UPDATES

ട്രെന്‍ഡിങ്ങ്

ചോരപ്പണം കെട്ടി കാത്തിരിക്കുകയാണ് അവര്‍ അടുത്ത കൊലയ്ക്കായി; കണ്ണൂരിലൊഴുകിയ കണ്ണീരിന് ഏത് പ്രത്യയശാസ്ത്രം മറുപടി പറയും?

കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ബൈബിള്‍ വചനം പിന്തുടര്‍ന്നാല്‍ കല്ലെറിയാന്‍ ആരും ബാക്കി കാണില്ല എന്നതാണ് സാംസ്‌കാരിക കേരളത്തിന്റെ ഇന്നത്തെ അവസ്ഥ

Avatar

ഗിരീഷ്‌ പി

നീയൊരമ്പ് തൊടുക്കു
എന്നുടെ മാറിടം ഒന്നു പിളര്‍ക്കൂ
മകനേ.. മാറിടം ഒന്നു പിളര്‍ക്കൂ….

ഒരു മാതാവിന്‍ മനമുരുകുന്നു…
പുത്രന്‍ നിന്നു ജ്വലിക്കുന്നു
ഭൂവിന്‍ വേദനയാരറിയുന്നു…
കൗരാവരോ… ഹാ… പാണ്ഡവരോ
കൗരാവരസ്ത്രമെടുക്കുന്നു…
പാണ്ഡവരസ്ത്രമെടുക്കുന്നു.

രക്തം ചിന്തുക രസമോ
മനുഷ്യന് തമ്മില്‍ കൊല്ലുക രസമോ

മനുഷ്യസ്‌നേഹത്തിനു പേരുകേട്ട കണ്ണൂര്‍ ആളുകള്‍ കേള്‍ക്കുമ്പോള്‍ ഭയക്കുന്ന സ്ഥലമായി മാറിയതു വിരോധാഭാസമാണെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.കെ.അബ്ദുള്‍ ഖാദര്‍ പറയുന്നു. സ്‌നേഹിക്കപ്പെടാനും സ്‌നേഹിക്കാനും ഏറ്റവും അനുയോജ്യരായ ജനതയാണ് ഇവിടെ വസിക്കുന്നത്. മതേതരത്വത്തിന്റെ മഹിത പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു കോലത്തിരി കുടുംബത്തില്‍നിന്നും അറയ്ക്കല്‍ രാജവംശം ഉണ്ടാക്കിയ പ്രദേശമാണിത്. സ്വാതന്ത്ര്യത്തിന്റെ ബലിക്കല്ലില്‍ സ്വയം ജീവന്‍ ഹോമിച്ച പഴശിരാജയുടെ നാടാണിത്. വിവിധ മതങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ആളും അര്‍ഥവും നല്‍കിയ നാടാണ് കണ്ണൂര്‍. പ്രാര്‍ഥനാലയങ്ങളില്‍നിന്നു ബാങ്കുവിളിയും മണിനാദവും ഉയരുമ്പോള്‍ മൗനംഭജിച്ച് ആദരവുകാട്ടുന്ന നാടാണു കണ്ണൂര്‍. ആപത്ഘട്ടങ്ങളില്‍ അമ്പലങ്ങളിലും പള്ളികളിലും പരസ്പരം നേര്‍ച്ചനേരുന്നവരുടെ നാടാണ് കണ്ണൂര്‍. ബിഷപ്പുമാരുടെ അരമനകളില്‍ ഏതു സമയവും ആര്‍ക്കും കടന്നുചെല്ലാവുന്ന സാഹചര്യവും കണ്ണൂരിലുണ്ട്. വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട ആളുകളുടെ സ്ഥാപനങ്ങളില്‍ നിരവധിപേര്‍ പരസ്പര വിശ്വാസത്തോടെ ജോലി ചെയ്യുന്നുണ്ടിവിടെ. ഇതെല്ലാം കണ്ണൂരിനു മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.

ആദര്‍ശങ്ങളുടെ പേരില്‍ ആണോ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് ആര് ആരെയാണ് കൊല്ലുന്നത്. അക്രമങ്ങളെ അപലപിക്കാനും സമാധാന യോഗങ്ങള്‍ കൂടാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉണ്ട്. എന്നാല്‍ പാര്‍ട്ടികള്‍ക്കു വേണ്ടി വെട്ടി മരിക്കാന്‍ തയ്യാറാകുന്ന അണികള്‍ക്ക് ചിന്താശേഷി എവിടെയാണ് നഷ്ടപ്പെടുന്നത്? ഏതു രാഷ്ട്രീയ നേതൃത്വം ആണ് കൂടുതല്‍ പക്വത കാണിക്കേണ്ടത്? ഇടതുപക്ഷവും, വലതുപക്ഷവും ബി ജെ പി യും എന്‍ ഡി എഫും ലീഗും എല്ലാം ഇവിടെ നഗ്‌നര്‍ ആണ്. കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ബൈബിള്‍ വചനം പിന്തുടര്‍ന്നാല്‍ കല്ലെറിയാന്‍ ആരും ബാക്കി കാണില്ല എന്നതാണ് സാംസ്‌കാരിക കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.

ഷുഹൈബിന്റെ ചോരയുടെ ഗന്ധം മാഞ്ഞില്ല; കണ്ണൂരില്‍ തുടരുന്ന അരുംകൊല

മാഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലം ശ്രദ്ധിക്കുക കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ ഷമേദ് രാത്രി പത്തു മണിക്ക് ഓട്ടം കഴിഞ്ഞു വരവേ ഓട്ടോ റിക്ഷ തടഞ്ഞ സംഘത്തിന്റെ മുന്നില്‍പ്പെടുമ്പോള്‍ താന്‍ എന്തിനാണ് കൊല്ലപ്പെടുന്നത് എന്ന് പോലും തിട്ടമില്ലായിരുന്നു. സി പി ഐ എം മുന്‍ നഗരസഭാ കൗണ്‍സിലറും സജീവ ഇടതുപക്ഷ പ്രവര്‍ത്തകനുമായ ബാബു ഒരു ജനകീയനായ നേതാവാണ്. ഒരു തരത്തിലുള്ള ആക്രമണ പ്രവര്‍ത്തങ്ങളിലും പങ്കാളി ആകാത്ത മനുഷ്യനെ തികച്ചും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ കൊലപ്പെടുത്താന്‍ ബി ജെ പി അണികളെ പ്രേരിപ്പിച്ച ഘടകം ഇപ്പോഴും അവ്യക്തമാണ്.

കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും അകമങ്ങളും നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇതുവരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ 340ല്‍ പരം പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതിലേറെ പേര്‍ അക്രമങ്ങളില്‍പ്പെട്ട് ജീവിക്കുന്ന രക്തസാക്ഷികളുമായി. അനേകം കൊലപാതകങ്ങള്‍ നടന്നിട്ടുള്ള കണ്ണൂരില്‍ സാധാരണ കൊല ചെയ്യുന്നവര്‍ പ്രതികളാകാറില്ല. ഏത് പാര്‍ട്ടിയില്‍ പെട്ടതായാലും നേതാക്കള്‍ കൊലയാളികളെ ഒളിപ്പിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നു. കൊലയാളികള്‍ പോലീസ് പിടിയിലാവാതിരിക്കാന്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ സംരക്ഷണം നല്‍കുന്നു. കൊലയാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം പോലീസുമായി ധാരണയുണ്ടാക്കി വ്യാജ പ്രതികളെ സൃഷ്ടിക്കുന്നു. പാര്‍ട്ടിക്ക് സ്വീകാര്യരായ പ്രതികളെ ഹാജരാക്കി കേസ് ദുര്‍ബലപ്പെടുത്തി ആര്‍ക്കും ശിക്ഷകിട്ടാത്ത തരത്തില്‍ കേസ് ഡയറി മാറ്റി എഴുതി നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നു. വ്യാജ പ്രതി ആയതുകൊണ്ട്, പ്രൊസിക്യൂഷന്‍ ദുര്‍ബലമാകുന്നു. നിസാര ശിക്ഷ വ്യാജ പ്രതിക്ക് നല്‍കുന്നു. പാര്‍ട്ടികള്‍ ആ പ്രതിയുടെ കുടുംബത്തെ സംരക്ഷിക്കുന്നു. ഇതുപോലെയുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് കടക വിരുദ്ധമായത് നടന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലാണ്. യഥാര്‍ത്ഥ കൊലയാളികളെ സി പി എം ഒളിപ്പിച്ചു സംരക്ഷിച്ചിട്ടും പോലീസിനു പിടിക്കാനായി. അവരെ നീതി പീഠത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് വിചാരണ ചെയ്ത് ശിക്ഷിച്ചു. മാത്രമല്ല കൊലക്ക് ക്വട്ടേഷന്‍ നല്‍കിയവരെ കൂടെ ശിക്ഷിച്ചു. ഗൂഡാലോചന നടത്തിയവരെ എല്ലാം ശിക്ഷിക്കാന്‍ ആയിട്ടില്ല. എങ്കിലും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് വലിയ നേട്ടം തന്നെയാണ്. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന അവസ്ഥ ഉണ്ടായാല്‍ പല കൊലപാതകങ്ങളും ഉണ്ടാകില്ല.

കണ്ണൂരിനെ നോക്കുന്ന നിങ്ങളുടെ കണ്ണടകള്‍ മാറ്റണം; അത് ആര്‍എസ്എസിന്റെ പരീക്ഷണശാലയാണ്

ജേക്കബ് എബ്രഹാമിന്റെ ഫേസ്ബുക് കുറിപ്പ് വളരെ പ്രസക്തമാണെന്ന് കരുതുന്നു.
‘കണ്ണൂര്‍കൊലപാതകങ്ങളും ഇസ്മയേല്‍ കാദറെയും.

കണ്ണൂരിലെ കൊലപാതകങ്ങള്‍ കാണുമ്പോള്‍ ഇസ്മയേല്‍ കാദറെയുടെ Broken April എന്ന നോവലാണ് മനസ്സില്‍ വരുന്നത്. ആ നോവലില്‍ ശത്രുപക്ഷത്തെ കുടുംബങ്ങള്‍ പരസ്പരം കൊല്ലുന്നുണ്ട്. ഒരു വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ പകരംവീട്ടാന്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങളുണ്ട്. മരിച്ചയാളുടെ രക്തക്കറ പുരണ്ട കുപ്പായം ഉണങ്ങണം, ചോരപ്പണം കെട്ടിവെയ്ക്കണം, വിലാപത്തിലൂടെ ചോരയ്ക്ക് ചോര ചോദിക്കണം. അല്‍ബേനിയനിലെ കിരാതമായ ഈ ഗോത്രവര്‍ഗ പാരമ്പര്യമാണ് കണ്ണൂരും പിന്‍തുടരുന്നത്. മാനസികനിലവാരം അതുതന്നെ. കൊല ഇവിടെ അനുഷ്ഠാനമാണ്. തെയ്യക്കാലത്തെ ഉന്മാദം പോലെയാണ് ഈ ആചാരം. അല്‍ബേനിയയും കണ്ണൂരുമൊന്നാണ്. ചോരപ്പണം കെട്ടി കാത്തിരിക്കുകയാണ് ഇവര്‍ അടുത്ത കൊലയ്ക്കായി. രക്തക്കറ കുപ്പായങ്ങള്‍ ഉണങ്ങുന്നതിനും മുന്‍പുതന്നെ.’.

മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെയും ശമേജിന്റെയും ശവസംസ്‌ക്കാരത്തിനിടെ അരങ്ങേറിയ രംഗങ്ങള്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യരെയും കണ്ണീരിലാഴ്ത്തുന്നതാണ്. മരണം എന്ന വാക്കിന്റെ വ്യാപ്തി ഇനിയും തിരിച്ചറിയാനാകാത്ത ഇരുവരുടെയും മക്കള്‍, അത്താഴമൊരുക്കി കാത്തിരുന്ന അവരുടെ ഭാര്യമാര്‍ ഇവരുടെ ഒക്കെ കണ്ണുനീരിന് ഏതു പ്രത്യയശാസ്ത്രം മറുപടി പറയും? എത്ര ചോര പകരത്തിനു പകരം ഇനിയും ഈ മണ്ണില്‍ വീഴണം കൊലപാതകപരമ്പരകള്‍ അവസാനിക്കാന്‍?

കരുണയും ആര്‍ദ്രതയും വറ്റിയ, പ്രതികാരത്തിന്റെയും പകയുടെയും ക്രൗര്യം മാത്രം ഹൃദയത്തില്‍ സംഭരിച്ച, മനുഷ്യരക്തത്തില്‍ ആനന്ദം കണ്ടത്തെുന്ന സംഘങ്ങളില്‍നിന്ന് കേരള രാഷ്ട്രീയം ഇനിയെങ്കിലും മുക്തമായില്ലെങ്കില്‍ നമ്മുടെ പുരോഗമന വികസന നമ്പര്‍ വണ്‍ സ്റ്റേറ്റ് നാട്യങ്ങള്‍ വെറും പുറംപൂച്ചായി മാറാന്‍ കാലം അധികം വേണ്ടി വരില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പിണറായിക്കെതിരെ പ്രസംഗിച്ചു, മരണവീട്ടില്‍ ഷംസീറിന്റെ സെല്‍ഫി: മാഹി കൊലപാതകത്തില്‍ സംഘപരിവാര്‍ നുണപ്രചരണം തുടരുന്നു

ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ: തോമസ് ഐസക്

ബാബുയേട്ടനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് പോയി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

കൊന്നത് ഞങ്ങള്‍ തന്നെ: സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ ആര്‍എസ്എസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍