UPDATES

ട്രെന്‍ഡിങ്ങ്

മിസ്റ്റര്‍ ബല്‍റാം, ചരിത്രം പറയുമ്പോള്‍ ഫാന്‍റസി പോര, കവല പ്രസംഗവും ആകരുത്

ബാലപീഡനം എന്ന ആരോപണം ഏത് പബ്ലിക് ഡൊമൈനില്‍ നിന്നും ലഭ്യമായ വിവരമാണെന്ന് ബല്‍റാം മറുപടി പറയേണ്ടതുണ്ട്

വി ടി ബല്‍റാം എന്ന യുവ കോണ്‍ഗ്രസ് നേതാവ് ഒരിക്കല്‍ കൂടി നവമാധ്യമ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായ എകെ ഗോപാലനെ ബാലപീഡകനെന്ന് ബല്‍റാം വിളിച്ചതാണ് വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കിംജോംഗ് ഉന്നിനെ പ്രകീര്‍ത്തിച്ചതിനെ വിമര്‍ശിച്ച് ഇട്ട പോസ്റ്റില്‍ കമന്റായാണ് ബല്‍റാം ഈ പരാമര്‍ശം നടത്തിയത്. കമന്റ് വിവാദമായതോടെ അത് അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ടുകള്‍ വഴി ഇത് പലയിടങ്ങളിലും പ്രചരിക്കപ്പെട്ടിരുന്നു. അതോടെ വിശദീകരണവുമായി രംഗത്തെത്തിയ ബല്‍റാം നിരത്തുന്ന ചില വാദങ്ങള്‍ ശ്രദ്ധിച്ചാല്‍ മുമ്പ് പറഞ്ഞ വാക്കുകളില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാകും. എകെജിയുടെ ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങളും ഹിന്ദു ദിനപ്പത്രത്തില്‍ 2001ല്‍ ‘Love in time of struggles’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും വച്ചാണ് എകെജി നടത്തിയ ‘ബാലപീഡനം’ തെളിയിക്കാന്‍ ബല്‍റാം ശ്രമിക്കുന്നത്.

ഒരു ദശാബ്ദം നീണ്ട പ്രണയത്തിനൊടുവിലാണ് മധ്യവയസ്‌കനായ എകെജി സുശീല ഗോപാലനെ വിവാഹം കഴിച്ചതെന്ന് ഈ റിപ്പോര്‍ട്ടില്‍ ലേഖകന്‍ പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ച് വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസാണ്. അങ്ങനെ നോക്കിയാല്‍ പത്ത് വര്‍ഷം നീണ്ട പ്രണയത്തിന്റെ ആരംഭത്തില്‍ അവര്‍ക്ക് എത്രവയസ്സുണ്ടാകുമെന്ന് നമുക്ക് കണക്കു കൂട്ടാവുന്നതേയുള്ളൂവെന്നാണ് ബല്‍റാമിന്റെ നിരീക്ഷണം. 40കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞപ്പോളാണ് അവര്‍ ആദ്യം കാണുന്നതും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതായും ബല്‍റാം ചൂണ്ടിക്കാട്ടുന്നുണ്ട്. 1929ല്‍ ജനിച്ച സുശീലയ്ക്ക് 40കളുടെ തുടക്കത്തില്‍ പത്തോ പതിനൊന്നേ വയസുണ്ടാകൂവെന്നും വ്യക്തമാണെന്നും ബല്‍റാം പറയുന്നു. രണ്ടാമതും മൂന്നാമതും തെളിവായി ബല്‍റാം ഉപയോഗിച്ചിരിക്കുന്നത് എകെജിയുടെ ആത്മകഥയുടെ ഭാഗങ്ങളാണ്. ഇതിലെ എകെജിയുടെ തന്നെ വാക്കുകളാണ് ബല്‍റാം ബാലപീഡനത്തിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.

‘ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവു ജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം’. എന്നാണ് വിശദീകരണ പോസ്റ്റില്‍ ബല്‍റാം പറയുന്നത്. എന്നാല്‍ ഈ രണ്ട് തെളിവുകളും ബല്‍റാമിന്റെ ആരോപണങ്ങള്‍ക്ക് മതിയായ തെളിവുകളല്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. കാരണം മധ്യവയസ്‌കനും വിവാഹിതനുമായ എകെജി സുശീലയെ പ്രണയിച്ചുവെന്നല്ല ബല്‍റാമിന്റെ ആരോപണം. പ്രണയിച്ചിരുന്നുവെന്നതിന് വേറെ തെളിവുകള്‍ തേടേണ്ടതില്ല. ആ ആത്മകഥയില്‍ എകെജി തന്നെ എഴുതിയിരിക്കുന്ന വരികളില്‍ നിന്നും അത് വ്യക്തമാണ്. എന്നാല്‍ ഈ തെളിവുകളില്‍ എവിടെയാണ് ബല്‍റാമിന് ബാലപീഡനം കണ്ടെത്താന്‍ സാധിക്കുന്നത്?

‘ദിവസത്തില്‍ 24 മണിക്കൂറും ഒളിവില്‍ കഴിയുന്ന എനിക്ക് ഈ കുസൃതിക്കുടുക്കയുടെ സഹവാസം ആശ്വാസം നല്‍കി. അവര്‍ക്ക് രാഷ്ട്രീയകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ക്ലാസിലെ പാഠം പഠിക്കാന്‍ സഹായിക്കുന്നതും എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു’ എന്ന് ബല്‍റാം തന്നെ പൊക്കിക്കൊണ്ടുവന്നിരിക്കുന്ന ആത്മകഥയിലെ ഭാഗത്തില്‍ പറയുന്നുണ്ട്. സുശീലയും എകെജിയും തമ്മില്‍ ആത്മബന്ധമുണ്ടായതെങ്ങനെയാണെന്ന് ഈ വരികളില്‍ വ്യക്തമാണ്. കൂടാതെ ‘വളര്‍ന്നുവരുന്ന സുശീല എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ആ കൊച്ചുകുടുംബത്തിലെ കൊച്ചുസഹോദരി ദുരിതപൂര്‍ണമായ എന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് നന്നാവില്ലെന്നുള്ള ചിന്ത എന്നെ സംശയാലുവാക്കി. ഞാന്‍ എന്റെ ഹൃദയത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌നേഹം കൊണ്ട് എന്നെ വീര്‍പ്പുമുട്ടിച്ച ആ കൊച്ചുകുട്ടിയെ മറക്കാന്‍ സാധ്യമായിരുന്നില്ല’ എന്നും ഈ ഭാഗത്ത് എകെജി വിശദീകരിക്കുന്നുണ്ട്. ഇതില്‍ എവിടെയാണ് ബല്‍റാം ബാലപീഡനം കണ്ടെത്തിയിരിക്കുന്നത്. പീഡോഫീല്‍ എന്താണെന്ന് ഇനിയും മനസിലാകാത്തതിനാലാണ് ഈ വരികള്‍ക്കിടയില്‍ നിന്നും ബാലപീഡനം കണ്ടെത്താന്‍ ബല്‍റാം ശ്രമിക്കുന്നതെന്ന് വ്യക്തം.

എ കെ ജിയെ ‘ബാലപീഡകന്‍’ എന്നാക്ഷേപിച്ച് വി ടി ബല്‍റാം

‘പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം’. എന്നാണ് ബല്‍റാം പറയുന്നത്. ഇതില്‍ മമത എന്ന വാക്ക് ഇന്‍വേര്‍ട്ടഡ് കോമയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. താന്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുമ്പോള്‍ തന്നെ വന്ന് കണ്ട സുശീലയെക്കുറിച്ച് എകെജി പറയുന്നത് ഇങ്ങനെയാണ്. ‘നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി. ഞാന്‍ ജയിലില്‍ നിന്നും പുറത്തുവന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങള്‍ അവിടെവച്ച് അപ്പോള്‍ തന്നെ തീരുമാനിച്ചു’. ഈ ഭാഗവും ബല്‍റാം മഞ്ഞ നിറം കൊടുത്ത് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിലെ മമതയാണ് ബല്‍റാം തന്റെ പോസ്റ്റില്‍ ഊതിപ്പെരുപ്പിച്ചിരിക്കുന്നത്. മമത എന്ന വാക്കിന്റെ അര്‍ത്ഥം സ്‌നേഹം, എന്റേത് എന്നുള്ള വിചാരം, വ്യക്തിത്വം, സ്വാര്‍ത്ഥം, ഡംഭം എന്നിങ്ങനെയാണ്. ഇതില്‍ എവിടെയാണ് കാമമെന്നോ ലൈംഗികമായ താല്‍പര്യമെന്നോയുള്ള തലം കടന്നുവരുന്നത്?

പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവരുന്ന സുശീലയെക്കുറിച്ച് എകെജി വിശേഷിപ്പിച്ചതിനെ ബല്‍റാം വിശേഷിപ്പിക്കുന്നത് ‘പത്തുനാല്പതു വയസ്സുള്ള, വിവാഹിതനായ ഒരു വിപ്ലവ നേതാവ് ഒളിവുകാലത്തു അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ടു വയസ്സുകാരിയെക്കുറിച്ച് പറഞ്ഞതാണ്’ എന്നാണ്. എകെജി വിവാഹിതനായിരുന്നു, ആ വിവാഹം ഒഴിഞ്ഞു, ആദ്യ ഭാര്യ വീണ്ടും വിവാഹം കഴിച്ചു എന്ന് ആത്മകഥയില്‍ തന്നെ പറയുന്നുണ്ട്. വിവാഹം ഒഴിയുകയും ആദ്യഭാര്യ പുനര്‍വിവാഹം ചെയ്യുകയും ചെയ്ത ഒരാളെ ‘വിവാഹിതന്‍’ എന്ന് ആ വാക്കിനു വലിയ പ്രാധാന്യം നല്‍കി വിശേഷിപ്പിക്കുകയാണ് ബല്‍റാം ചെയ്തിരിക്കുന്നത്. വ്യക്തിഹത്യ എന്നതില്‍ക്കവിഞ്ഞ് യാതൊരു ലക്ഷ്യവും ഈ പ്രയോഗത്തിനില്ലെന്ന് ഇവിടെ വ്യക്തമാണ്.

എകെജിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആവര്‍ത്തിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ബല്‍റാം പറയുന്നത്. എന്നാല്‍ ബാലപീഡനം എന്ന ആരോപണം ഏത് പബ്ലിക് ഡൊമൈനില്‍ നിന്നും ലഭ്യമായ വിവരമാണെന്ന് ബല്‍റാം മറുപടി പറയേണ്ടതുണ്ട്. അതോടൊപ്പം സുശീലയെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നുവെന്ന ആരോപണത്തിനും വിശദീകരണം നല്‍കിയേ തീരൂ. ഈ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ബല്‍റാമിനെതിരെ എ കെ ജിയെ സ്നേഹിക്കുന്ന ആരെങ്കിലും നിയമ നടപടിക്കു മുതിര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.

വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍