UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ എന്താ കുഴപ്പം എന്ന് 2007ല്‍ അമൃതാനന്ദ മയി ചോദിച്ചു; 2019ല്‍ “അയ്യപ്പ കി ജയ്‌”

“ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ എന്താ കുഴപ്പമെന്ന് അവര്‍ ചോദിച്ചിരുന്നു. പുരുഷന് പോകാം, എന്നാല്‍ പുരുഷനെ പ്രസവിച്ച സ്ത്രീ പോകാന്‍ പാടില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ”.

ശബരിമലയില്‍ യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ത്ത് അയ്യപ്പ കര്‍മ്മസമിതിയുടെ പരിപാടിയില്‍ പ്രസംഗിച്ച പ്രമുഖ ആത്മീയ വ്യവസായി അമൃതാനന്ദ മയി 2007ല്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നതായി തെളിവുകള്‍. 2007 ഓഗസ്റ്റ് 25ന്റെ മലയാള മനോരമ പത്രത്തിലാണ് അമൃതാനന്ദ മയിയുടെ പഴയ പ്രസ്താവനയുള്ളത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ എന്താ കുഴപ്പമെന്ന് അവര്‍ ചോദിച്ചിരുന്നു. പുരുഷന് പോകാം, എന്നാല്‍ പുരുഷനെ പ്രസവിച്ച സ്ത്രീ പോകാന്‍ പാടില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ. ഈശ്വരസങ്കല്‍പ്പത്തില്‍ സ്ത്രീപുരുഷ ഭേദമില്ല – അമൃതാനന്ദ മയി അന്ന് പറഞ്ഞിരുന്നു

കാടും മലയും വന്യമൃഗങ്ങളുമെല്ലാം ഉള്ളതുകൊണ്ടായിരിക്കാം പണ്ട് സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും പുതിയ കാലത്ത് മാറിയ സാഹചര്യത്തില്‍ മാറ്റം നല്ലതാണെന്നും അമൃതാനന്ദമയി അഭിപ്രായപ്പെട്ടിരുന്നു. ദേശാഭിമാനി ഓണ്‍ലൈനാണ് അമൃതാന്ദ മയിയുടെ നിലപാടിലെ വൈരുദ്ധ്യം വ്യക്തമാക്കുന്ന മനോരമയുടെ പഴയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എല്ലാ വിശ്വാസികളേയും ക്ഷേത്രങ്ങളില്‍ കയറ്റണമെന്നാണ് എന്റെ സങ്കല്‍പ്പം. മനസാണ് പ്രധാനം. ക്ഷേത്രപരിസരം വൃത്തിയായി സൂക്ഷിച്ചാല്‍ മതിയെന്നും അമൃതാനന്ദ മയി പറഞ്ഞിരുന്നു.

2006ലാണ് നാല് വനിത അഭിഭാഷകര്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നതായി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ പണ്ഡിതരുടെ ഒരു സമിതി രൂപീകരിച്ച് അഭിപ്രായം തേടാവുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച സജീവമായ സമയത്തായിരുന്നു അമൃതാനന്ദ മയി യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലുള്ള അയ്യപ്പ കര്‍മ്മസമിതിയുടെ പരിപാടിയില്‍ സര്‍ക്കാരിനും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുമെതിരെ “അയ്യപ്പ കീ ജയ്” അടക്കമുള്ള വിചിത്ര മുദ്രാവാക്യങ്ങളുമായി അമൃതാനന്ദ മയി എത്തിയത് ശ്രദ്ധേയമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍