UPDATES

ട്രെന്‍ഡിങ്ങ്

‘രമ്യാ ഹരിദാസിന് കാറ് വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നതില്‍ എന്താണ് തെറ്റ്?’

ആയിരം രൂപ വിലയുള്ള 1400 കൂപ്പണുകള്‍ അച്ചടിച്ചാണ് പിരിവെടുപ്പ്‌

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും പിരിവ് നടത്തുന്നത് വിവാദമായിരിക്കുകയാണ്. ആയിരം രൂപ വിലയുള്ള 1400 കൂപ്പണുകളാണ് ഇതിനായി അച്ചടിച്ച് ഇറക്കിയിരിക്കുന്നത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിനുണ്ടായ എതിര്‍പ്പാണ് കൂപ്പണ്‍ പുറത്തുവരാനും വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനും കാരണമായതെന്നുമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ സര്‍പ്രൈസായി വാഹനം കൈമാറാനാണ് യൂത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി യോഗം ചേര്‍ന്നാണ് കാര്‍ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചത്. എംപിയുടെ കുടുംബ, സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്തായിരുന്നു ഇത്. ആലത്തൂരിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമാണ് പിരിവ് നടത്തുക. തങ്ങളുടെ ഈ പിരിവില്‍ യാതൊരു വിധ തെറ്റുമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. എല്ലാ കണക്കുകളും സൂക്ഷിച്ചാണ് തങ്ങള്‍ പിരിവ് നടത്തുന്നതെന്നും ഇവര്‍ പറയുന്നു.

താന്‍ കൂടി ഭാഗമായ യൂത്ത് കോണ്‍ഗ്രസ് തനിക്ക് വാഹനം വാങ്ങിത്തരുന്നതില്‍ ഏറെ അഭിമാനം കൊള്ളുന്നയാളാണ് താനെന്നാണ് രമ്യ ഹരിദാസ് ഇതേക്കുറിച്ച് പ്രതികരിച്ചു. ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആലത്തൂര്‍ എംപിയ്ക്ക് ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവെടുത്ത് ഒരു കാര്‍ വാങ്ങി നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് വടക്കാഞ്ചേരി എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര ചോദിച്ചു. ഈ വിഷയത്തില്‍ അഴിമുഖം പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു എംഎല്‍എ.

താന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അനില്‍ അക്കര പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി തീരുമാനമെടുത്ത ശേഷം അവരെ അറിയിച്ചിരുന്നു. സംഘടനയ്ക്കുള്ളില്‍ ഇതിനെക്കുറിച്ച് എതിര്‍പ്പൊന്നും ഉയര്‍ന്നതായി തനിക്കറിയില്ല. തങ്ങള്‍ പുറത്തുനിന്ന് എവിടെ നിന്നും പിരിക്കുന്നില്ലെന്നും പാര്‍ട്ടിക്കാരില്‍ നിന്ന് മാത്രമാണ് പിരിക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു. 1135 ബൂത്തുകളില്‍ നിന്നും കുറഞ്ഞത് ആയിരം രൂപയും പരമാവധി 2000 രൂപയും വീതമാണ് പിരിക്കുന്നത്. ആയിരം രൂപയുടെ 1400 കൂപ്പണുകളില്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ഒരു മണ്ഡലത്തിലേക്ക് 25000 രൂപയുടെ വീതം കൂപ്പണുകളാണ് കൊടുത്തിരിക്കുന്നതെന്നും അനില്‍ വ്യക്തമാക്കി.

ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഒരു എംപി അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു മാസം കിട്ടുന്നത്. എംഎല്‍എമാര്‍ക്കുള്ള സംവിധാനങ്ങള്‍ എംപിമാര്‍ക്കില്ലെന്നും അനില്‍ പറയുന്നു. ഡല്‍ഹിയിലെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് 40,000 രൂപ ശമ്പളം നല്‍കണം. ഇവിടെ ഒരു വീടും ഓഫീസുമുണ്ട്. അതിന്റെ വാടകയായി 40,000 രൂപ വരും. അവിടുത്തെ രണ്ട് ജീവനക്കാര്‍ക്കായി 20,000 രൂപ ശമ്പളം നല്‍കണം. ഓഫീസ് പ്രവര്‍ത്തനത്തിന് തന്നെ ഒരു എംപിയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യമായി വരുമെന്ന് അനില്‍ ചൂണ്ടിക്കാട്ടുന്നു. വണ്ടി പറമ്പിക്കുളം മുതല്‍ കുന്നംകുളം വരെ പോകണമെങ്കില്‍ സാധാരണ നിലയ്ക്ക് ഒരു ദിവസം രണ്ടായിരം രൂപയുടെ ഡീസല്‍ ആവശ്യമാണെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. മുപ്പത് ദിവസത്തേക്ക് അറുപതിനായിരം രൂപ. പിന്നെ ബാക്കിയുണ്ടാകുന്നത് 30,000 രൂപ മാത്രമാണ്.

വാഹനം വായ്പയായി എടുക്കാമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ നിന്നും പത്ത് ലക്ഷം രൂപ പലിശരഹിത വായ്പ ലഭിക്കും. എംപിമാര്‍ക്ക് ഇത്തരമൊരു സംവിധാനമില്ല. എന്നാല്‍ രമ്യ ഹരിദാസിന് പലിശയോട് കൂടി വായ്പയെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അനില്‍ പറയുന്നത്. മത്സരിക്കുന്ന സമയത്ത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ഏഴ് ലക്ഷം രൂപയുടെ റവന്യൂ റിക്കവറി വന്നിരുന്നു. ബൈജു പി വര്‍ഗ്ഗീസ് ആറ് ലക്ഷം രൂപ നല്‍കിയും എരുവിയൂര്‍ ബ്ലോക്ക് പ്രസിഡന്റ് മുരളിയും ചേര്‍ന്നാണ് ഈ റവന്യൂ റിക്കവറി അടച്ചുതീര്‍ത്തത്. റവന്യൂ റിക്കവറി വന്നതിനാല്‍ ഇനി പത്ത് മാസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ വണ്ടി വാങ്ങാന്‍ വായ്പയെടുക്കാന്‍ പറ്റൂ. അതുവരെ കാത്തിരിക്കാന്‍ പറ്റുമോയെന്നും അനില്‍ ചോദിക്കുന്നു.

പി കെ ബിജുവിനെതിരെയുണ്ടായിരുന്ന ആരോപണം ഇന്നോവ കാറില്‍ യാത്ര ചെയ്യുന്നുവെന്നായിരുന്നു. എന്നാല്‍ രമ്യ ഹരിദാസിന് തങ്ങള്‍ വാങ്ങി നല്‍കുന്നത് 12 ലക്ഷത്തോളം രൂപ വില വരുന്ന മഹീന്ദ്രയുടെ ഒരു സാധാരണ വണ്ടിയാണെന്നും അനില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് കമ്മിറ്റി ഭാരവാഹിയായ ബിജേഷ് ചന്ദ്രനാണ് ഇതില്‍ അമ്പതിനായിരം രൂപയുടെ കൂപ്പണ്‍ വാങ്ങിയത്. ഇതുപയോഗിച്ചാണ് വണ്ടിയ്ക്ക് അഡ്വാന്‍സ് കൊടുത്തതെന്നും അനില്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പതിന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി നല്‍കുന്ന സ്വീകരണത്തിലാണ് രമ്യയ്ക്ക് കാര്‍ സമ്മാനിക്കുന്നതെന്നും അനില്‍ അറിയിച്ചു.

read more:ഡി രാജയുടെ നിയമനം; ‘ദത്തുപുത്രന്മാര്‍’ നയിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ തിരുത്താകുമോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍