UPDATES

ട്രെന്‍ഡിങ്ങ്

പി സി ജോര്‍ജ്ജിനെ കണ്ടവരുണ്ടോ?

അവസരം കിട്ടുമ്പോഴെല്ലാം ഉമ്മന്‍ ചാണ്ടിയ്ക്കും മാണിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ജോര്‍ജ്ജ് യാതൊരു മടിയും കാണിച്ചിട്ടില്ല

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ എം മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിലേക്ക് മടങ്ങിയെത്തുമ്പോള്‍ പി സി ജോര്‍ജ്ജ് എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും മുസ്ലിം ലീഗും ആര്‍എസ്പിയുമെല്ലാം ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്പോഴാണ് ഒരുകാലത്ത് കേരള കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന പി സി ജോര്‍ജ്ജ് മൗനം തുടരുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തുടക്ക കാലത്ത് യുഡിഎഫിനൊപ്പമായിരുന്ന പി സി ജോര്‍ജ്ജിന് യുഡിഎഫ് വിട്ടുപോകേണ്ടി വന്നത് കെ എം മാണിയുടെ കടുത്ത നിലപാടുകള്‍ മൂലമായിരുന്നു. ചീഫ് വിപ്പ് സ്ഥാനവും അതോടെ അദ്ദേഹത്തിന് നഷ്ടമായി. സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനെ പ്രത്യേകിച്ചും മാണിയെ നിരന്തരം വിമര്‍ശിച്ചതാണ് ജോര്‍ജ്ജിന് തിരിച്ചടിയായത്. യുഡിഎഫിനും കേരള കോണ്‍ഗ്രസ് നേതൃത്വം തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളും നടപടികളും നിരന്തരമായി ജോര്‍ജ്ജിന്റെ ഭാഗത്തു നിന്നുണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ചീഫ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് മാണ് ആവശ്യപ്പെട്ടത്. പിന്നീട് 2015 നവംബറില്‍ ജോര്‍ജ്ജ് എംഎല്‍എ സ്ഥാനവും രാജിവച്ചു. ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജിവച്ചത്. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായിരുന്ന മാണിയ്ക്ക് തന്റെ രാജി പ്രചോദനമാകട്ടെയെന്ന് പറഞ്ഞായിരുന്നു ജോര്‍ജ്ജിന്റെ രാജി. പിന്നീട് 2016 ജൂണില്‍ മാണിയും കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

അതിന് ശേഷം അവസരം കിട്ടുമ്പോഴെല്ലാം ഉമ്മന്‍ ചാണ്ടിയ്ക്കും മാണിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ജോര്‍ജ്ജ് യാതൊരു മടിയും കാണിച്ചിട്ടില്ല. ഇപ്പോള്‍ മാണി യുഡിഎഫില്‍ മടങ്ങിയെത്തുമ്പോള്‍ പി സി ജോര്‍ജ്ജില്‍ നിന്നും എന്തെങ്കിലും വാക്കുകളുയരുമെന്ന് പ്രതീക്ഷിക്കുന്നത് അതിനാലാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലോ എല്‍ഡിഎഫിലോ കയറിക്കൂടാന്‍ ജോര്‍ജ്ജ് ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. തന്നെ ഒഴിവാക്കിയ ഉമ്മന്‍ ചാണ്ടി മാണിക്ക് വീണ്ടും അവസരം നല്‍കുന്നത് ജോര്‍ജ്ജിനെ പ്രകോപിപ്പിക്കാനാണ് സാധ്യത. അതും കോണ്‍ഗ്രസിനകത്ത് യുവതുര്‍ക്കികളുടെ വിപ്ലവം ആരംഭിച്ച സാഹചര്യത്തില്‍ അതിന് എരിവ് പകരാന്‍ ജോര്‍ജ്ജ് ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചരിത്രം അറിയാവുന്നവര്‍ പറയുന്നത്.

എന്നാല്‍ രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം അതിന്റെ പാരമ്യതയിലെത്തിയിട്ടും ജോര്‍ജ്ജ് മഹാമൗനം തുടരുന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മാണിയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കുമെതിരെ ഒരുപോലെ തന്റെ സ്വതസിദ്ധമായ നാട്ടുഭാഷയില്‍ ജോര്‍ജ്ജില്‍ നിന്നും എന്തെങ്കിലും വീഴുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഈ വിഷയത്തെക്കുറിച്ച് പി സി ജോര്‍ജ്ജിന്റെ അഭിപ്രായം അറിയാന്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍