UPDATES

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

ശബരിമലയില്‍ കയറാന്‍ അനുവാദം കിട്ടിയെന്നതുകൊണ്ട് സത്രീകള്‍ക്ക് എല്ലാ അവകാശങ്ങളും കിട്ടി, പുരുഷന്മാര്‍ക്ക് തുല്യരായി എന്നൊക്കെ വിശ്വസിക്കുന്നത് വെറും ബാലിശമാണ്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് നിലപാടുമായി ഹിന്ദു സ്ത്രീകള്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. വിധി അംഗീകരിക്കേണ്ടതാണെന്നു പറയുമ്പോഴും ഈ വിധിയിലൂടെ സ്ത്രീകള്‍ക്ക് തുല്യതയും സ്വാതന്ത്ര്യവും ലഭ്യമായിരിക്കുന്നു എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും കോളേജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം ചൂണ്ടിക്കാണിക്കുന്നുമുണ്ട്. വൈകുന്നേരം ആറു മണിക്ക് മുന്നേ വീട്ടില്‍ എത്തിയിരിക്കണമെന്ന നിയമം ഉള്ളൊരു സമൂഹത്തില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ എന്ത് തുല്യതയും സ്വാതന്ത്ര്യവുമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഇവര്‍ ചോദിക്കുന്നു. അതേ സമയം ഈ വിധിയെ സ്വാഗതം ചെയ്യുന്നവര്‍ ഇത് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കിട്ടേണ്ട തുല്യ അവകാശത്തെ സംരക്ഷിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സുപ്രിം കോടതി വിധി ഹൈന്ദ സ്ത്രീകളുടെ വൈകാരികതയെ മാനിക്കാതെയുള്ളതും ഇത്തരമൊരു വിധി ഉണ്ടായതുകൊണ്ട് വിശ്വാസികളായ ഒരു ഹിന്ദു സ്ത്രീയും ശബരിമലയില്‍ കയറാന്‍ പോകുന്നില്ലെന്നും പ്രഖ്യാപിക്കുകയാണ് ശബരിമല തന്ത്രി കുടുംബത്തിലെ അംഗമായ ദീപ രാഹുല്‍ ഈശ്വര്‍. സുപ്രിം കോടതി വിധിയെക്കുറിച്ച് ന്യൂസ് 18 കേരളയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് ദീപ പറയുന്ന കാര്യങ്ങളിതൊക്കെയാണ്;

ശബരിമലയില്‍ കയറാന്‍ അനുവാദം കിട്ടിയെന്നതുകൊണ്ട് സത്രീകള്‍ക്ക് എല്ലാ അവകാശങ്ങളും കിട്ടി, പുരുഷന്മാര്‍ക്ക് തുല്യരായി എന്നൊക്കെ വിശ്വസിക്കുന്നത് വെറും ബാലിശമാണ്. ആറു മണിക്ക് ശേഷം ഒരു സ്ത്രീക്ക് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ എന്ത് തുല്യതയാണ് ശബരിമല പ്രവേശനത്തിലൂടെ സ്ത്രീക്ക് കിട്ടുന്നത്? സുപ്രിം കോടതി സംരക്ഷിച്ചിരിക്കുന്നത് വിശ്വാസികളുടെ അവകാശത്തെയല്ല, ഒരു വിശ്വാസവും ഇല്ലാത്ത, ശബരിമല കാണണം എന്നാഗ്രഹിക്കുന്ന ഒരു കൂട്ടം ടൂറിസ്റ്റകളുണ്ട്, അവരെയാണ്. അവര്‍ക്ക് ശബരിമല എന്താണെന്നോ, അയ്യപ്പന്‍ ആരാണെന്നോ, നൈഷ്ഠിക ബ്രഹ്മചര്യം എന്താണെന്നോ അറിയാതെ, അതിലൊന്നും ഒരു വിശ്വാസവുമില്ലാതെ, എന്താണ് ശബരിമല എന്നൊന്നു കാണാന്‍, അവിടെ നിന്നു രണ്ടുമൂന്നു സെല്‍ഫികള്‍ എടുക്കണം എന്നൊക്കെ വിചാരിക്കുന്ന ഒരുകൂട്ടമാണ്. അവര്‍ക്ക് വളരെ അനുയോജ്യമായ വിധിയാണിത്. അല്ലാതെ, ഞങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തെ സംരക്ഷിച്ചുകൊണ്ടല്ല ഇങ്ങനെയൊരു വിധി വന്നിരിക്കുന്നത്. സുപ്രിം കോടതിയില്‍ നിന്നും ഇത്തരമൊരു വിധി വന്നപ്പോള്‍ കണ്ണില്‍ നനവാണ് വന്നത്. നൂറ്റാണ്ടുകളായി നമ്മുടെ മുത്തിശ്ശമാരൊക്കെ പറഞ്ഞുകേട്ട് ശബരിമലയിലെ പ്രതിഷ്ഠയെ കുറിച്ച് അറിഞ്ഞിട്ടുള്ള ഒരു വിശ്വാസി എന്ന നിലയില്‍ ഈ സുപ്രിം കോടതി വിധി നിരാശാജനകമാണ്.

മാറ്റങ്ങളും പരീക്ഷണങ്ങളുമൊക്കെ നടക്കുന്നത് ഞങ്ങളുടെ ഹിന്ദു മതത്തില്‍ മാത്രമാണ്. എങ്കിലും ഒരു മതത്തിലും ഇത്തരം മാറ്റങ്ങള്‍ വരല്ലേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളുണ്ട്. അതൊന്നും മാറരുതെന്നാണ് ഹിന്ദുക്കള്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ, ഹിന്ദുമതത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടു വരുന്നതെന്നു മാത്രം പറയരുത്. അത് സ്വന്തം മുഖത്ത് കരിവാരിത്തേക്കുന്നതിന് തുല്യമായിരിക്കും. ഈ വിധി വന്നിരിക്കുന്നതിനു പിന്നില്‍ ചില ആളുകളുടെ അജണ്ടയുണ്ട്. അവരുടെ വളരെ സൂക്ഷ്മമായ ആസൂത്രത്തണത്തിലൂടെയാണ് ഇങ്ങനെയൊരു വിധി കൊണ്ടു വന്നിരിക്കുന്നത്.

നൈഷ്ഠിക ബ്രഹ്മചാരി എന്ന നിലയില്‍ യുവതികളുടെ സാന്നിധ്യത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ട രീതിയിലാണ് ശബരിമലയിലെ പ്രതിഷ്ഠ ഉളളത്. അതിനെ വെല്ലുവിളിച്ചുകൊണ്ട് പുരുഷനുമായി ഞാനും തുല്യയാകണം എന്ന സ്വാര്‍ത്ഥതയല്ല ഉണ്ടാകേണ്ടത്. നമ്മള്‍ ആരാധിക്കുന്ന ദൈവത്തിന് എന്താണ് വേണ്ടതെന്ന് മനസലാക്കി പ്രവര്‍ത്തിക്കണം. യഥാര്‍ത്ഥ വിശ്വാസമാണ് ഉള്ളതെങ്കില്‍ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി, എന്തിനാണ് ശബരിമല തന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്. അതിനു പിന്നില്‍ ഒരു അജണ്ടയുണ്ട്. ഞങ്ങളെ പോലുള്ള മില്യണ്‍ കണക്കിനു വിശ്വാസികളില്‍ ഈ സുപ്രീം കോടതി വിധി ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല. ഞങ്ങളുടെ വിശ്വാസത്തെയാണ് ഈ വിധി വൃണപ്പെടുത്തിയിരിക്കുന്നത്. ഈ കോടതി വിധി വന്നതിനുശേഷം സ്ത്രീകള്‍ തന്നെയാണ് ചോദിക്കുന്നത്, ആരാണ് കേറാന്‍ പോകുന്നതെന്ന്. ഞങ്ങളാരും കേറാന്‍ പോകുന്നില്ല, ആര്‍ക്കുവേണ്ടിയാണ് ഈ വിധി കൊണ്ടു വന്നത്? ഈ വിധിയില്‍ ഞങ്ങള്‍ക്ക് ഉണ്ടായ ഏറ്റവും വലിയ സങ്കടം സുപ്രിം കോടതി ഞങ്ങളുടെ സെന്റിമെന്റ്‌സ് കണക്കിലെടുത്തില്ല എന്നതിലാണ്. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീ വിശ്വാസികളെല്ലാം ശബരി മലയില്‍ കയറുമെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. കേറുന്നുണ്ടെങ്കില്‍ അത് ആദ്യമായിട്ട് ശബരിമല കാണാന്‍ വേണ്ടി പോകുന്ന ഒരു കൂട്ടം ആളുകളായിരിക്കും.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനു മെന്‍സസുമായിട്ടോ ബ്ലീഡിംഗുമായിട്ടോ യാതൊരു ബന്ധവുമില്ല. ബന്ധമുള്ളത് ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠയുമായിട്ടാണ്. ആ പ്രതിഷ്ഠയ്ക്ക് പ്രത്യേകമായ ഒരു സ്വഭാവമുണ്ട്. യുവതികള്‍ മുന്നില്‍ വരാന്‍ പാടില്ലാത്ത ഒരു പ്രതിഷ്ഠയാണ് അവിടെയുള്ളത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറരുതെന്നത് അവിടെയുള്ള പ്രതിഷ്ഠയുടെ ആവശ്യമാണ്, അത് മാനിക്കുകയാണ് വേണ്ടത്.

ദീപക്കുട്ടീ, ഇത്രേം ഇമോഷണലാവാതെ, ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ്; രാഹുല്‍ ഈശ്വറിന്റെ ഭാര്യയ്ക്ക് കലക്കന്‍ മറുപടി

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവരുടെ മുനയൊടിഞ്ഞത് ഇവിടെ

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

ഇന്നലെ ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നു വിധിച്ച അതേ വനിതാ ജഡ്ജി തന്നെയോ ഇത്? ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ വിമര്‍ശിച്ച് പി ഗീത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍