UPDATES

ട്രെന്‍ഡിങ്ങ്

ഗറില്ല തന്ത്രങ്ങള്‍ ഉപയോഗിക്കും, അടുത്ത തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കും; തൃപ്തി ദേശായി

ഇനി വരുന്നത് മുന്‍കൂട്ടി അറിയിക്കാതെ

വീണ്ടും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വ്യാഴാഴ്ച്ച ശബരിമലയില്‍ പോകാനായി തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ എത്തിയ ഏഴംഗ വനതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താനാകാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു തന്നെ മടങ്ങിയിരുന്നു. മുംബൈയില്‍ എത്തിയശേഷം എഎന്‍ ഐയോട് സംസാരിക്കവെ ആയിരുന്നു താന്‍ ശബരിമലയിലേക്ക് വീണ്ടുമെത്തുമെന്ന് തൃപ്തി അറിയിച്ചത്. അടുത്ത തവണ എത്തുന്നത് മുന്‍കൂട്ടി പറയാതെ ആയിരിക്കുമെന്നും ഗറില്ല തന്ത്രം ഉപയോഗിക്കുമെന്നും തൃപ്തി പറഞ്ഞു.

കൊച്ചി വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളും തൃപ്തി എഎന്‍ ഐയോട് പങ്കുവച്ചു. തങ്ങള്‍ വിമാനത്തവളത്തില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രതിഷേധക്കാര്‍ അസഭ്യവാക്കുകള്‍ മുഴക്കുകയും തിരിച്ചു പോകാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പൊലീസും ഞങ്ങള്‍ തിരിച്ചു പോകാനാണ് അഭ്യര്‍ത്ഥിച്ചത്. എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന ഉത്കണ്ഠയാണ് പൊലീസ് അറിയിച്ചത്. ഞങ്ങള്‍ മൂലം കേരളത്തിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് തിരിച്ചു പോകാന്‍ തീരുമാനിച്ചത്. അടുത്ത തവണ എത്തുമ്പോള്‍ എല്ലാവിധ സുരക്ഷയും നല്‍കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തവണ ഞങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടാണ് എത്തിയത്. എന്നാല്‍ അടുത്ത തവണ വരുന്ന കാര്യം മുന്‍കൂട്ടി അറിയിക്കില്ല. ഗറില്ല തന്ത്രങ്ങളായിരിക്കും ഞങ്ങള്‍ പിന്തുടരുക; തൃപ്തി ദേശായി പറയുന്നു.

താന്‍ ഉള്‍പ്പെടെയുള്ള, ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഏഴ് പേരെയും കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറായില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. പ്രക്ഷോഭങ്ങള്‍ ഭയന്നാണ് ഡ്രൈവര്‍മാര്‍ ഒഴിവായതെന്നും തൃപ്തി പറയുന്നു. രണ്ട് ടാക്‌സി കാറുകള്‍ ഞങ്ങളെ കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയതാണ്. എന്നാല്‍ അവിടെ ഉണ്ടായിരുന്ന പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി. കാര്‍ അവര്‍ തകര്‍ക്കുമെന്നും ഞങ്ങളെ ആക്രമിക്കുമെന്നും ഭയപ്പെടുത്തിയതോടെയാണ് ഞങ്ങളെ കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വിസമ്മതം അറിയിച്ചത്; തൃപ്തി പറയുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തൃപ്തി ദേശായി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍