UPDATES

അഡ്വ. ഡി ബി ബിനു

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

അഡ്വ. ഡി ബി ബിനു

ട്രെന്‍ഡിങ്ങ്

11 ഡി വൈ എസ് പിമാരെ തരംതാഴ്ത്തിയതൊക്കെ കൊള്ളാം; പക്ഷേ, ഗുരുതര കുറ്റകൃത്യം ചെയ്‌തെന്ന് കണ്ടെത്തിയ 59 പൊലീസുകാരെ എന്തുചെയ്തു?

പോലീസിനെതിരെ നടപടിയെടുത്തുവെന്ന തോന്നലുണ്ടാക്കി ആളുകളെ പറ്റിക്കാന്‍ വേണ്ടിയുള്ള നീക്കം മാത്രമാണ് ഇത്

പതിനൊന്ന് ഡി വൈ എസ് പിമാരെ തരംതാഴ്ത്തിയതില്‍ നാലോ അഞ്ചോ കേസ് മാത്രമാണ് സത്യസന്ധമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം ആയിരത്തിന് മുകളില്‍ പേരുണ്ടായിരുന്നു. പിന്നീട് അത് എഴുന്നൂറോളവും അതിന് ശേഷം അഞ്ഞൂറോളവുമായി. പിന്നീട് 59 ആയതായും കണ്ടിരുന്നു. ഇപ്പോള്‍ അത് പതിനൊന്ന് പേര്‍ക്കെതിരായ നടപടിയില്‍ എത്തിനില്‍ക്കുന്നു. ഇതില്‍ പറയുന്ന പല ആളുകളും ആ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട ആളുകള്‍ അല്ല. ഇവിടെ ഉയരുന്ന ഒരു ചോദ്യം ക്രിമിനല്‍ പശ്ചാത്തലമുള്ള ആയിരത്തോളം പേരുടെ ലിസ്റ്റ് എന്തിനാണ് പ്രസിദ്ധീകരിച്ചത് എന്നാണ്.

ആയിരത്തോളം പേരുടെയും എഴുന്നൂറോളം പേരുടെയും അഞ്ഞൂറോളം പേരുടെയും ലിസ്റ്റാണ് പിന്നീട് അതീവഗൗരവമുള്ളതെന്ന് പറഞ്ഞ് 59 പേരില്‍ എത്തിയത്. ഇപ്പോള്‍ അത് പതിനൊന്നാക്കിയിരിക്കുന്നു. അതൊരു കണ്ണില്‍ പൊടിയിടലാണ്. പോലീസിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് ഒരു തോന്നലുണ്ടാക്കാനുള്ള നീക്കമായാണ് എനിക്ക് തോന്നുന്നത്. ആ ലിസ്റ്റില്‍ പകുതിയോളം പേര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് പറയപ്പെടുന്നവര്‍. എന്നാല്‍ കുഴപ്പക്കാരില്‍ പലരും ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. ഒഴിവാക്കപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷണം നടത്തേണ്ടതുണ്ട്.

അതിനെക്കുറിച്ചും പല തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഈ നടപടിക്കെതിരെ തരംതാഴ്ത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയില്‍ പോകുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. തെറ്റായ ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതും ഒരുപോലെ ഗുരുതരമായ കുറ്റകൃത്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകള്‍ ഇപ്പോഴും സേനയില്‍ തുടരുകയും ഉയര്‍ന്ന പദവികള്‍ വഹിക്കുകയും ചെയ്യുമ്പോള്‍ തെറ്റുകാരല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന സന്ദേശമാണ് ഇത് പോലീസ് സേനയ്ക്ക് നല്‍കുന്നത്. അത്തരത്തിലുള്ള നടപടികള്‍ കൊണ്ട് യാതൊരു കാര്യവുമില്ല. പോലീസ് സേനയെ ക്രിമിനലുകളില്‍ നിന്നും രക്ഷിക്കാന്‍ ഇത് പര്യാപ്തമല്ല എന്നാണ് എനിക്ക് തോന്നുന്നത്.

പോലീസ് ആക്ട് അനുസരിച്ചുള്ള പല സംവിധാനങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ഇതുവരെ ഒരു കമ്മിറ്റി പോലും വിളിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണ് ഈ ആക്ട് ഉണ്ടാക്കിയത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് അത്. എന്നിട്ടും എന്തുകൊണ്ട് ഇതുവരെയും ഒരു യോഗം പോലും വിളിച്ചു ചേര്‍ത്തില്ല? ഇപ്പോള്‍ ഏത് സാഹചര്യത്തിലാണ് ഇത്രയും പേര്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. ഏന്തായാലും നടപടിയെടുക്കുന്നതിനെ തടസ്സപ്പെടുത്താന്‍ കാരണമായ യാതൊരു വകുപ്പും ഉണ്ടാകാന്‍ സാധ്യതയില്ല. ഒരു കുറ്റകൃത്യം ചെയ്തിട്ട് അതിന് ഭൂതകാല പശ്ചാത്തലം എങ്ങനെ കൊടുക്കാന്‍ സാധിക്കുമെന്നത് മറ്റൊരു പ്രശ്‌നമാണ്. അത്തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ അതില്‍ വരികയും കോടതി അത് പരിശോധിക്കുകയും ചെയ്യും.

തെറ്റായ ഒരു കാര്യം ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുക എന്നത് മേലധികാരിക്കുള്ള അവകാശമാണ്. അത് പോലീസില്‍ മാത്രമല്ല, എവിടെയാണെങ്കിലും അങ്ങനെയാണ്. വകുപ്പുതല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെയും സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പോലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിച്ചത്. എന്നാല്‍ ഇതിന് മുമ്പും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടല്ലോ? അപ്പോള്‍ അത് തെറ്റായ നടപടിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. മുമ്പ് എടുത്തിട്ടുള്ള നടപടികളൊന്നും നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. അപ്പോള്‍ ഈ വകുപ്പ് എങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന ചോദ്യം ഉയരാം. വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകത്തിന് ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദാക്കുകയും ചെയ്തു. ഇത് രണ്ടും ചെയ്തത് ആഭ്യന്തരവകുപ്പല്ലേ? അപ്പോള്‍ പോലീസ് ആക്ടിലെ ആ വകുപ്പ് എവിടെയാരുന്നു.

ചുരുക്കത്തില്‍ പോലീസിനെതിരെ നടപടിയെടുത്തുവെന്ന തോന്നലുണ്ടാക്കി ആളുകളെ പറ്റിക്കാന്‍ വേണ്ടിയുള്ള നീക്കം മാത്രമാണ് ഇത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്തിരിക്കുന്ന ഏറ്റവും വലിയ നടപടിയെന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ അതില്‍ പലരും ഇതില്‍ ഉള്‍പ്പെടേണ്ടവരെല്ലെന്നാണ് പറയുന്നത്. ഇത് ആളുകളെ പറ്റിക്കാനുള്ള നീക്കമല്ലെങ്കില്‍ ഈ പതിനൊന്ന് ഉദ്യോഗസ്ഥരും ഏതെല്ലാം ആരോപണങ്ങളാണ് നേരിടുന്നതെന്നും എന്തെല്ലാം വകുപ്പ് നടപടികളാണ് നേരിട്ടിട്ടുള്ളതെന്നുമുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതുപോലെ ഗുരുതര കുറ്റകൃത്യം ചെയ്‌തെന്ന് നേരത്തെ കണ്ടെത്തിയ 59 പേരില്‍ മറ്റുള്ളവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും വ്യക്തമാക്കണം. ഈ 59 പേരുടെ ലിസ്റ്റ് തയ്യാറാക്കിയതും ഡിജിപിയുടെ നേതൃത്വത്തിലാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏത് വ്യവസ്ഥയാണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. ചുരുക്കത്തില്‍ ഈ നടപടി തെരഞ്ഞെടുപ്പ് പഞ്ചിന് ഉപയോഗിക്കാന്‍ വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുകയാണ്.

(അഡ്വ. ഡി ബി ബിനുവുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്‌)

അഡ്വ. ഡി ബി ബിനു

അഡ്വ. ഡി ബി ബിനു

മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍