UPDATES

ട്രെന്‍ഡിങ്ങ്

ഇത്തവണയും കോട്ടയത്തിനും അഡ്വ. പികെ ഹരികുമാറിനും ഇടയില്‍ ഒരു സര്‍പ്രൈസ് എന്‍ട്രി ഉണ്ടാകുമോ? ആരാണ് സിപിഎം സാധ്യതാ ലിസ്റ്റിലുള്ള ഡോ.സിന്ധുമോള്‍ ജേക്കബ്?

സാധ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹരികുമാര്‍ ആണെന്ന വിവരമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. സിന്ധുമോള്‍ ജേക്കബിനുള്ള സാധ്യതകളും അവര്‍ തള്ളിക്കളയുന്നില്ല.

കോട്ടയത്ത് നറുക്ക് വീഴുക ഡോ.സിന്ധുമോള്‍ ജേക്കബിനോ അഡ്വ. പി കെ ഹരികുമാറിനോ? പാര്‍ട്ടി പ്രവര്‍ത്തകരടക്കം തീരുമാനത്തിന് ഉറ്റുനോക്കുകയാണ്. ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തതില്‍ നാല് പേരുകളാണ് കോട്ടയത്തുനിന്ന് ഉയര്‍ന്ന് വന്നത്. അഡ്വ.പി കെ ഹരികുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ്‌കുറുപ്പ്, ഉഴവൂര്‍ പഞ്ചായത്ത് അംഗം സിന്ധുമോള്‍ ജോസഫ് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. സുരേഷ് കുറുപ്പ് സ്ഥാനാര്‍ഥിയാവാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നാണറിവ്. ഡോ. സിന്ധുമോള്‍ ജേക്കബിന്റെ പേരാണ് ഇന്നലെ മുതല്‍ കോട്ടയം സ്ഥാനാര്‍ഥിയായി ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടായിട്ടില്ലെന്ന് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സാധ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹരികുമാര്‍ ആണെന്ന വിവരമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. സിന്ധുമോള്‍ ജേക്കബിനുള്ള സാധ്യതകളും അവര്‍ തള്ളിക്കളയുന്നില്ല.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ സിന്ധുമോള്‍ക്കുള്ള ജനസമ്മതി വോട്ടാക്കാമെന്നതാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഹോമിയോ ഡോക്ടറായ സിന്ധുമോള്‍ ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗവുമാണ്. ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ക്‌നാനായ സഭ അംഗമായ സിന്ധുമോളെ രംഗത്തിറക്കി സമുദായ വോട്ടുകള്‍ പിടിക്കാമെന്ന സാധ്യതയും പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ട്. അഭയം ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ സിന്ധുമോള്‍ക്കുള്ള ക്ലീന്‍ ഇമേജും സാധ്യതയായി വിലയിരുത്തപ്പെടുന്നു. ജനാധിപത്യ മഹിളാ അസോസിയേശന്‍ നേതാവ് കൂടിയായ സിന്ധുമോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ അപ്രതീക്ഷിത വനിതാ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

എന്നാല്‍ പലതവണ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് പരിഗണിക്കപ്പെട്ട അഡ്വ.പി കെ ഹരികുമാറിനായിരിക്കും ഇത്തവണ പ്രഥമ പരിഗണ ലഭിക്കുകയെന്ന വിവരമാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ നല്‍കുന്നത്. എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് ഹരികുമാര്‍. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ കോട്ടയത്തെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഹരികുമാര്‍. എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അധികം സാധ്യതകള്‍ ലഭിക്കാത്ത നേതാവുമാണ്. വൈക്കം നഗരസഭാ ചെയര്‍മാനായിരുന്നതൊഴിച്ചാല്‍ പലപ്പോഴും സ്ഥാനാര്‍ഥി പരിഗണനാ പട്ടികയിലുണ്ടായിരുന്ന ഹരികുമാറിന് കപ്പിനും ചുണ്ടിനുമിടയില്‍ സ്ഥാനാര്‍ഥിത്വം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരികുമാറിന് പാര്‍ട്ടി സീറ്റ് നല്‍കുമെന്ന് ഉറപ്പിച്ചിരുന്നു. ചുവരെഴുത്ത് വരെ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ജനതാദള്‍ എസിന് സീറ്റ് നല്‍കി തീരുമാനം വന്നത്. മാത്യു ടി തോമസ് മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനായ ഹരികുമാര്‍ മികച്ച പ്രാസംഗികനാണെന്നതും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെന്നുമുള്ള അഭിപ്രായമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്. എന്‍എസ്എസ് ഇടതുപക്ഷവുമായി ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും ഹരികുമാറിന് എന്‍എസ്എസുമായി നല്ലബന്ധമാണുള്ളതെന്നതും വിജയസാധ്യതയായി കണക്കാക്കപ്പെടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍