UPDATES

സിനിമ

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

സ്ത്രീകളായ അംഗങ്ങളുടെ അഭിപ്രായങ്ങളോ പരാതികളോ കണക്കിലെടുക്കാന്‍ പോലും പുരുഷാധിപത്യം നിലനില്‍ക്കുന്ന സംഘടന തയ്യാറാകുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറി അതിന്റെ എല്ലാ പരിധികളും വിട്ടിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം മലയാള സിനിമയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അഭിപ്രായ ഭിന്നതയാണ് ഇന്ന് മറ്റൊരു തലത്തിലെത്തിയിരിക്കുന്നത്. നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവച്ചതാണ് ഏറ്റവും പുതിയ സംഭവം. വളരെ ക്രിയാത്മകമായ നടപടികള്‍ അമ്മയില്‍ ഉണ്ടാകുന്നില്ലെന്നാണ് ഇതേക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനെ സംഘടനയില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് നാല് നടിമാരുടെ രാജി. അവള്‍ക്കൊപ്പം ഞങ്ങളും രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് രമ്യ നമ്പീശന്‍, റിമ കല്ലിംഗല്‍, ഗീതു മോഹന്‍ ദാസ് എന്നിവര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘടനയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധ നിലപാടുകളാണ് ഈ കൂട്ടരാജിയിലേക്ക നയിച്ചിരിക്കുന്നത്. മലയാള സിനിമാ വ്യവസായത്തെ സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മാറ്റാനുള്ള ഒരു ശ്രമവും ഈ സംഘടന നടത്തിയിട്ടില്ലെന്നും ഇവരുടെ രാജി പ്രഖ്യാപനത്തില്‍ പറയുന്നു. എന്നാല്‍ ഈ നാല് പേരില്‍ രാജി ഒതുങ്ങുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ- എന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് രമ്യ നമ്പീശന്‍ പറയുന്നത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്നാണ് ഗീതു പറയുന്നത്. അമ്മയ്ക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ താന്‍ മനസ്സിലാക്കിയിട്ടുള്ളതാണെന്നും അവര്‍ പറയുന്നു. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടതെന്നും ഗീതു വ്യക്തമാക്കുന്നു. ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ്. ഇനിയും അതനുവദിക്കാന്‍ കഴിയില്ല. എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടുമെന്നാണ് ഗീതു പറയുന്നത്. ഇത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് റിമ കല്ലിംഗല്‍ പറയുന്നത്. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല താന്‍ ‘അമ്മ’ വിടുന്നതെന്നും റിമ വ്യക്തമാക്കുന്നു. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ് തന്റെ രാജിയെന്നാണ് റിമ പറയുന്നത്.

ഇത് ആദ്യമായല്ല അമ്മയിലെ സ്ത്രീ വിരുദ്ധ ചര്‍ച്ചയാകുന്നത്. ഈ നടിമാര്‍ തന്നെ മുമ്പും ശക്തമായ വിമര്‍ശനങ്ങള്‍ ഈ വിഷയത്തില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ സ്ത്രീകള്‍ അംഗങ്ങളായുള്ള താരസംഘടനയില്‍ വിമന്‍ കളക്ടീവ് ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടെയും തരംതാണ ആക്ഷേപഹാസ്യങ്ങളിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുത്തതിലൂടെ അമ്മ ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അമ്മ ഒരിക്കലും പെണ്‍മക്കള്‍ക്കൊപ്പമില്ലെന്നതാണ് ഡബ്ല്യൂസിസിയുടെ രൂപീകരണത്തിന് തന്നെ കാരണമായത്. അതിനുശേഷം ഡബ്ല്യൂസിസി അംഗങ്ങളോട് ഫാന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ നടന്ന അസഭ്യവര്‍ഷം നാമെല്ലാം കണ്ടതാണ്.

സ്ത്രീകളായ അംഗങ്ങളുടെ അഭിപ്രായങ്ങളോ പരാതികളോ കണക്കിലെടുക്കാന്‍ പോലും പുരുഷാധിപത്യം നിലനില്‍ക്കുന്ന സംഘടന തയ്യാറാകുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി. തങ്ങളുടെ സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് ഈ തീരുമാനത്തെ ന്യായീകരിക്കാന്‍ സംഘടന ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ ഇതേ കാരണം തന്നെ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനും ഉപയോഗിക്കാമെന്ന് അവര്‍ മനപ്പൂര്‍വം മറന്നുപോകുന്നു. അവിടെയാണ് ഈ നാല് നടിമാര്‍ കയ്യടി അര്‍ഹിക്കുന്നത്. ധീരമായ നിലപാടുകള്‍ കൊണ്ട് ഇവരാണ് നമ്മുടെ സൂപ്പര്‍ സ്റ്റാറുകളാകേണ്ടത്.

ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല; ഭാവനയടക്കം നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചു

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

ഭീരുക്കളായി ഞങ്ങള്‍ ജീവിക്കില്ല, ആണ്‍കോയ്മക്കെതിരേ കലഹിച്ചുകൊണ്ടേയിരിക്കും; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ, അതുകൊണ്ടാണ് റിമയോടു തന്നെ പറയുന്നത്-ശാരദക്കുട്ടി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍