UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി ജയരാജന്റെ എതിരാളിയായതെങ്ങനെ? വെട്ടേറ്റ സി ഒ ടി നസീറിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍

സന്നദ്ധ സേവന-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള നസീറിന് പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ തന്നെ യുവാക്കളുടെ ഒരു കൂട്ടത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്

പി ജയരാജനെതിരെ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ഒ ടി നസീറിന് വെട്ടേറ്റുവെന്ന വാര്‍ത്തയാണ് ഇന്നലെ പുറത്തുവന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമുണ്ടായ ഈ ആക്രമണത്തെ കോണ്‍ഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധത്തോടാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. ഇന്നലെ തലശേരിയില്‍ വച്ചാണ് നസീറിന് വെട്ടേറ്റത്.

സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശേരി നിയമസഭാംഗവുമായിരുന്ന നസീര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതിന്റെ പേരിലാണ് ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് പാര്‍ട്ടിയുമായി തെറ്റിയതും അതിന്റെ കാരണവും വാര്‍ത്തയായിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷ ഫോമില്‍ മതകോളം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് നസീര്‍ സിപിഎം വിട്ടത്. ന്യൂനപക്ഷത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നായിരുന്നു നസീറിന്റെ നിലപാട്. സന്നദ്ധ സേവന-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള നസീറിന് പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ തന്നെ യുവാക്കളുടെ ഒരു കൂട്ടത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കിട്ടേണ്ട നാലായിരത്തിലേറെ വോട്ടുകള്‍ നസീറിന് മറിയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടിയുടെ പ്രതികാര നടപടികള്‍ തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്ന കത്തെഴുതിയാണ് നസീര്‍ പ്രതികരിച്ചത്. ഭരണസ്വാധീനം ഉപയോഗിച്ച് തന്റെ പാസ്പോര്‍ട്ട് പാര്‍ട്ടി നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നായിരുന്നു നസീറിന്റെ ആരോപണം. നട്ടെല്ലും തലച്ചോറും ആര്‍ക്കും പണയം വയ്ക്കില്ല. കോടതി ഉത്തരവുണ്ടായിട്ടും പാസ്പോര്‍ട്ട് പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്. അങ്ങനെ തന്നെ തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും നസീര്‍ അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ കുട്ടിക്കാലം മുതല്‍ അറിയുന്നതല്ലേയെന്നും നിങ്ങളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചര്‍ അല്ലേയെന്നും പിന്നെ എന്തിനാണ് എനിക്ക് നീതി നിഷേധിക്കുന്നതെന്നുമാണ് നസീര്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. നസീറിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: ‘ഞാന്‍ ആരുടെയും അടിമയല്ല അതുപോലെ എനിക് അടിമകളും ഇല്ല. ഇത് ജനാധ്യപത്യ വ്യവസ്ഥിതി ആണ്. ഈ അവസരം മുതലെടുക്കുന്നവരോട് നമ്മള്‍ ഭൂമി എന്ന വാടകവീട് ഉപേക്ഷിച്ച് പോകേയണ്ടവര്‍ ആണ്. നമ്മള്‍ എല്ലാവരും സനേഹനിധിയായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വന്നവര്‍ ആണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് നല്ലതല്ല. പിന്നെ മുഖ്യമന്ത്രി കല്ല് എറിഞ്ഞ കേസിന്റെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചാല്‍ മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റ് ആശയം പിന്‍ന്തുടരും’

2006ല്‍ നസീര്‍ കിവീസ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരികയുമായിരുന്നു. 2010-15 കാലത്ത് തലശേരി മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്നപ്പോള്‍ ലഭിച്ച വേതനം സര്‍ക്കാര്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. 2014ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓടുന്ന ട്രെയിനുകള്‍ വൃത്തിയാക്കുന്നത് ശ്രദ്ധയാകര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി നടപ്പാകും മുമ്പായിരുന്നു ഇത്.

‘മാറ്റിക്കുത്തിയാല്‍ മാറ്റം കാണാം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നസീര്‍ മത്സരിക്കുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള നസീറിന്റെ മത്സരം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. അതിനിടയിലാണ് നസീറിന് നേരെ ആക്രമണമുണ്ടായിരിക്കുന്നതും.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍