UPDATES

ട്രെന്‍ഡിങ്ങ്

പെണ്ണുങ്ങള്‍ പറയുന്നത് കേട്ട് യൂണിവേഴ്‌സിറ്റി നടത്താനാവില്ല; സമരം പ്രധാനമന്ത്രിക്കെതിരെന്നും ബി എച്ച് യു വിസി

രാജ്യത്തോട് കൂറില്ലാത്തവരാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം കുഴപ്പമുണ്ടാക്കിയത്. നിഷ്‌കളങ്കരായ പല വിദ്യാര്‍ത്ഥികളും ഇതില്‍ വീണ്പോവുകയായിരുന്നു. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും അസ്വസ്ഥത സൃഷ്ടിക്കാനും കുഴപ്പമുണ്ടാക്കാനുമുള്ള ശ്രമം നടക്കുന്നുണ്ടെന്നും ത്രിപാഠി ആരോപിച്ചു.

ബനാറസ് സര്‍വകലാശാലയില്‍ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അലങ്കോലമാക്കാന്‍ വേണ്ടി പുറത്ത് നിന്നെത്തിയവര്‍ തുടങ്ങി വച്ചതാണെന്ന് വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി ആരോപിച്ചു. ബൈക്കിലെത്തിയ അക്രമിസംഘം പെണ്‍കുട്ടികളെ കടന്നുപിടിച്ചു എന്ന ആരോപണം ഇവര്‍ കെട്ടിച്ചമച്ചതാണ്. എല്ലാ പെണ്‍കുട്ടികളും പറയുന്നത് കേട്ട് യൂണിവേഴ്‌സിറ്റി നടത്തിക്കൊണ്ടുപോകാനാവില്ലന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ വിസി പറഞ്ഞു.

വ്യാഴാഴ്ചത്തെ സംഭവം നിര്‍ഭാഗ്യകരമാണ്. പക്ഷെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത്ര അരക്ഷിതബോധമുണ്ടാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പക്ഷെ ചിലര്‍ ഇതില്‍ അനാവശ്യമായ പ്രശ്‌നമുണ്ടാക്കുകയാണ്. നുണയെ സത്യമാക്കാന്‍ ശ്രമിക്കുകയാണ്. യൂണിവേഴ്‌സിറ്റി രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല. ബി എച്ച് യുവില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും അസ്വസ്ഥത സൃഷ്ടിക്കാനും കുഴപ്പമുണ്ടാക്കാനുമുള്ള ശ്രമം നടക്കുന്നുണ്ടെന്നും ത്രിപാഠി ആരോപിച്ചു. അക്രമത്തിന് ഇരയായ പെണ്‍കുട്ടി സര്‍വകലാശാല സ്വീകരിക്കുന്ന നടപടികളില്‍ തൃപ്തയാണ്. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ആ കുട്ടിക്ക് എതിര്‍പ്പുണ്ട്. ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷക്ക് വേണ്ടി സാധ്യമായതെല്ലാം യൂണിവേഴ്‌സിറ്റി ചെയ്യുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ സത്യത്തില്‍ അപമാനിക്കപ്പെട്ടിട്ടില്ല. അതൊരു പൂവാല ശല്യം മാത്രമായിരുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണയാണ്. പെണ്‍കുട്ടികള്‍ കുറെയേറെ സമയം പുറത്തിറങ്ങി നടക്കുന്നതും പ്രശ്‌നമുണ്ടാക്കുന്നുണ്ട് – ത്രിപാഠി പറഞ്ഞു.

രാജ്യത്തോട് കൂറില്ലാത്തവരാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം കുഴപ്പമുണ്ടാക്കിയത്. നിഷ്‌കളങ്കരായ പല വിദ്യാര്‍ത്ഥികളും ഇതില്‍ വീണ്പോവുകയായിരുന്നു. ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് തോന്നുന്നത് എസ്എഫ്‌ഐ, ഐസ പ്രവര്‍ത്തകര്‍ക്ക് മാത്രമാണെന്നും ത്രിപാഠി അഭിപ്രായപ്പെട്ടു. പൊലീസ് മര്‍ദ്ദിച്ചത് അക്രമികളെയാണെന്നും പെണ്‍കുട്ടികളെ അല്ലെന്നും ത്രിപാഠി വാദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍