UPDATES

ട്രെന്‍ഡിങ്ങ്

എ കെ ജിയെ ‘ബാലപീഡകന്‍’ എന്നാക്ഷേപിച്ച് വി ടി ബല്‍റാം

തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തെളിവായി ഹാജരാക്കിയിരിക്കുന്നത് 2001 ല്‍ ദി ഹിന്ദു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടും എകെജിയുടെ ആത്മകഥയിലെ ഒരു ഭാഗവുമാണ്.

കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ ബാലപീഡകന്‍ എന്നു അധിക്ഷേപിച്ച് വി ടി ബല്‍റാം. ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കമന്‍റിലാണ് ബല്‍റാമിന്റെ അധിക്ഷേപ പരാമര്‍ശം.

“എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി മുതല്‍ ഒലിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍” എന്നാണ് വിടി ബല്‍റാമിന്റെ പരാമര്‍ശം.

“14 വയസ്സുള്ള മോഹന്‍ദാസ് എന്ന ബാലന്‍ ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂര്‍ബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാല്‍പ്പത് കഴിഞ്ഞ വിവാഹിതനായ ഒരാള്‍ അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാന്‍ മുതിരുന്നത്” എന്നാണ് ബല്‍റാമിന്റെ തുടര്‍ന്നുള്ള കമന്‍റ്.

സംഭവം വിവാദമായതോടെ താന്‍ പറഞ്ഞതിനെ ന്യായീകരിച്ച് വി ടി ബല്‍റാം വീണ്ടും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തെളിവായി ഹാജരാക്കിയിരിക്കുന്നത് 2001 ല്‍ ദി ഹിന്ദു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടും എകെജിയുടെ ആത്മകഥയിലെ ഒരു ഭാഗവുമാണ്. എ കെ ജിയുടെ ആത്മകഥയിലെ സുശീലയോട് തോന്നിയ മമത എന്ന വാക്കിനെ പ്രത്യേക ഇന്‍വെര്‍ട്ടഡ് കോമ നല്‍കിയാണ് ബല്‍റാം എടുത്തു ചേര്‍ത്തിരിക്കുന്നത്.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആദ്യത്തേത്‌ “പോരാട്ടകാലങ്ങളിലെ പ്രണയം” എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന്‌ പ്രസിദ്ധീകരിച്ച വാർത്ത. “ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്‌” എകെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത്‌ സുശീലയുടെ പ്രായം 22 വയസ്സ്‌. ആ നിലക്ക്‌ പത്ത്‌ വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക്‌ എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ്‌ അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക്‌ 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങൾ സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവിൽ കഴിയുന്ന കാലത്ത്‌ അഭയം നൽകിയ വീട്ടിലെ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്‌. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട്‌ അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത്‌ പുറത്ത്‌ പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും‌ അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ ജയിൽമോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക്‌ തോന്നുന്ന ആരാധനയും തിരിച്ച്‌ നേതാവിന്‌ മൈനറായ കുട്ടിയോട്‌ തോന്നുന്ന ‘മമത’യും ആത്മകഥയിൽനിന്ന് നമുക്ക്‌ വായിച്ചെടുക്കാം.

എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച്‌ ഏവർക്കും മതിപ്പുമുണ്ട്‌. എന്നുവെച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത്‌ എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത്‌ എപ്പോഴും നടന്നു എന്ന് വരില്ല. ‌മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്ദനാക്കിയെന്ന് വച്ച്‌ അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല.
#പറയേണ്ടത്‌_പറഞ്ഞിട്ടേ_പോകുന്നുള്ളൂ

എന്തായാലും വിടി ബല്‍റാം മാപ്പ് പറയണം എന്ന ആവശ്യവുമായി സിപിഎം അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ത്തി കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍