍ വരും. ചിത്രങ്ങള്‍ അവര്‍ കത്തിക്കും. അപ്പോഴും ആസ്ഥാന കലാധരന്മാര്‍ ‘അത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്, എന്റെ എറണാകുളത്തപ്പന് ചില പ്രമാണങ്ങളുണ്ട്’ എന്നൊക്കെ പറഞ്ഞ് വരും.

തുടച്ച് നീക്കണം, ആ മാലിന്യങ്ങളെ. ചെറുത്തുനില്‍ക്കണം ഈ അശ്ലീലങ്ങളൊക്കെ. വിശ്വാസം നിന്റെ കോവിലിനുള്ളില്‍ മതി, തൊട്ടുകൂടായ്മ നിന്റെ അഴുകിയ മനസിലും എന്ന് ആവര്‍ത്തിച്ച് പറയണം. അല്ലെങ്കില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് നമ്മളിനിയും സത്യാഗ്രഹങ്ങള്‍ കുറെ നടത്തേണ്ടി വരും.

ഇവിടെ ഏതു രാഷ്ട്രീയമാണ് ഭരിക്കുന്നത് എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം? കെ ജെ ജേക്കബ്

അശാന്തൻ എന്ന ചിത്രകാരനോട് ചെയ്ത നീതികേടിന്റ്റെ പേരിൽ നമ്മൾ ചരിത്രത്തിന്റെ മുൻപിൽ കുറ്റക്കാരായി മാറിയില്ലേ? നവോത്‌ഥാനം കള്ളനാണയമായില്ലേ? അടുത്ത തലമുറയോട് നമ്മൾ എന്തുപറയും?

വലിയ പ്രതിഷേധം ഉയരേണ്ടതല്ലേ? ജാതിക്കോമരങ്ങളോടും അവർക്കു മുൻപിൽ കുനിഞ്ഞു നിന്നുകൊടുത്ത ഭരണകൂടത്തോടും? ഇവിടെ ഏതു രാഷ്ട്രീയമാണ് ഭരിക്കുന്നത് എന്ന് ചോദിച്ചാൽ എന്താണ് ഉത്തരം?

അമ്പലങ്ങള്‍ നശിക്കുന്നതാണ് ആധുനിക മനുഷ്യന് നല്ലത്-സുരേഷ് കുഞ്ഞുപിള്ള 

കാശുണ്ടെങ്കില്‍ ദേവനുമുണ്ട്.

അമ്പത് കൊല്ലം മുന്‍പ് ഏകദേശം നശിച്ചു കെട്ടു പോയിരുന്നവയാണ് ഇന്നത്തെ ഈ മഹാ ക്ഷേത്രങ്ങള്‍ എന്ന് പറയുന്ന മിക്ക അമ്പലങ്ങളും. പ്രതാപമൊക്കെ നശിച്ചു എണ്ണയും തിരിയും വാങ്ങാന്‍ പോലും നിവൃത്തിയില്ലാതെ പൂജയും മുടങ്ങി ഓടും പൊളിഞ്ഞു കിടന്നവ.

പൂജ ചെയ്യാനും ആളില്ലായിരുന്നു. വൈദിക ബ്രാഹ്മണരും ആഢ്യബ്രാഹ്മണരും സാധാരണ അമ്പലത്തിലെ പൂജയ്ക്കൊന്നും പോകില്ല. ശാന്തിപ്പണിക്കു ആളെ കിട്ടാത്തത് കൊണ്ടാണ് എമ്പ്രാന്തിരിമാര്‍ എന്ന് വിളിക്കുന്ന തുളു പോറ്റിമാരെ കൊണ്ടുവന്നു ഇവിടെ ശാന്തിപ്പണി ചെയ്യിക്കേണ്ടി വന്നത്. സ്വന്തം ഇല്ലത്തെ ദാരിദ്ര്യം കൊണ്ട് ശാന്തിപ്പണിക്കു പോകേണ്ട ഗതികേട് വരെ വന്നു എന്ന് വി.ടി.ഭട്ടതിരിപ്പാടിന്റെ ഏതോ ഒരു ബുക്കില്‍ എഴുതിയിരിക്കുന്നത് വായിച്ചതോര്‍മ്മയുണ്ട്. കാരണം അന്ന് സാങ്കേതികര്‍ എന്ന് വിളിക്കുന്ന താഴ്ന്ന ഇനം ബ്രാഹ്മണരാണ് അമ്പലത്തില്‍ പൂജാരിയായി പോയ്ക്കൊണ്ടിരുന്നത് പോലും. അതൊരു കുറച്ചിലാണ്.

ഇപ്പോള്‍ അമ്പലത്തിലെ പൂജയ്ക്കും തന്ത്രത്തിനുമായി ശ്രേഷ്ഠ ബ്രാഹ്മണന്മാര്‍ അടിയാണ്.

കേരളചരിത്രം പറയാന്‍ ‘പുലയന്‍ പരമന്‍’ വേണ്ടെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത് ഇങ്ങനെയാണ്

കാശും സൌകര്യങ്ങളുമാനുസരിച്ചു മാറത്ത യാതൊരു ആചാരവും ഒരു അമ്പലത്തിലുമില്ല. കൊല്ലത്തില്‍ നാല്‍പ്പത്തൊന്നു ദിവസം മാത്രം തുറക്കുക എന്ന ആചാരം ഉണ്ടായിരുന്ന ശബരിമല ഇപ്പോള്‍ കൊല്ലം മുഴുവന്‍ തുറക്കാന്‍ തുടങ്ങിയത് നടവരവ് കേമമായത് കൊണ്ട് മാത്രമാണ്. കാടിനു നടുവില്‍ കിടക്കുന്ന ഈയമ്പലത്തില്‍ പൂജാരിയാവാന്‍ ആളെ ഓടിച്ചിട്ട് പിടിക്കണമായിരുന്നു ഒരുകാലത്ത്. ഇന്നിപ്പോള്‍ അത് ലോട്ടറി പോലെയാണ്. പത്തിരുപതു കൊല്ലം മുന്‍പ് ഒരു പൂജാരി നിലയ്കലെ ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചു എന്ന കാരണം കൊണ്ടാണ് ഇപ്പോള്‍ ശബരിമല ശാന്തി പുറപ്പെടാ ശാന്തി ആയത്. ക്രിസ്ത്യാനിയുമായി തൊട്ടുണ്ണ്ന്ന പൂജാരി പൂജിക്കുന്ന കോവിലില്‍ നടവരവ് കുറഞ്ഞാലോ എന്ന ഭയം. കാശുണ്ടെങ്കില്‍ ഏതു ആചാരവും മാറും. ഇവര് കൊണ്ട് വച്ച ദൈവം ആയതുകൊണ്ട് ദൈവത്തിനും ഇതില്‍ എതിരഭിപ്രായം ഉണ്ടാവില്ല.

അടുത്ത മതില്‍ കെട്ടിനകത്ത് മുതദേഹം വെക്കരുത് എന്നൊരു ആചാരമുണ്ടെങ്കില്‍ അതങ്ങ് മാറ്റുന്നതാണ് നല്ലത്. അരനൂറ്റാണ്ട് മുന്‍പ് ഇതേപോലെ അയിത്ത ജാതിക്കാര്‍ മുന്നില്‍ വരരുത് എന്നൊരു ആചാരമുണ്ടായിരുന്നു കേരളത്തില്‍. എടുത്തോണ്ട് പോടാ നിന്‍റെ ആചാരമോക്കെ എന്ന് മുഖത്ത് നോക്കി പറയാന്‍ അന്ന് ആളുണ്ടായത് കൊണ്ട് ആ ആചാരം മാറി. അവരുടെ പിന്മുറക്കാര്‍ ആരെങ്കിലും ഇവിടുണ്ടെങ്കില്‍ ഈ ആചാരവും മാറണം. മാറ്റിയെ പറ്റൂ.

അമ്പലങ്ങള്‍ നശിക്കുന്നതാണ് ആധുനിക മനുഷ്യന് നല്ലത്.

ഒരു “മുഖ്യധാര” കലാകാരനോട് ഈ രീതിയിൽ അനാദരവ് കാണിക്കാൻ ലളിതകലാ അക്കാദമി തയ്യാറാകുമായിരുന്നോ?-സന്തോഷ് കുമാര്‍ 

എങ്കിലും ചോദിക്കേണ്ടി വരികയാണ്. കേരളത്തിലെ ഏതെങ്കിലും ഒരു “മുഖ്യധാര” കലാകാരനോട് ഈ രീതിയിൽ അനാദരവ് കാണിക്കാൻ ലളിതകലാ അക്കാദമി തയ്യാറാകുമായിരുന്നോ ? ദർബാർ ഹാൾ ഒരു പൊതുവിടമാണ്. ഹിന്ദുത്വ ആചാരങ്ങൾ ഒന്നും അവിടെ ബാധകവുമല്ല. എന്നിട്ടും എന്തുകൊണ്ട് ഹിന്ദുത്വ ഭീഷണിയ്ക്ക് കേരളത്തിന്റെ സാംസ്കാരിക സ്ഥാപനം വഴങ്ങുന്നത് ? ഉത്തരം ലളിതമാണ്, നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ വരെ നിലനിൽക്കുന്നത് ജാതീയതയുടെ അടിത്തറയിലാണ്. പിന്നെയാണോ അവിടെ പ്രതിഷേധവുമായി എത്തിയ ‘ഭക്തർ’. മലയാളിയുടെ സ്ഥൂലവും സൂക്ഷമവുമായ ജീവിത സ്ഥലികളിലൊക്കെ തന്നെ ജാതീയതയും വംശീയതയും നിലനിൽക്കുന്നത് കൊണ്ടാണ് ദർബാർ ഹാളും, വാടയമ്പാടിയും, പേരാമ്പ്രയും, ഗോവിന്ദാപുരവും ഒക്കെ സംഭവിക്കുന്നത്. അതൊന്നും പുരോഗമന കേരളത്തിലെ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല.

ജാതി കേരളത്തിൽ ജീവിച്ചിരിക്കുമ്പോൾ ഒരു ദളിത് കലാകാരൻ ‘അശാന്തൻ’ എന്ന് പേര് സ്വീകരിക്കുന്നതിന്റെ സാമൂഹിക കാരണം അദ്ദേഹത്തിന്റെ മരണത്തിലൂടെ തന്നെ വെളിവാകുന്നു. വടയമ്പാടിയിലെ ജീവനുള്ള ദളിത് ശരീരങ്ങൾക്കും ദർബാർ ഹാളിലെ ജീവനില്ലാത്ത ദളിത് ശരീരത്തിനും അയിത്തവും ജാതീയതയും കൽപ്പിക്കുമ്പോൾ ആരുടെ പുരോഗമന കേരളമാണ് ഇവിടെ നിലനിൽക്കുന്നത് ?

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍