UPDATES

ട്രെന്‍ഡിങ്ങ്

ശ്രീകൃഷ്ണ ജയന്തിക്ക് കെട്ടിവച്ച കുഞ്ഞിനെ നാടോടികളില്‍ നിന്ന് വാടകയ്ക്കെടുത്തതോ? ഒത്തുകളിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതരും സംഘാടകരും

മണിക്കൂറുകളോളം വാഹനത്തിന് മുകളില്‍ കെട്ടിവക്കുകയും അത്രയും നേരം കടുത്ത വെയില്‍ കൊള്ളുകയും ചെയ്ത കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് കുട്ടിയെവിടെ എന്ന ചോദ്യം ഉയരുന്നത്

പയ്യന്നൂരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ശോഭയാത്രയില്‍ ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനെ ചിത്രീകരിക്കാന്‍ കുഞ്ഞിനെ കെട്ടിവച്ച് മണിക്കൂറുകളോളം പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതരും സംഘാടകരും ഒത്തുകളിക്കുന്നതായി സംശയം. കൃത്രിമമായി നിര്‍മ്മിച്ച ആലിലയില്‍ കെട്ടിവച്ച് മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ മണിക്കൂറോളം വെയിലത്ത് കൊണ്ടു നടന്ന കുട്ടിയെ തിരിച്ചറിയാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും കുഞ്ഞിന്റെ ചിത്രം പ്രസിദ്ധീകരിച്ചിട്ടും കണ്ടെത്താനാകുന്നില്ല എന്ന് പറയുന്നതില്‍ തന്നെയാണ് ഏറ്റവും വലിയ ദുരൂഹത. 13ന് വാര്‍ത്ത പുറത്തു വന്നത് മുതല്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്കായുള്ള അന്വേഷണം നടത്തുന്നുണ്ട്.

പോലീസിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന്റെ ചുമതല ഡിസിപിയ്ക്കാണെന്ന് കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അമല്‍രാജ് പറയുന്നു. അതേസമയം കേസിലെ നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കുട്ടിയെ ഒളിപ്പിച്ചുവയ്ക്കാനുള്ള സാധ്യതയും ഇദ്ദേഹം അഴിമുഖത്തോട് ചൂണ്ടിക്കാട്ടുന്നു. പരിപാടിയുടെ സംഘാടകരായ പയ്യന്നൂരിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടിയെ പങ്കെടുപ്പിച്ചതെന്നും ഇത് വെറുതെ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഇതില്‍ നിന്ന് തന്നെ സംഘാടകര്‍ക്ക് കുട്ടിയെക്കുറിച്ച് അറിയാമെന്ന് വ്യക്തമാണ്. എന്നാല്‍ കുട്ടി എവിടെ ഉണ്ടെന്നറിയില്ലെന്ന വാദമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകാരുടെത്. മണിക്കൂറുകളോളം വാഹനത്തിന് മുകളില്‍ കെട്ടിവക്കുകയും അത്രയും നേരം കടുത്ത വെയില്‍ കൊള്ളുകയും ചെയ്ത കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് കുട്ടിയെവിടെ എന്ന ചോദ്യം ഉയരുന്നത്.

Also Read: ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനാക്കാന്‍ കുഞ്ഞിനെ കെട്ടിയിട്ടത് മണിക്കൂറുകള്‍: വ്യാപക പ്രതിഷേധം

അതേസമയം കുട്ടിയെ തെരുവില്‍ കഴിയുന്ന നാടോടികളില്‍ നിന്നും വാടകയ്‌ക്കെടുത്തതാണെന്ന സംശയവും നാട്ടുകാരില്‍ നിന്ന് ഉയരുന്നുണ്ട്. കുട്ടിയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട ശ്രീകാന്ത് ഉഷ പ്രഭാകരന്‍ ആണ് നാട്ടുകാരുടെ ഈ സംശയം അഴിമുഖത്തോട് വെളിപ്പെടുത്തിയത്. ഒരു മാതാപിതാക്കളും സ്വന്തം കുഞ്ഞിനെ, അതും മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഇത്തരമൊരു സാഹസത്തിന് വിട്ടുകൊടുക്കില്ലെന്നും അതിനാല്‍ തന്നെ നാടോടികളില്‍ നിന്നും വാടകയ്‌ക്കെടുത്തതാകാമെന്നുമുള്ള സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നതെന്ന് ശ്രീകാന്ത് പറയുന്നു. അങ്ങനെയാണെങ്കില്‍ കേസ് കൂടുതല്‍ ഗൗരവകരമാകും. മാതാപിതാക്കളുടെ അജ്ഞതയെയും ദാരിദ്ര്യത്തെയും ചൂഷണം ചെയ്തു കൂടിയാണ് ഇവിടെ കുഞ്ഞിനെ ഉപയോഗിച്ചതെന്ന് വരും. പണം ഉപയോഗിച്ചുള്ള ഈ ചൂഷണം ഗുരുതരമായ കുറ്റകൃത്യവുമാണ്. ചിത്രം പുറത്തുവിട്ടതിനെ തുടര്‍ന്ന് ശ്രീകാന്തിന് വിവിധ കോണുകളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു.

ആലിലയില്‍ കണ്ണുംപൂട്ടി തളര്‍ന്നിരുന്ന കുട്ടിയെ ആദ്യം കണ്ടപ്പോള്‍ താന്‍ കരുതിയത് പ്രതിമയായിരിക്കുമെന്നും ശ്രീകാന്ത് ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പില്‍ പറഞ്ഞിരുന്നു. വെയിലിനെ പ്രതിരോധിക്കാന്‍ കുട്ടി മുഖം തിരിക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തപ്പോഴാണ് അതൊരു കുഞ്ഞാണെന്ന് മനസിലായത്. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ കണ്ണടച്ച് തല അല്‍പ്പം ചെരിച്ച് കിടന്ന കുട്ടി ക്രൂശിതനായ യേശുവിനെ ഓര്‍മ്മിപ്പിച്ചുവെന്നാണ് ശ്രീകാന്ത് പറയുന്നത്. ഇതില്‍ നിന്നു തന്നെ വെയിലേറ്റ കുട്ടിയില്‍ ആ സമയത്ത് തന്നെ അസ്വസ്ഥതകളുണ്ടായിരുന്നെന്ന് വ്യക്തമാണ്. പിന്നീട് ആ കുട്ടിയെ ഏതെങ്കിലും ആശുപത്രിയില്‍് പ്രവേശിപ്പിച്ചോ? കുട്ടിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ എങ്ങനെയാണ്? എന്നുള്ള കാര്യങ്ങള്‍ അവ്യക്തമാണ്. കുട്ടിയെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ലെന്ന അധികൃതരുടെ മറുപടി ഇവിടെയാണ് ദുരൂഹമാകുന്നത്. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വച്ച് ആരെയൊക്കെയോ രക്ഷപ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ന്യായമായും ഇവിടെ സംശയിക്കേണ്ടിയിരിക്കുന്നു.

ശോഭായാത്രയുടെ സംഘാടകരോട് കുട്ടിയെക്കുറിച്ച് അന്വേഷിച്ചാല്‍ വിവരം ലഭിക്കുമെന്നിരിക്കെയാണ് കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ ഇപ്പോഴും പറയുന്നത്. ആ കുട്ടി ആരാണെന്നും എന്തുസംഭവിച്ചുവെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോയെന്നുമുള്ള സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം ചൈല്‍ഡ് ലൈനും ഈ ഘോഷയാത്രയുടെ സംഘടകര്‍ക്കുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍