UPDATES

ട്രെന്‍ഡിങ്ങ്

ജനകീയ നേതാവില്‍ നിന്നും, കൂട്ടക്കൊലയാളിയിലേക്ക്; ആരാണ് മായാ കൊഡ്‌നാനി?

മോദി അമിത് ഷായെ രക്ഷിക്കാനും തന്നെ കുടുക്കാനുമാണ് ശ്രമിച്ചതെന്ന് പിന്നീട് റാണ അയൂബ് നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രി മായാ കൊഡ്‌നാനി കുറ്റവിമുക്തയാക്കപ്പെട്ടിരിക്കുകയാണ്. 2009ലാണ് മായാ കൊഡ്‌നാനി ഈ കേസില്‍ അറസ്റ്റിലായത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ വനിതാ, ശിശു ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴായിരുന്നു ശിശു രോഗ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമായ മായാ കൊഡ്‌നാനി അറസ്റ്റ് ചെയ്യപ്പെട്ടത്. കേസില്‍ ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രതിചേര്‍ക്കപ്പെട്ടെങ്കിലും പിന്നീട് കോടതി ക്ലീന്‍ ചിറ്റ് നല്‍കി.

1998 മുതല്‍ ബിജെപി എംഎല്‍എയായ ഇവര്‍ ഓരോ തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് ജനകീയ നേതാവായിരിക്കെയാണ് കേസില്‍ കുരുങ്ങുന്നത്. 98ലെ തെരഞ്ഞെടുപ്പില്‍ 75,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കൊഡ്‌നാനി 2002ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 1.1 ലക്ഷം ആക്കി ഉയര്‍ത്തി. 2007ല്‍ ഭൂരിപക്ഷം 1.8 ലക്ഷമായതിന് മോദി നല്‍കിയ സമ്മാനമായിരുന്നു മന്ത്രി പദവി. ഗുജറാത്ത് കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായ നരോദ പാട്യ കൂട്ടക്കൊല ആസൂത്രണം ചെയ്തത് ഇവരാണെന്നായിരുന്നു കേസ്. 2002 ഫെബ്രുവരി 28ന് നടന്ന കൂട്ടക്കൊലയില്‍ 36 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടെ 92 മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്.

തെഹല്‍ക്കയുടെ സ്റ്റിംഗ് ജേണലിസത്തില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരായ സുരേഷ് റിച്ചാര്‍ഡ്, പ്രകാശ് റത്തോഡ് എന്നിവരാണ് കൂട്ടക്കൊലയില്‍ ഇവര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തിയത്. 2004ല്‍ നിയമിക്കപ്പെട്ട നാനാവതി മേത്ത കമ്മിഷനും ഇവരുടെ പങ്ക് ശരിവച്ചിരുന്നു. തുടര്‍ന്ന് 2008ല്‍ സുപ്രിംകോടതി കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ആര്‍കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പല തവണ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അതിന് തയ്യാറായില്ല. സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നെങ്കിലും 2009 മാര്‍ച്ച് 27ന് ഗുജറാത്ത് ഹൈക്കോടതി അത് നിരസിച്ചതോടെ ഇവരുടെ അറസ്റ്റ് നടന്നു. നരോദ പാട്യ കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ ഏക സ്ത്രീയാണ് ഇവര്‍. കലാപം നടന്ന സ്ഥലത്ത് മായാ കൊഡ്‌നാനി ഉണ്ടായിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തിരിച്ചും വിളിച്ചതായും കമ്മിഷന്റെ റിപ്പോര്‍ട്ടിലും ആര്‍കെ രാഘവന്റെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ആര്‍കെ രാഘവന്‍ ക്ലീന്‍ ചിറ്റ് നല്‍കിയ മോദി അമിത് ഷായെ രക്ഷിക്കാനും തന്നെ കുടുക്കാനുമാണ് ശ്രമിച്ചതെന്ന് പിന്നീട് റാണ അയൂബ് നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. നരേന്ദ്ര മോദിയോടുള്ള എതിര്‍പ്പാണ് അവര്‍ ഇതില്‍ വെളിപ്പടുത്തിയത്.

അമിത് ഷായെ തന്റെ കേസില്‍ സാക്ഷിയാക്കണമെന്നും അതിലൂടെ തന്റെ നിരപാരിധിത്വം തെളിയിക്കാനാകുമെന്നും ഇവര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് മോദി ഇവര്‍ക്കെതിരെ തിരിഞ്ഞത്. ഷായെ കേസില്‍ നിന്നും രക്ഷിക്കാന്‍ മോദി പരമാവധി ശ്രമിക്കുമെന്നും ആനന്ദി ബെന്‍ മോദിയുടെ വലംകൈയും ഷാ ഇടംകയ്യുമാണെന്നും റാണ അയൂബിനോട് അവര്‍ വെളിപ്പെടുത്തിയിരുന്നു. നരോ പാട്യ കൂട്ടക്കൊല നടക്കുമ്പോള്‍ ഗോധ്ര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അമിത് ഷായ്‌ക്കൊപ്പം സോള സിവില്‍ ആശുപത്രിയിലായിരുന്നു താനെന്നാണ് ഇവര്‍ വാദിച്ചത്. എന്നാല്‍ 2013 ഏപ്രില്‍ 17ന് ഇവര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി മോദി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അതേവര്‍ഷം മെയ് 13ന് ഗുജറാത്ത് സര്‍ക്കാര്‍ ഈ അപേക്ഷ പിന്‍വലിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേസില്‍ തന്നെ കുരുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇവര്‍ ആരോപിച്ചത്. ഒരു കാലത്ത് മോദി മന്ത്രി സഭയില്‍ വിശ്വസ്തയായിരുന്ന മായാ കൊഡ്‌നാനി പിന്നീട് മോദിയ്ക്ക് അനഭിമതയാകുന്ന കാഴ്ചയാണ് നാം കണ്ടത്. മോദിയെ പ്രകോപിപ്പിച്ചതാകട്ടെ കേസില്‍ അമിത് ഷായെ ഉള്‍പ്പെടുത്താന്‍ അവര്‍ നടത്തിയ ശ്രമവും.

2012ല്‍ പ്രത്യേക കോടതി ഇവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും 2014ല്‍ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഗുജറാത്ത് ഹൈക്കോടതി ഇവരെ കുറ്റവിമുക്തയാക്കിയതോടെ ഗുജറാത്ത് കലാപക്കേസില്‍ അകപ്പെട്ട ഏറ്റവും പ്രമുഖയായ വ്യക്തിയും കേസില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്.

നരോദ പാട്യ കൂട്ടക്കൊല: മുന്‍ ബിജെപി മന്ത്രി മായാ കൊഡ്‌നാനിയെ കുറ്റവിമുക്തയാക്കി

ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും

ഗുജറാത്ത് കലാപക്കേസില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തുന്ന കോഡ്‌നാനിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍