UPDATES

ട്രെന്‍ഡിങ്ങ്

കടന്നാക്രമിച്ച് നേതാക്കള്‍, വാതുറക്കാതെ താരങ്ങള്‍; അമ്മയും രാഷ്ട്രീയ കേരളവും മുഖാമുഖം

മോഹന്‍ലാലിനെയും അമ്മയെയും അമ്മയിലെ എംഎല്‍എമാരെയും വിമര്‍ശിച്ച് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കന്മാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും നേരിടുന്ന അവഗണനകള്‍ ചൂണ്ടിക്കാട്ടി നാല് നടിമാര്‍ രാജിവച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്കകത്തും പുറത്തും ഇപ്പോള്‍ അതിനെക്കുറിച്ചാണ് സജീവ ചര്‍ച്ച നടക്കുന്നത്. പൊതുജന വികാരം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ രാഷ്ട്രീയ കേരളത്തില്‍ നിന്നുമുണ്ടായത്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പല നേതാക്കളും ഈ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു.

ഇടതുപക്ഷം സ്ത്രീപക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങള്‍ സിപിഎമ്മിലെയും സിപിഐയിലെയും നേതാക്കള്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി, ആര്‍എംപി എന്നീ പാര്‍ട്ടികളുടെ നേതാക്കളും നിശബ്ദരായിരുന്നില്ല. അമ്മയ്‌ക്കെതിരെയും സംഘടനയിലെ ജനാധിപത്യ, സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ശക്തമായ പ്രതികരണമാണ് എല്ലാവരുടെയും ഭാഗത്തു നിന്നുമുണ്ടായത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് ഈ വിഷയത്തില്‍ ഇന്നലെ ആദ്യമേ തന്നെ പ്രതികരിച്ച പ്രമുഖ നേതാവ്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലൂടെ കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് അമ്മ ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവച്ച നടിമാരുടെ നടപടിക്ക് കേരളം പിന്തുണ നല്‍കും എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും നാല് വനിതകള്‍ രാജിവച്ചത് ധീരമായ നടപടിയാണെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമ വ്യവസായത്തിന് ഒരു ഗുണവും ചെയ്യില്ലെന്നും വി എസ് ചൂണ്ടിക്കാട്ടി.

മലയാള സിനിമയിലെ പുരുഷാധിപത്യ വാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണെന്ന് മന്ത്രി ടി എം തോമസ് ഐസക് പ്രതികരിച്ചു. സ്ത്രീവിരുദ്ധതയ്ക്ക് നല്‍കുന്ന പിന്തുണ സാമൂഹിക മൂല്യങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് വനികള്‍ രാജിവയ്ക്കാനെടുത്ത തീരുമാനം ഉചിതമായ ഒന്നാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പ്രതികരിച്ചു. മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ അമ്മയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം കൈക്കൊണ്ട ആദ്യ നടപടി ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമായി പോയെന്നും മുരളീധരന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമാണ് ഇതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ അഭിനന്ദിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് കൂടുതല്‍ നേതാക്കളാണ് നടിമാരെ പിന്തുണച്ചും അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും രംഗത്തെത്തിയത്. എം സി ജോസഫൈന്‍ അധ്യക്ഷയായ വനിത കമ്മിഷനാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. മോഹന്‍ലാലിനെയാണ് ജോസഫൈന്‍ കൂടുതല്‍ വിമര്‍ശിക്കുന്നത് ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാലില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നും ജോസഫൈന്‍ പറയുന്നു.

മന്ത്രിമാരായ കെകെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും അമ്മയ്ക്കും ദിലീപിനെ തിരിച്ചെടുത്തതിനുമെതിരെ പ്രതികരിച്ചു. സ്ത്രീപക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും ഉയര്‍ത്തിപ്പിടിക്കാനും അമ്മയ്ക്ക് കഴിയുന്നില്ലെങ്കില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

കുറ്റം ചെയ്തവര്‍ എത്ര പ്രമാണിയായാലും സമൂഹത്തില്‍ അവനുള്ള സ്ഥാനം കുറ്റവാളിയുടേതായിരിക്കണം, മാതൃകാപരമായി തന്നെ ശിക്ഷിക്കപ്പെടുകയും വേണം, അവന് മറ്റൊരു പരിവേഷം കൊടുത്ത് രക്ഷപ്പെടുത്താന്‍ ആര് ശ്രമിച്ചാലും ആരും അത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ലെന്ന് മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. സാമാന്യബുദ്ധിക്ക് നിരക്കാത്ത ന്യായീകരണം നിരത്തിയാണ് അമ്മ തീരുമാനമെടുത്തതെന്നും അത് അത്ഭുതപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അമ്മയുടെ തീരുമാനത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഇടതുപക്ഷ ജനപ്രതിനിധികളെയാണ് വിമര്‍ശിച്ചത്. ഇടത് ജനപ്രതിനിധികള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരായിരിക്കണമെന്നാണ് അവര്‍ പറഞ്ഞു. ജനങ്ങള്‍ ഇടതു ജനപ്രതിനിധികളില്‍ നിന്നും ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമിക്കപ്പെട്ടവര്‍ക്കും ഒപ്പം ഉറച്ചു നില്‍ക്കണമെന്ന ഇടത് നിലപാട് തിരിച്ചറിഞ്ഞു വേണം അമ്മയില്‍ അംഗങ്ങളായ ജനപ്രതിനികള്‍ പെരുമാറേണ്ടതെന്നും അവര്‍ വ്യക്തമാക്കി. മോഹന്‍ലാലില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു പി കെ ശ്രീമതി എംപിയുടെയും പ്രതിരകരണം.

ദിലീപിനെക്കുറിച്ച് തനിക്ക് ഒരുകാലത്തും നല്ല അഭിപ്രായമില്ലെന്നു പറഞ്ഞ മന്ത്രി ജി സുധാകരന്‍ ദിലീപ് തിലകനോട് ചെയ്തത് മറക്കാനാകില്ലെന്നു പറഞ്ഞു. അമ്മയും ഭാരവാഹികള്‍ സ്വയം വിമര്‍ശനം നടത്തണം. കേരളത്തിലെ സിനിമക്കാര്‍ക്ക് പണമുള്ളതിന്റെ അഹങ്കാരമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു ധിക്കാരം സര്‍ക്കാരിനോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച മന്ത്രി നടിയെ ആക്രമിച്ച കേസില്‍ ആരെയും സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.

രാജിവച്ച നാല് നടിമാരുടെയും തീരുമാനം മാതൃകാപരമാണെന്നറിയിച്ചുകൊണ്ടായിരുന്നു ബിനോയ് വിശ്വം എംപി പ്രതികരിച്ചത്. അമ്മയിലെ മറ്റംഗങ്ങളും ഈ മാതൃക പിന്തുടരണമെന്നും വ്യക്തമാക്കിയ മുന്‍ മന്ത്രി ഇടത് പ്രതിനിധികള്‍ ഇടത് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന ഓര്‍മ്മപ്പെടുത്തലും നടത്തി. വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന സാഹചര്യത്തിലും മൗനം തുടരുന്ന മുകേഷ് എംഎല്‍എയെയും ഇന്നസെന്റ് എംപിയെയും ലക്ഷ്യം വച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട ആക്രമണത്തിന് എതിരെ ആദ്യം രംഗത്ത് വരേണ്ടത് അവരായിരുന്നുവെന്നും അമ്മയിലെ ജനപ്രതിനിധികളുടെ മൗനം അംഗീകരിക്കാന്‍ ആകാത്തതാണെന്നുമാണ് വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ കെ.സി.റോസാക്കുട്ടി പ്രതികരിച്ചു.

അമ്മയിലെ ഇടത് ജനപ്രതിനിധികളെയാണ് കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരനും രമേശ് ചെന്നിത്തലയും പി ടി തോമസും വിമര്‍ശിച്ചത്. അമ്മയിലെ ഇടത് ജനപ്രതിനിധികളെ തിരുത്തണമെന്ന് ആവശ്യപ്പെടുന്ന സുധീരന്‍ അവനോടൊപ്പമല്ല കേരളം അവളോടൊപ്പമാണെന്നും വ്യക്തമാക്കുന്നു. കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ സ്ത്രീ വിരുദ്ധമായ നിലപാടിലേക്ക് അമ്മ എത്തപ്പെട്ടിരിക്കുകയാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് അമ്മയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടനെ തിരിച്ചെടുക്കാന്‍ കളമൊരുക്കുകയാണ് ഇടതുജനപ്രതിനിധികള്‍ ചെയ്തതെന്നും സുധീരന്‍ പറഞ്ഞു. രാജ്യം ആദരിക്കുന്ന ജനങ്ങള്‍ സ്‌നേഹിക്കുന്ന മോഹന്‍ലാല്‍ നേതൃത്വത്തില്‍ എത്തിയപ്പോള്‍ ഇത്തരം സംഭവം നടന്നത് ദുഃഖരമാണെന്നും സുധീരന്‍ വ്യക്തമാക്കി.

അമ്മ വിട്ട് വന്ന നാല് പെണ്‍മക്കളുടെ പക്ഷത്താണ് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് പറഞ്ഞു. ഇടതുപക്ഷം എംഎല്‍എമാരും എംപിയുമാക്കിയ മൂന്ന് സിനിമാ താരങ്ങള്‍ അമ്മയിലുണ്ട്. അവരുടെ നിലപാട് എന്താണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷനും മറ്റ് ഇടതുപക്ഷ വനിതാ സംഘടനകളും ചോദിച്ച് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യം നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ പദവിയടക്കമുള്ള ഉന്നത ബഹുമതികള്‍ മോഹന്‍ലാല്‍ ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമ്മയിലെ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ എംപി, എംഎല്‍എ സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

അതേസമയം രാഷ്ട്രീയ നേതാക്കള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടിമാരെ പിന്തുണയ്ക്കുമ്പോഴും അമ്മയോ അമ്മയുടെ ഭാരവാഹികളോ മലയാളത്തിലെ മുതിര്‍ന്ന നടന്മാരോ ഒന്നും ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷ നേതാക്കള്‍ പോലും തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടും അമ്മയിലെ എംഎല്‍എമാരും യാതൊന്നും പരസ്യമായി പറയാന്‍ തയ്യാറായിട്ടില്ല. പറയാനുള്ളത് പാര്‍ട്ടി ഓഫീസില്‍ പറയാമെന്നാണ് മുകേഷ് പോലും പറഞ്ഞിരിക്കുന്നത്.

പാര്‍വ്വതി ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂക്ക മൌനം പാലിച്ചു; ‘ഇടതുപക്ഷ സഹയാത്രികന്‍’ ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനൊപ്പം-ആഷിക് അബു

പെട്ടേനെ…! അമ്മയും ഗണേഷും

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

മൌനം തുടരുന്ന ഇവര്‍ ഇടതുപക്ഷത്തിന് ബാധ്യത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍