UPDATES

ട്രെന്‍ഡിങ്ങ്

സിപി ഉദയഭാനു: സാധാരണക്കാരന്റെ നീതിയ്ക്കായി പൊരുതിയ അഭിഭാഷകന്‍, ഇപ്പോള്‍ കുറ്റകൃത്യത്തിന്റെ നിഴലില്‍

ചന്ദ്രബോസ് വധക്കേസില്‍ നീതി നടപ്പാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത അഭിഭാഷകനാണ് ഇപ്പോള്‍ മറ്റൊരു കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നത്

കേരളത്തില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസ്, ജിഷ്ണു പ്രണോയുടെ മരണം, മുന്‍ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ് എന്നീ കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനു കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ പൊതുസമ്മതനായ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വരെ. എന്നാല്‍ ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല്ലപ്പെട്ട കേസില്‍ സംശയത്തിന്റെ നിഴലിലായതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് അദ്ദേഹം.

ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായിരുന്ന ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ സന്ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റു ചില നിര്‍ണായക തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

കേരളത്തെ നടുക്കിയ ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി നിഷാം കൃത്യം നടന്ന് ഒരു വര്‍ഷത്തിനകം ശിക്ഷിക്കപ്പെട്ടപ്പോള്‍ അതിന്റെ എല്ലാ പ്രശംസയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സിപി ഉദയഭാനുവിനാണ് ലഭിച്ചത്. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ പലതവണ നിയമ വ്യവസ്ഥയെ പ്രതിഭാഗം വെല്ലുവിളിച്ചെങ്കിലും ‘പ്രലോഭന’ങ്ങളിലൊന്നും കുടുങ്ങാതെ തന്റെ നിലപാടില്‍ ഉറച്ചുനിന്ന അഭിഭാഷകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രതിഭാഗത്തിന് ഒരു തരത്തിലും പൊളിക്കാന്‍ സാധിക്കാത്ത അത്ര കണിശതയോടെ കേസ് കോടതിയില്‍ അവതരിപ്പിച്ചാണ് അന്ന് അദ്ദേഹം നീതി നേടിയെടുത്തത്. ഒരു സാധാരണക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ട കേസില്‍ ഇതൊരു കുടുംബത്തിന്റെ അതിജീവനത്തിന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് ഉദയഭാനു സമീപിച്ചതാണ് വിധി ചന്ദ്രബോസിന്റെ കുടുംബത്തിന് അനുകൂലമാകാന്‍ കാരണമായത്. പണം കൊടുത്ത് വിധി വിലയ്ക്ക് വാങ്ങാനാകില്ലെന്നാണ് അന്ന് ഉദയഭാനു അഴിമുഖത്തോട് പ്രതികരിച്ചത്.

ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഉദയഭാനു ഒരു ക്രിമിനല്‍ കേസില്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. പാലക്കാട്ടെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും ഇടപാടുകളുണ്ടായിരുന്നെന്ന് രാജീവിന്റെ സുഹൃത്തുക്കളാണ് ആദ്യം പറയുന്നത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടെന്നും രാജീവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. ഉദയഭാനുവില്‍ നിന്നും വധഭീഷണിയുള്ളതായി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും രാജീവന്‍ പരാതി നല്‍കിയിരുന്നതായാണ് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയത്. ഇത് ചൂണ്ടിക്കാട്ടി രാജീവിന്റെ മകന്‍ അഖില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് ഉദയഭാനുവിനെതിരായ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

Also Read: ദിലീപ്, ഇപ്പോള്‍ അഡ്വ. സിപി ഉദയഭാനു; തകരുന്ന പൊതുസമ്മതികള്‍

പത്ത് വര്‍ഷം മുമ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെത്തിയ രാജീവനൊപ്പം ഇതേരംഗത്തുള്ള ചക്കര ജോണിയും ചേര്‍ന്നു. കോടികളുടെ ഇടപാടുകള്‍ക്കൊടുവില്‍ നാല് വര്‍ഷം മുമ്പ് ഇരുവരും തെറ്റിപ്പിരിഞ്ഞു. കോടിക്കണക്കിന് രൂപ വരുന്ന കച്ചവടത്തില്‍ രാജീവന് പ്രതിഫലം നല്‍കാന്‍ ജോണി മടിച്ചതാണ് തെറ്റിപ്പിരിയാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് തന്റെ പ്രതിഫലം നേടിയെടുക്കാന്‍ രാജീവന്‍ ഉദയഭാനുവിനെ സമീപിക്കുകയായിരുന്നു. പിന്നീട് രാജീവന്‍ മുഖേന ഭൂമിയിടപാട് നടത്തിയ ഉദയഭാനുവിന് വന്‍ തുക നഷ്ടമായി. ഈ തുക കിട്ടാന്‍ ഉദയഭാനു ഭീഷണിപ്പെടുത്തുന്നുവെന്നാണ് രാജീവന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. ഇതിനിടെയില്‍ രാജീവന്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഉദയഭാനു സംശയത്തിന്റെ നിഴലിലായി. ജോണി തന്റെ സുഹൃത്ത് രഞ്ജിത്ത് മുഖേനയാണ് രാജീവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പിടിയിലായ ഇരുവരും ഉദയഭാനുവിന് വേണ്ടി കൂടിയാണ് തങ്ങള്‍ രാജീവിനെ തട്ടിക്കൊണ്ട് പോയതെന്ന് മൊഴി നല്‍കുകയും ചെയ്തു.

അതേസമയം നിരവധി കേസുകളില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂട്ടറായിരുന്ന താന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നെന്നും ഇത്തരമൊരു കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലെന്നുമാണ് ഉദയഭാനു പറയുന്നത്. രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം ഇന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. സ്വത്ത് സംബന്ധമായ ചില രേഖകളില്‍ ഒപ്പുവയ്ക്കുന്നതിനിടെ രാജീവ് കൊല്ലപ്പെട്ടെന്നാണ് പിടിയിലായവരുടെ മൊഴി. ഈ മൊഴി വിശ്വസിച്ചാല്‍ തന്റെ നഷ്ടപ്പെട്ട വന്‍തുക രാജീവിന്റെ സ്വത്ത് എഴുതിവാങ്ങി തിരിച്ചുപിടിക്കാന്‍ ഉദയഭാനു ശ്രമിച്ചുവെന്ന് കരുതാം. രാജീവിന്റെ പൊതുശത്രുക്കളായി മാറിയ ഉദയഭാനുവും ചക്കര ജോണിയും ഒത്തുചേരുകയുമായിരുന്നിരിക്കാം. എങ്കിലും സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടി പൊരുതിയ ഒരു അഭിഭാഷകന്‍ ഇതുപോലൊരു നിഷ്ഠൂരമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവോയെന്ന് തെളിയിക്കാന്‍ പോലീസിന്റെ കൈവശമെത്തിയിരിക്കുന്ന തെളിവുകള്‍ക്ക് മാത്രമാണ് സാധിക്കുക.

ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ കേസിനെ എങ്ങനെയൊക്കെ സ്വാധീനിക്കാമെന്ന് വ്യക്തമായി ധാരണയുള്ളയാളാണ് ഉദയഭാനു. ചന്ദ്രബോസ് കൊലക്കേസിന് ശേഷം അതേക്കുറിച്ച് ഉദയഭാനു തന്നെ പറഞ്ഞ ചില വാചകങ്ങള്‍ പരിശോധിക്കാം. ‘മേലുദ്യോഗസ്ഥന്മാരായ ചിലരുടെ ഇടപെടലുകള്‍ കേസില്‍ ഉണ്ടായി എന്നുള്ളത് സത്യമാണ്. അതുകാരണം നല്ലൊരു വിഭാഗത്തിന്റെ മേല്‍ കളങ്കം ചാര്‍ത്തപ്പെടുകയും ചെയ്തു. പിന്നീടുണ്ടായ സംഭവം സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കുടുംബവുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചുവെന്നുള്ളതാണ്. കണ്ണൂര്‍ മുതല്‍ കൊച്ചി വരെയുള്ള പ്രതി ഇവരെ മുതലെടുക്കുകയായിരുന്നു. അത് കണ്ടെത്തിയത് ഞാനാണ്. ഡിജിപി ഇടപെട്ട് അവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പണം കൊടുത്ത് വാങ്ങാവുന്ന ഒന്നല്ല വിധിയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‘അന്വേഷണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരും ഉറച്ച മനസ്സോടെ ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആര്‍ക്കും അവരുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുകയില്ല. ഞാന്‍ ഒരു സ്വാധീനത്തിനും വഴങ്ങുകയില്ല എന്നുള്ള കര്‍ക്കശമായ നിലപാട് അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടറും സ്വീകരിച്ചാല്‍ മതി. അതിനൊരു ദൃഷ്ടാന്തമാണ് ചന്ദ്രബോസ് കേസ് കൊലക്കേസ്. പോലീസ് സ്വതന്ത്രമായ ഒരു അന്വേഷണ ഏജന്‍സി അല്ലല്ലോ. അത് ഭരണത്തിലുള്ള സര്‍ക്കാരിനെ കൂടി ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുക. ആയതിനാല്‍ തന്നെ ചില വിഷയങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുവാനും ചിലതിനു നേരെ കണ്ണുകള്‍ അമിതമായി തുറന്നുപിടിക്കുവാനും അവര്‍ക്കു തയ്യാറാവേണ്ടി വരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീത് കൂടിയാണ് ഈ വിധി’. എന്നാണ് ഇതേക്കുറിച്ച് ഉദയഭാനു അന്ന് പറഞ്ഞത്.

ഇന്ന് താന്‍ തന്നെ പ്രതിക്കൂട്ടിലായിരിക്കുന്ന ഒരു കേസിന്റെ പിന്നാലെയാണ് ഉദയഭാനു. ചന്ദ്രബോസ് കേസില്‍ നീതി നടപ്പായപ്പോള്‍ ഏതൊരു അഭാഭഷകനും മാതൃകയാകേണ്ട വ്യക്തിത്വമെന്ന് വിലയിരുത്തപ്പെട്ട വ്യക്തിയാണ് ഉദയഭാനു. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ മതില്‍ ചാടി അകത്തു കയറാന്‍ സഹായിച്ച അഭിഭാഷകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അന്ന് അദ്ദേഹം ഉയര്‍ത്തിയത്. ഉദയഭാനുവിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറയുമ്പോള്‍ ഒരിക്കല്‍ നീതിയ്ക്ക് വേണ്ടി താന്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമോയെന്നാണ് ഇനി അറിയാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍