UPDATES

റസീന കെ കെ

കാഴ്ചപ്പാട്

തോന്ന്യാസങ്ങള്‍

റസീന കെ കെ

സിനിമ

നല്ലനടപ്പിന്റെ അമ്മ ചട്ടുകങ്ങളല്ല മലയാള സിനിമയിലെ ഈ ‘ബ്യൂട്ടിഫുൾ ഹ്യൂമൻ ബീയിങ്സ്’

വരും കാലങ്ങളിലെ സ്ത്രീ മുന്നേറ്റങ്ങൾക്ക് വലിയതോതിൽ ആക്കംകൂട്ടാൻ കഴിയുന്ന സംഘടനയാണ് ഡബ്ല്യുസിസി

റസീന കെ കെ

കൂട്ടത്തിൽ ഉള്ള ഒരാൾ കായികമായി ആക്രമിക്കപ്പെടുകയും നടീനടന്മാരുടെ സംഘടനയായ അമ്മ ഇരട്ടത്താപ്പ് നിലപാടുകൾ കൈകൊള്ളുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വിമൻ ഇൻ സിനിമ കളക്ടീവ് നിലവിൽ വരുന്നത്. തുടർന്നങ്ങോട്ട് ഡബ്യുസിസി എന്ന സംഘടന പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടത് ദിലീപ് ഉൾപ്പെട്ട കേസുമായി ബന്ധപെട്ടായിരുന്നു. ഡബ്ല്യുസിസി യുടെ എല്ലാ പ്രവർത്തനങ്ങളെയും എഎംഎംഎ യുടെ കൗണ്ടർ നടപടി ആയി കണ്ടുകൊണ്ട്, ദിലീപ് ഉൾപ്പെട്ട പീഡനക്കേസിലെ പ്രതികാരനടപടി മാത്രമെന്ന് വായിച്ചെടുക്കുന്നത് പുരുഷാധിപത്യ മാധ്യമ അജണ്ടയാണ്. സംഘടനയുടെ മറ്റു ലക്ഷ്യങ്ങളെ റദ്ദ് ചെയ്യുന്ന ഇത്തരം തന്ത്രങ്ങളെ പ്രതിരോധിച്ചു മുന്നോട്ട് പോവാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞാൽ അത് സാംസ്‌കാരിക കേരളത്തിൽ വലിയ നേട്ടമുണ്ടാക്കും .

വരും കാലങ്ങളിലെ സ്ത്രീ മുന്നേറ്റങ്ങൾക്ക് വലിയതോതിൽ ആക്കംകൂട്ടാൻ കഴിയുന്ന സംഘടനയാണ് ഡബ്ല്യുസിസി. ജനക്കൂട്ടത്തെ ഇത്ര വേഗത്തിൽ സ്വാധീനവലയത്തിൽ ആക്കുവാൻ ചലച്ചിത്രത്തോളം പോന്ന ഒരു കല വേറെയില്ല. ഈ സ്വാധിനിക്കലിന് സൂപ്പർസ്റ്റാറുകളോ മസിൽ നായകന്മാരോ വേണമെന്നില്ല.

പല കാലങ്ങളിലെ ചലച്ചിത്ര നടിമാരും സ്ത്രീകഥാപാത്രങ്ങളും കേരള പൊതുബോധത്തെ സ്വാധീനിച്ച വിധം പരിശോധിച്ചാൽ, വസ്ത്രധാരണ രീതി മുതൽ കുടുംബ ബന്ധങ്ങളെ വരെ സ്വാധീനിക്കാൻ (തിരിച്ചും) വെള്ളിത്തിരയിലെത്തുന്ന സ്ത്രീകഥാപാത്രങ്ങൾക്ക് സാധിക്കും എന്ന് കാണാം. ഉടലിലൂടെയും, ഉടുപ്പിലൂടെയും സൃഷ്ടിച്ചു പോന്ന തരംഗങ്ങളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന ബൗദ്ധികമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മറ്റേത് സ്ത്രീ മുന്നേറ്റങ്ങളേക്കാളും എളുപ്പത്തിൽ ജനപ്രിയ കലാകാരികൾ എന്ന നിലക്ക് ഡബ്ല്യുസിസി അംഗങ്ങൾക്ക് സാധിക്കുമെന്നിടത്താണ് ഈ അഭിനേത്രികളുടെ പ്രസക്തി.

പൂർണ്ണാർത്ഥത്തിൽ പുരുഷൻ കയ്യാളുന്ന, സ്ത്രീസമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന്, പുരോഗമനപരമായ പരിവർത്തനത്തിന് ഉതകുന്ന ഒന്നും തന്നെ ഇന്നേവരെ സംഭാവന ചെയ്തിട്ടില്ലാത്ത മലയാള ചലച്ചിത്ര മേഖലയിൽ നിന്നും ആണ് “സിനിമയിൽ വരും മുമ്പും നമ്മൾ ബ്യൂട്ടിഫുൾ ആയ ഹ്യൂമൻ ബീയിങ്സ് ആയിരുന്നു, അമ്മയിൽ നിന്നും പുറത്തുപോന്നാലും അങ്ങിനെ തന്നെ ആയിരിക്കും” എന്ന് വെല്ലുവിളിച്ചുകൊണ്ട് റിമമാർ രംഗപ്രവേശനം ചെയ്യുന്നത്. നടപ്പ് ചലച്ചിത്ര ഭാഷ്യത്തിന്റെ വഷളത്തരത്തെ പച്ചക്കു വിമർശിക്കുന്ന പാർവതിമാർ കയ്യടി നേടുന്നത്. നടിമാർ എന്ന വാക്കിന് തന്നെയാണ് അർത്ഥപരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നല്ലനടപ്പിന്റെ അമ്മ ചട്ടുകങ്ങൾ ആയ ലളിതമാരിൽ നിന്നും അർച്ചന പദ്മിനി, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരിലേക്കുള്ള മാറ്റമാണിത്. സോഷ്യൽ മീഡിയയിലെ കമന്റ് തൊഴിലാളികൾക്ക് തെറിവിളികൾകൊണ്ടോ, പ്രസ്സ് എന്ന് സ്വയം അലങ്കരിക്കുന്ന മാധ്യമശിങ്കിടികളുടെ അർത്ഥശൂന്യമായ ചോദ്യങ്ങൾ കൊണ്ടോ ഈ മാറ്റത്തെ ഇല്ലായ്മ ചെയ്യാനാവില്ല.

പീഡന പരാതികളിൽ ഊന്നൽ കൊടുക്കുന്ന, പരാതിക്കാരായ അഭിനേത്രികൾക്ക് ഒപ്പം നിൽക്കുന്ന ഒന്നായി ആണ് ഫലത്തിൽ ഡബ്ല്യുസിസി നിലനിൽക്കുന്നത്. കുതികാൽ വെട്ടിനു പേരുകേട്ട സിനിമാലോകത്തെ കൃത്യമായ നിലപാടുകൾ കൊണ്ട് ഉത്തരം മുട്ടിക്കാൻ ഈ പെൺകൂട്ടായ്മക്ക് കഴിയുന്നുണ്ട്. അവസാനമായി അവർ നടത്തിയ വാർത്താസമ്മേളനവും അതിൽ ഉന്നയിച്ച ആവിശ്യങ്ങളും എഎംഎംഎ യിൽ ഉണ്ടാക്കുന്ന അലകൾ തന്നെ ഇതിന്റെ തെളിവ് ആണ്.

ഡബ്ല്യുസിസി യുടെ പ്രവർത്തന രീതി പോലും നിലവിലെ സംഘടനപ്രവർത്തനത്തിന്റെ പുത്തൻ കാഴ്ചയാണ്. ഫെഫ്കയിലും അമ്മയിലും അംഗങ്ങളായവരും, പല സംഘടനകളിൽ നിന്നും രാജിവെച്ചു പുറത്തു വന്നവരും, പുതുതായി ഡബ്ല്യുസിസി മെമ്പർഷിപ്പ് എടുത്തവരും, മുതിർന്നവരും, തുടക്കക്കാരും ഒക്കെ അടങ്ങുന്ന ഒരു ചലചിത്ര പ്രവർത്തക കൂട്ടായ്മയാണിത്. രജിസ്റ്റർ ചെയ്തു സംഘടനാ തലത്തിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇന്നേ വരെ പ്രസിഡണ്ട്, സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌, ഉപദേഷ്ടാവ്, ഖജാൻജി തുടങ്ങിയ അധികാര പദങ്ങൾ ഒന്നുംതന്നെ ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിട്ടില്ല എന്നതുതന്നെയാണ് ഒരു സംഘടന എന്ന രീതിയിൽ ഡബ്ല്യുസിസിയുടെ ആദ്യത്തെ വിജയം. തൊഴിലിടത്തിലെ ആധിപത്യ മനോഭാവവും, സ്ത്രീകളോടുള്ള വിവേചനവും മുൻനിർത്തി രൂപീകരിക്കപ്പെട്ട ഒരു സംഘടന ആദ്യം തിരിച്ചറിയേണ്ടതും മാറ്റിയെഴുതേണ്ടതും ഇത്തരം അധികാരശ്രേണിയെ തന്നെയാണ്.

സിനിമാരംഗത്തെ സ്ത്രീ പ്രശ്നങ്ങൾ പഠിക്കുവാനായി ഡബ്യുസിസിയുടെ പരാതി പ്രകാരം നിലവിൽ വന്ന ഹേമ കമ്മിഷൻ, ചലച്ചിത്ര മേഖലയിൽ ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി വേണം എന്ന കോടതി പരിഗണനയിൽ ഇരിക്കുന്ന ആവിശ്യം തുടങ്ങി ഒറ്റക്കുതിപ്പിൽ തന്നെ അടയാളപ്പെടുത്താവുന്ന നേട്ടങ്ങൾ ഒരുപാടുണ്ട് ഈ കൂട്ടായ്മക്ക്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനോടനുബന്ധിച്ച് മലയാളത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും, ദ്വയാർത്ഥപ്രയോഗങ്ങളും വലിയതോതിൽ വിമർശിക്കപ്പെട്ടിരുന്നു. ശേഷം പുറത്തുവന്ന വലിയൊരു ശതമാനം മലയാള ചലച്ചിത്രങ്ങളിലും, കേട്ടാൽ അറപ്പു വരുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ, ദ്വയാർത്ഥ പ്രയോഗങ്ങളിലൊക്കെ കുറവ് വന്നിട്ടുണ്ട്.  അതുപോലെതന്നെ ഏറെക്കുറെ അസ്തിത്വമുള്ള കഥാപാത്ര സൃഷ്ടിയും അഭിനേത്രികൾക്കു വേണ്ടി നടന്നിട്ടുണ്ട്. ഈ മാറ്റത്തിന് ചുവടുപിടിച്ച് ഡബ്ല്യുസിസിക്ക് ബഹുദൂരം മുന്നോട്ടു പോകാനാവും. വളരെ കരുതലോടെ ഡബ്യുസിസി നടത്തുന്ന നീക്കങ്ങൾ ഫേസ്ബുക് പോസ്റ്റുകളിലൂടെ പ്രതികരിക്കുന്നവർ എന്ന് പരിഹസിക്കപ്പെടാറുണ്ടെങ്കിലും, അവനവന്റെ തൊഴിലിടങ്ങളിൽ ഒരു ചെറു ശബ്‌ദം കൊണ്ടെങ്കിലും ചെറുത്തു നില്പുകൾ നടത്തിയിട്ടുള്ളവർക്ക് അറിയാം ഡബ്യുസിസി കാണിക്കുന്ന, കാണിക്കേണ്ട ജാഗ്രത. മറ്റു തൊഴിലിടങ്ങളിൽ നിന്നും വത്യസ്തമായി സ്വന്തം ഇമേജും രാഷ്ട്രീയ അഭിപ്രായവും ഒരുമിച്ചു കൊണ്ടുപോവേണ്ട ഇരട്ടിഭാരവും ഇവർക്കുണ്ട്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ തനിക്കടക്കം എല്ലാ ഡബ്യുസിസി അംഗങ്ങൾക്കും തൊഴിലവസരങ്ങൾ കുറയുന്നു എന്ന് പാർവതിയെപോലെ കഴിവുറ്റ ഒരു കലാകാരിക്ക് പറയേണ്ടി വരുന്നത് എത്ര ഭീതികരം ആണ്?

ഡബ്യുസിസി രൂപപ്പെടുന്ന സമയത്ത് അവർ ലക്ഷ്യം വെക്കുന്നതായി പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്. ഇതുവരെയായി റിലീസ് ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകളെ, അവർത്തിച്ചുറപ്പിക്കുന്ന സ്ത്രീവിരുദ്ധ ബിംബങ്ങളെ, പുനർവായനക്ക് വിധേയമാക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. ചലച്ചിത്ര മേളകൾ, സംവാദങ്ങൾ, അഭിമുഖങ്ങൾ ഒക്കെ വഴി ഈ പുനർവായനക്ക് ഡബ്യുസിസി തുടക്കം കുറിച്ചിട്ടുണ്ട്.

താര രാജാക്കന്മാരെ തോളിൽ എറ്റേണ്ട വലിയ ഭാരത്തിൽ നിന്നും മോചിതരായ അഭിനയേത്രികൾ നേതൃത്വം നൽകുന്ന ഒരു സംഘത്തിന് ഇത് എളുപ്പത്തിൽ സാധിക്കും. സെമിനാർ ഹാളുകളിലും അക്കാഡമിക് ചർച്ചകളിലും മാത്രം ഒതുങ്ങിയിരുന്ന പുനർവായന സങ്കേതങ്ങൾ ജനകീയമാക്കുവാൻ ഡബ്യുസിസിക്ക് സാധിക്കേണ്ടതുണ്ട്. ആ പ്രവർത്തനങ്ങളിലൂടെ മലയാളി ബോധത്തിൽ ഉറച്ചുപോയ ചില ചിട്ടവട്ടങ്ങൾ തിരുത്തി എഴുതാനായാൽ വേഗത്തിലുള്ള സ്ത്രീമുന്നേറ്റത്തിനും അതുവഴി ഒരു വലിയ സാംസ്‌കാരിക മാറ്റത്തിനും വഴി ഒരുക്കിയ സംഘടന എന്നാവും ചരിത്രം ഡബ്ലുസിസിയെ ഓർത്തു വെക്കുക. അശ്ലീലഭാഷണങ്ങൾക്കും പുരുഷാരത്തിന്റെ അറപ്പുളവാക്കുന്ന കയ്യടികൾക്കും ഇടയിൽ തിയ്യേറ്റർ തന്നെ മടുത്ത, തലച്ചോർ അടിമപ്പെടുത്തിയിട്ടില്ലാത്ത കേരളത്തിലെ പ്രേക്ഷകർ കാത്തിരിക്കുന്നതും കാതോർക്കുന്നതും ഒരു പുതിയ ചലച്ചിത്ര സംസ്കാരത്തിനാണ്.

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ മുഖം: രേവതി

#Metoo: മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍