UPDATES

ട്രെന്‍ഡിങ്ങ്

അന്‍വര്‍ എം എല്‍ എയുടെ ജലബോംബ്

കാലവര്‍ഷം ശക്തമായതോടെ വയനാട്ടിലും താമരശേരി ചുരത്തിലുമുണ്ടായ മണ്ണിടിച്ചിലാണ് കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്

പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് വീണ്ടും സഭാ ചര്‍ച്ചകളിലെത്തിയിരിക്കുകയാണ്. കാലവര്‍ഷം ശക്തമായതോടെ വയനാട്ടിലും താമരശേരി ചുരത്തിലുമുണ്ടായ മണ്ണിടിച്ചിലാണ് വാട്ടര്‍ തീം പാര്‍ക്കിനെ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്. 14 പേര്‍ക്കാണ് മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടമായത്. കട്ടിപ്പാറയിലുണ്ടായ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും പിന്നാലെ അന്‍വറിന്റെ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കക്കാടംപൊയിലിലും ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് സഭയില്‍ പാര്‍ക്ക് വീണ്ടും വിഷയമായത്.

നിരവധി ചട്ടലംഘനങ്ങളാണ് ഈ പാര്‍ക്കിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചാണ് വാട്ടര്‍തീം പാര്‍ക്കിനുള്ള സാനിട്ടറി അനുമതി നേടിയത് എന്നതാണ് അതിലൊന്ന്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഇവിടെ വാട്ടര്‍തീം പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ലഘുഭക്ഷണ ശാലയും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും മാത്രമാണ് വാട്ടര്‍തീം പാര്‍ക്കിലുണ്ടായിരുന്നതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 2017ല്‍ നല്‍കിയ കത്തില്‍ പറയുന്നു. പിന്നീട് നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റഅ അസാധുവാകുമെന്നും ഈ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വാട്ടര്‍തീം പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് പാര്‍ക്കിലേക്ക് ആവശ്യമായ ജലമെടുക്കുന്നതിനുള്ള കുളം നിര്‍മ്മിച്ചിരിക്കുന്നത്. ഈ കുളത്തിന് സമീപമാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായതും. പരിസ്ഥിതി ലോലമായി കണക്കാക്കുന്ന പ്രദേശമാണ് കക്കാടംപൊയില്‍. അപകട സാധ്യത ഏറെയുള്ള പ്രദേശമെന്നാണ് ദുരന്തനിവാരണ വകുപ്പ് ഈ പ്രദേശത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ മഴക്കുഴി പോലും പാടില്ലെന്നിരിക്കെയാണ് വാട്ടര്‍ തീം പാര്‍ക്കിനായി കുളം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മലകളുടെ വശങ്ങള്‍ ഇടിച്ച് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ അന്‍വറിന്റെ ഭൂമി ദുരന്ത സാധ്യതയില്ലാത്തതാണെന്ന റിപ്പോര്‍ട്ടാണ് ജില്ലാ ഭരണകൂടം നല്‍കിയത്. ഈ ഭൂമിയിലാണ് ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. അന്‍വറിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ പാര്‍ക്കിന് സമീപമുണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. അതിനാല്‍ ഈ റിപ്പോര്‍ട്ടും അന്‍വറിന് അനുകൂലമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി തടയണയുണ്ടാക്കിയെന്നതാണ് അന്‍വറിനെതിരായ മറ്റൊരു ആരോപണം. ജലസ്രോതസുകളുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്നത് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകും. കൂടാതെ ഇപ്പോള്‍ കക്കാടംപൊയിലുണ്ടായ മണ്ണിടിച്ചിലിന് കാരണം പ്രദേശത്ത് സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിച്ചിരിക്കുന്ന തടയണകളാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടിപ്പാറയിലുണ്ടായത് മനുഷ്യനിര്‍മ്മിത പ്രകൃതി ദുരന്തമാണെന്ന് പറയുന്നത്.

ഏതായാലും നിലവില്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. പക്ഷെ ഈ പാര്‍ക്കിന് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന തടയണയും മറ്റും ഇപ്പോഴും ഒരു വെല്ലുവിളിയായി അവിടെ സ്ഥിതിചെയ്യുന്നുണ്ട്. കാലവര്‍ഷം വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ കാലവര്‍ഷത്തേക്കാള്‍ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തെറിയുക ഈ തടയണകളും മറ്റുമായിരിക്കുമെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍