UPDATES

കേരളം

ഡല്‍ഹിയില്‍ ഒന്നു കേരളത്തില്‍ മറ്റൊന്ന്; ശബരിമലയില്‍ മോദിയുടെ വിമര്‍ശനത്തിന് രാഹുല്‍ എന്തു മറുപടി പറയും? കാതോര്‍ത്ത് കേരളം

സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുമ്പോള്‍ത്തന്നെ, ആചാരം സംരക്ഷിക്കപ്പെടണമെന്ന വാദത്തെയും മാനിക്കേണ്ടതുണ്ടെന്നായിരുന്നു ജനുവരി രണ്ടാംവാരം ദുബായ് സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്കകം നടക്കാനിരിക്കേ, സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നായി ശബരിമല വിഷയം മാറുമെന്നതില്‍ തര്‍ക്കമില്ല. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളും ശബരിമല ചര്‍ച്ചകള്‍ വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലെ അതികായന്‍മാരും കേരളത്തില്‍ ജയമുറപ്പിക്കാന്‍ കൂട്ടുപിടിക്കുന്നത് ശബരിമലയെത്തന്നെ. കേരള രാഷ്ട്രീയം കഴിഞ്ഞ കുറച്ചുമാസങ്ങളായി ശബരിമലയെ കേന്ദ്രീകരിച്ചു മാത്രം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ആ വഴിക്കുള്ള സാധ്യതകളെ മാറ്റിനിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് പ്രായോഗികമല്ല താനും.

കഴിഞ്ഞ ദിവസം തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി മോദിയും അടിവരയിട്ടു പറഞ്ഞത് ഇതുതന്നെയാണ്. സംസ്ഥാനത്തൊട്ടാകെ ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രചരണം നടത്താനും അതുവഴി വിശ്വാസികളെ ഏകോപിപ്പിച്ച് വോട്ടു ശതമാനം മെച്ചപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ പദ്ധതിയെക്കുറിച്ച് പ്രത്യക്ഷമായും പരോക്ഷമായും നേതാക്കള്‍ തുറന്നു സംസാരിച്ചു കഴിഞ്ഞതാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്ന് തറപ്പിച്ചു പറയാനുള്ള സാഹചര്യം ബി.ജെ.പിക്ക് ഉണ്ടാക്കിയതും ഇതേ പദ്ധതിയിലുള്ള വിശ്വാസം തന്നെയാണ്. മിക്ക മണ്ഡലങ്ങളിലും ശബരിമല തന്നെയാണ് ബി.ജെ.പി പ്രധാന തുറുപ്പു ചീട്ടായി കാണുന്നതും. ഇന്നലെ തൃശ്ശൂരിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിച്ച പ്രധാനമന്ത്രിയും ആവര്‍ത്തിച്ചത് ഇതു തന്നെ. ശബരിമല ഉള്‍പ്പടെയുള്ള സാംസ്‌കാരിക ചിഹ്നങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗം തന്നെയായിരുന്നു.

എന്നാല്‍, ഇന്ന് കേരളം ഉറ്റു നോക്കുന്നത് മറ്റൊരു ദേശീയ നേതാവിന്റെ പ്രസംഗത്തില്‍ ശബരിമല വിഷയമാകുമോ ഇല്ലയോ എന്നാണ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശബരിമലയെ രാഷ്ട്രീയായുധമായി മുന്നോട്ടുവയ്ക്കുമോ എന്നതാണ് പുതിയ ചര്‍ച്ച. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് എടുത്ത നിലപാടും, അതിനോട് പൂര്‍ണമായും ഒത്തുപോകാത്ത ഹൈക്കമാന്റിന്റെ പക്ഷവും നേരത്തേ തന്നെ ചര്‍ച്ചയായിരുന്നു. ആദ്യഘട്ടത്തില്‍ രാഹുലിന്റെ ശബരിമല പരാമര്‍ശങ്ങള്‍ സംസ്ഥാന നേതൃത്വത്തെ എതിര്‍ക്കുന്ന തരത്തിലുമായിരുന്നു.

സ്ത്രീ സമത്വത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും തീവ്രസമരപരിപാടികള്‍ ആവശ്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യത്തെ നിലപാട്. പാര്‍ട്ടിക്കും സംസ്ഥാന നേതൃത്വത്തിനും മറ്റു നിലപാടുകളുണ്ടാകാമെന്നും, എന്നാല്‍ വ്യക്തിപരമായി താന്‍ യുവതീപ്രവേശനത്തെ അനുകൂലിക്കുകയാണെന്നുമുള്ള പ്രസ്താവനകളായിരുന്നു രാഹുലിന്റേതായി ആദ്യം പുറത്തു വന്നിരുന്നത്. രാഹുല്‍ പങ്കുവച്ചത് രാഹുലിന്റെ വ്യക്തിപരമായ നിലപാടു മാത്രമാണെന്നായിരുന്നു ഇതിനോട് ചെന്നിത്തല അടക്കമുള്ളവരുടെ പ്രതികരണം. കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് മാനിക്കുമ്പോഴും സുപ്രീംകോടതി വിധിക്ക് അനുകൂലമായി സംസാരിച്ചിരുന്ന രാഹുല്‍ പിന്നീട് കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുഭാഗത്തും ന്യായമുണ്ടെന്ന പുതില നിലപാടെടുത്തത്.

സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുമ്പോള്‍ത്തന്നെ, ആചാരം സംരക്ഷിക്കപ്പെടണമെന്ന വാദത്തെയും മാനിക്കേണ്ടതുണ്ടെന്നായിരുന്നു ജനുവരി രണ്ടാംവാരം ദുബായ് സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം. ഇരുവശത്തെയും അഭിപ്രായം കേട്ടപ്പോള്‍ സ്ഥിതി സങ്കീര്‍ണമാണെന്നു തിരിച്ചറിഞ്ഞെന്നും, ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നുമുള്ള രാഹുലിന്റെ നിലപാടു മാറ്റത്തിന്റെ കാതലാണ് ഇനി വെളിവാകേണ്ടത്. ഇന്ന് കൊച്ചിയില്‍ രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍, എല്ലാവരും ഉറ്റു നോക്കുന്നതും രാഹുല്‍ ഏതു തരത്തിലാണ് ശബരിമല വിഷയത്തെ സമീപിക്കുക എന്നുതന്നെയായിരിക്കും. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടേണ്ട എന്ന തീരുമാനമാണോ അതോ സ്ത്രീ സമത്വത്തിലൂന്നിയ അനുകൂല മനോഭാവമാണോ രാഹുലെടുക്കുക എന്നാണ് ഇനി അറിയേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍