UPDATES

വിപി സുഹറ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

വിപി സുഹറ

സ്ത്രീകളെ കറുത്തവസ്ത്രത്തിൽ പൊതിഞ്ഞ് നടത്തണമെന്നത് ഒരിക്കലും ഇസ്ലാമികമായിരുന്നില്ല-വി പി സുഹ്‌റ പറയുന്നു

ഹിജാബ് ധരിച്ചുകൊണ്ടും സ്ത്രീകളിൽ അത് നിര്‍ബന്ധ പൂർവ്വം അടിച്ചേൽപ്പിച്ചുകൊണ്ടും മാത്രമേ ഇസ്ലാം സ്വത്വത്തെ ഉയർത്തിപിടിക്കാനാകൂ എന്നത് അസംബന്ധമാണ്

വിപി സുഹറ

ശ്രീലങ്കയിലെ ബുർഖ നിരോധനം, ഇന്ത്യയിലും നിരോധനം ഏർപ്പെടുത്തണമെന്ന ശിവസേനയുടെ ആവശ്യം, ഏറ്റവുമൊടുവിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള ഹിജാബുകളും മുഖാവരണങ്ങളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുസ്‌ലിം എഡ്യൂക്കേഷണൽ സൊസൈറ്റി (MES ) പുറത്തിറക്കിയ സർക്കുലർ… അക്കാദമിക് ചർച്ചകളും പഠനങ്ങളുമുൾപ്പടെ നടന്നുകൊണ്ടിരിക്കുന്ന ഈ പർദ്ദ പ്രശ്‌നം വീണ്ടും പൊതുമണ്ഡലചർച്ചകളിൽ സജീവമാകുകയാണ്. സ്ത്രീകളെ ശരീരമാക്കി ചുരുക്കിക്കെട്ടാനും അവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനുമുള്ള ഒരു ഉപകരണമാണ് ഹിജാബ് എന്ന് പരക്കെ ആക്ഷേപം ഉയരുമ്പോഴും ഇസ്ലാം സ്വത്വസംരക്ഷണത്തിന്റെയും സ്ത്രീകളുടെ സ്വയം തിരഞ്ഞെടുപ്പിന്റെയും ഭാഗമായി ഹിജാബിനെ ഉയർത്തിപിടിക്കുകയാണ് ഒരുകൂട്ടമാളുകൾ. എം ഇ എസിന്റെ മുഖാവരണ സര്‍ക്കുലറിനെ അകമഴിഞ്ഞ് പ്രശംസിച്ചുകൊണ്ട് ഇത്തരം സ്വത്വവാദങ്ങളുടെ പൊള്ളത്തരത്തെ പൊളിച്ചുകാട്ടുകയാണ് മുസ്‌ലിം സ്ത്രീവിമോചന പ്രവർത്തക വി. പി. സുഹറ.

എം ഇ എസ്സിന്റെ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമാണ്. കാരണം ഇത്തരം പുരോഗമനപരമായ മാറ്റങ്ങൾ ആരംഭിക്കേണ്ടത് തീർച്ചയായും വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ്. ഇത് വിദ്യാഭ്യാസസ്ഥാപനത്തിന്റെ എന്തെങ്കിലും സ്വേച്ഛാധിപത്യപരമായ ഇടപെടലോ, വസ്ത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമോ ആയി കണക്കാക്കേണ്ടതില്ല. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥി ക്ഷേമത്തിനായി യൂണിഫോമുകൾ ഏർപ്പെടുത്തുന്നതുപോലെയേ ഈ വിഷയത്തെ സമീപിക്കേണ്ടതുള്ളൂ.

സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഇറാനിയൻ യുവതികളുടെ പർദ്ദ ധരിച്ച് തെരുവിലിറങ്ങിയുള്ള പോരാട്ടത്തെ സൃഷ്ടിച്ചെടുത്ത ചരിത്രപരമായ സന്ദർഭത്തെ മനസിലാക്കണമെന്നും അത് മനസിലാക്കിയാൽ മാത്രമേ ഇത് തങ്ങളുടെ തന്മയ്ക്കുവേണ്ടിയുള്ള (identity) പോരാട്ടമാണെന്ന് വാദിക്കുന്ന ഒരുകൂട്ടമാളുകളുടെ വാദത്തിന്റെ സത്യാവസ്ഥ മനസിലാകുകയുള്ളൂ. ലോകത്തിലെ തന്നെ ഇന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഇസ്ലാമിക ഫെമിനിസത്തിന്റെ വളർച്ചയെയും ഇറാനിയൻ വനിതകളുടെ ബൂര്‍ഖയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളും കൂടി കണക്കിലെടുക്കാതെയുള്ള വാദങ്ങൾ ചരിത്രനിഷേധമാണ്.

ഇവിടെ ഒരു പെൺകുഞ്ഞ് ജനിച്ച് വീഴുമ്പോൾ മുതൽ അവൾക്ക് നൂറുകൂട്ടം വിലക്കുകളാണ്. മുഖത്തെയും കൈകളുമൊക്കെ പുറത്തുകാണിക്കാൻ കൊള്ളാത്ത ഭാഗമെന്ന നിലയിൽ ഈ പെൺകുട്ടികൾ പോലും കണ്ടു തുടങ്ങുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. കൈ കാണൂല്ലേ എന്ന് ചോദിച്ച ഒരു പെൺകുട്ടിയോട് ഒരിക്കൽ എനിക്ക് കൈപുറത്ത് കണ്ടാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കേണ്ട അവസ്ഥ  വന്നിട്ടുണ്ട്. അപ്പോൾ അത്രയും ദൃഢമായാണ് ഈ ബോധ്യങ്ങൾ ഈ കുട്ടികളുടെ മനസ്സിൽ പതിയുന്നത്. എന്റെ ഉമ്മയൊന്നും കറുത്ത മുഖാവരണമോ പർദ്ദയെ ധരിച്ച് ഞാൻ കണ്ടിട്ടില്ല. ഇപ്പോഴുള്ള കുട്ടികൾ ഇത് നിർബന്ധമായും ധരിക്കേണ്ടതാണ് എന്ന് പാടെ വിശ്വസിക്കുകയാണ്. അതുകൊണ്ടാണ് മാറ്റങ്ങൾ ഇതുപോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആരംഭിക്കണമെന്ന് ഞാന്‍ കരുതുന്നത്. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഒക്കെ മുൻകൈയെടുക്കുമ്പോഴാണല്ലോ ഇതുപോലുള്ള മാറ്റങ്ങൾ ഉണ്ടാവുക.

ഹിജാബ് ധരിച്ചുകൊണ്ടും സ്ത്രീകളിൽ അത് നിര്‍ബന്ധ പൂർവ്വം അടിച്ചേൽപ്പിച്ചുകൊണ്ടും മാത്രമേ ഇസ്ലാം സ്വത്വത്തെ ഉയർത്തിപിടിക്കാനാകൂ എന്നത് അസംബന്ധമാണ്. കാരണം സ്ത്രീകളെ കറുത്തവസ്ത്രത്തിൽ പൊതിഞ്ഞ് നടത്തണമെന്നത് ഒരിക്കലും ഇസ്ലാമികമായിരുന്നില്ല. ഇപ്പോഴത്തെ ഇത്തരം ആചാരങ്ങൾക്ക് വളരെ കുറച്ച് നാളത്തെ പഴക്കം മാത്രമേ ഉള്ളൂ. അടിമസ്ത്രീകളിൽ നിന്നും വേർതിരിച്ചറിയാനും സ്വകാര്യതയ്ക്കും വേണ്ടി ഉപയോഗിക്കാനായി മുഹമ്മദ് നിർദ്ദേശിച്ചിരുന്ന ഈ വസ്ത്രത്തെ ഇക്കാലയളവിൽ ചില സംഘടനകൾ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡാ ആർടൺ ഉൾപ്പടെയുള്ളവർ ഹിജാബ് ഉപയോഗിക്കുന്നതും ആശ്വാസം പകരുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷെ ഇതാണ് ഇസ്ലാം, പർദ്ദ ധരിക്കുന്നത് മാത്രമാണ് ഇസ്ലാമെന്ന് ഒരിക്കലും പറയരുത്.

Read More: മുസ്ലിം സ്ത്രീയുടെ മുഖാവരണം; അത്രമേല്‍ മനുഷ്യ വിരുദ്ധമാണത്. അതില്‍ തെരഞ്ഞെടുപ്പ് ഇല്ല. അടിച്ചേല്‍പിക്കല്‍ മാത്രമേയുളളൂ

പർദ്ദയെ എതിർക്കുന്നവർക്ക് ഇസ്ലാമോഫോബിയയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആത്മാഭിമാനത്തോടെ ജീവിക്കാനും ഒരു ലൈംഗിക വസ്തുവല്ലാതെ ഒരു വ്യക്തിയായി അംഗീകരിക്കപ്പെടാനുള്ള സ്ത്രീപക്ഷ കാഴ്ചപ്പാടാണ് പർദ്ദ നിരോധനങ്ങളിൽ കാണേണ്ടത്. സ്ത്രീകളോടൊപ്പം നിൽക്കാനുള്ള കോടതിയുടെ തീരുമാനങ്ങളോട് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനുള്ള എം ഇ എസ്സിന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുക തന്നെ വേണം.

(വി പി സുഹറയുമായി അഴിമുഖം പ്രതിനിധി പാര്‍വതി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍