UPDATES

ട്രെന്‍ഡിങ്ങ്

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

രഹ്ന ഒരു മുസ്ലിം പേരുകാരിയാണെന്നതാണ് സംഘപരിവാര്‍ അനുകൂലികളെ അസ്വസ്ഥരാക്കുന്നത്.

ഇന്ന് ശബരിമല കയറാനെത്തിയ രഹന ഫാത്തിമ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം മടങ്ങി. ഇവരെ വലിയ നടപ്പന്തലില്‍ എത്തിച്ച അതേ സുരക്ഷയില്‍ ഇവരെ രണ്ട് പേരെയും തിരികെയെത്തിക്കുകയാണ് ഇപ്പോള്‍ പോലീസ് ചെയ്യുന്നത്. തന്ത്രിമാരും പൂജാരിമാരും അടക്കം സമരത്തില്‍ പ്രവേശിക്കുകയും സമരക്കാരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ തിരിച്ച് പോകാതെ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് രഹന മടങ്ങുന്നത്. ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനവും ആക്ടിവിസ്റ്റുകള്‍ക്ക് ശക്തിതെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയുമാണ് ഇവരെ ഇതിന് നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. അതേസമയം പതിനെട്ടാം പടി കയറാനായില്ലെങ്കിലും ചരിത്രത്തിന്റെ ഭാഗമായാണ് രഹന മലയിറങ്ങുന്നത്. സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കോടതി വിധി നടപ്പാക്കാന്‍ മല കയറിയെത്തിയ ആദ്യ സ്ത്രീകളായിരിക്കുകയാണ് രഹനയും തെലുങ്ക് മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയും. കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഭാഗങ്ങള്‍ കടന്നാണ് ഇവര്‍ വലിയ നടപ്പന്തലിലെത്തിച്ചേര്‍ന്നത്.

രഹനയ്ക്ക് സന്നിധാനത്ത് എത്താന്‍ സാധിക്കാതെ വന്നതോടെ ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്നാണ് ആരോപണം ഉയരുന്നുണ്ട്. ഇവര്‍ ഭക്തരല്ല എന്നും ആക്റ്റിവിസ്റ്റുകളാണ് എന്നുമാണ് ന്യായീകരണമായി മന്ത്രി പറഞ്ഞത്. എന്നാല്‍ ഭക്തരെ എങ്ങനെ തിരിച്ചറിയുമെന്നും ഭക്തരായ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് കോടതി വിധിയെന്നും ആചാരങ്ങള്‍ ലംഘിക്കാമൊരുങ്ങുന്നവര്‍ ഭക്തരല്ലെന്ന് പ്രഖ്യാപിച്ചാല്‍ സ്ത്രീപ്രവേശനം ഒരിക്കലും സാധ്യമാകാതെ വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; അതിനാല്‍ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നാണ് കടകംപള്ളി പറയുന്നത്. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം കൂടി കണക്കിലെടുക്കണമായിരുന്നെന്നാണ് കടകംപള്ളി പറയുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കുന്ന ദുരാചാരം ലംഘിച്ച രഹനയാരാണെന്ന് ഇനി പരിശോധിക്കാം.

അടുത്തകാലത്ത് കേരളത്തിലുണ്ടായ പുരോഗമന മുന്നേറ്റങ്ങളിലെല്ലാം രഹന ഫാത്തിമയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ സദാചാര പോലീസിംഗിനും യാഥാസ്ഥിതികതയ്ക്കുമെതിരെ നടക്കുകയും പിന്നീട് രാജ്യമാകെ വ്യാപിക്കുകയും ചെയ്ത ചുംബനസമരത്തിലൂടെയാണ് രഹനയെ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാനാരംഭിച്ചത്. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന രഹന ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ്. കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്റെ സ്ത്രീ വിരുദ്ധമായ വത്തക്കാ പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും പ്രകോപനപരമായ ഇടപെടല്‍ നടത്തിയത് രഹനയാണ്. മാറ് തുറക്കല്‍ സമരം എന്ന പേരില്‍ അന്ന് അറിയപ്പെട്ട പ്രതിഷേധത്തിന് പിന്തുണയായിരുന്നു ഇത്. സ്ത്രീകള്‍ ചെത്തിവച്ച വത്തക്കപോലെ തങ്ങളുടെ മാറിടം പ്രദര്‍ശിപ്പിക്കരുതെന്നായിരുന്നു ഫറൂഖ് കോളേജ് അധ്യാപകന്റെ പരാമര്‍ശം. എന്നാല്‍ വത്തക്ക കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് നഗ്നമായ മാറ് തുറന്ന് കാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ഇവര്‍ എടുത്തത്. ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സന ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ഈ ചിത്രങ്ങളും രഹനയുടെ പ്രതിഷേധവും ചര്‍ച്ചയായി. എന്നാല്‍ പോസ്റ്റ് ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് നിരക്കുന്നതല്ലെന്ന കാരണത്താല്‍ പിന്നീട് നീക്കം ചെയ്തു.

ചുംബന സമരത്തിന് ശേഷമാണ് ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങളുമായി രഹന സജീവമായത്. തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതിന് അവര്‍ മതവാദികളുടെ വധഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുതെന്നായിരുന്നു മതവാദികളുടെ ആവശ്യം. പുരുഷന്മാര്‍ മാത്രം പുലി വേഷം കെട്ടുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായി 2016ല്‍ രഹന ആദ്യമായി ചരിത്രം സൃഷ്ടിച്ചു. നഗ്നശരീരത്തിലായിരുന്നു പുലിയുടെ ചിത്രം വരച്ചത്. ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പുലികളിയില്‍ പെണ്‍പുലികളി സംഘം വേഷമിട്ടതും രഹനയുടെ നേതൃത്വത്തിലാണ്.

ഇന്ന് പതിനെട്ടാം പടി കയറാനാകാതെ രഹന മടങ്ങുമ്പോള്‍ തന്റെ മാറ് തുറക്കല്‍ സമര ചിത്രങ്ങള്‍ക്കൊപ്പം അവര്‍ തന്നെ പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. “മാറുമറയ്ക്കല്‍ സമരത്തിനും പൊതുബോധത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ മുറിക്കുള്ളില്‍ കതകടച്ചിരുന്ന് ഭര്‍ത്താവിന് കാണാന്‍ മാത്രം ബ്ലൗസ് ധരിച്ച സ്ത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തമ്പ്രാക്കള്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തില്‍ നിന്നും നടന്നു പോയ സ്ത്രീകളും ഉണ്ടായിരുന്നു”. ഏക എന്ന സിനിമയില്‍ രഹനയുടെ ശരീര പ്രദര്‍ശനവും ഏറെ വിവാദമായ വിഷയമാണ്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ സെപ്തംബര്‍ 30-ന് താന്‍ മലയ്ക്ക് പോകാന്‍ വ്രതമെടുത്തു തുടങ്ങിയെന്ന് കാണിച്ച് രഹന ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ശബരിമല ഭക്തരുടെ രീതിയില്‍ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നെറ്റിയില്‍ ഭസ്മം പൂശി, കഴുത്തിലും കൈകളിലും മാലയണിഞ്ഞുള്ള ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. തത്വമസിയെന്നും ഈ ചിത്രത്തോടൊപ്പം ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് രഹനയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. തെറിയഭിഷേകത്തിനൊപ്പം ഇവര്‍ക്കെതിരെ വധഭീഷണിയും ഉയര്‍ന്നു. പ്രസിദ്ധീകരണ യോഗ്യം പോലുമല്ലാത്ത കേട്ടാലറയ്ക്കുന്ന തെറിയാണ് ഈ ചിത്രത്തിന് കമന്റായി ലഭിച്ചുകൊണ്ടിരുന്നത്. രഹന ഒരു മുസ്ലിം പേരുകാരിയാണെന്നതാണ് സംഘപരിവാര്‍ അനുകൂലികളെ അസ്വസ്ഥരാക്കിയത്. അതേസമയം, താന്‍ മതചട്ടക്കൂടുകളില്‍ നില്‍ക്കുന്ന ആളല്ലെന്ന് അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും മറ്റും മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അപൂര്‍വം പേര്‍ രഹനയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഈ സമയത്ത് പ്രകോപനപരമായ ഈ ചിത്രം ഒഴിവാക്കാമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഈ ഭീഷണികളെയും അസഭ്യവര്‍ഷത്തെയും അവഗണിച്ചാണ് രഹന ഇന്ന് മല ചവിട്ടിയത്.

ഇന്ന് പതിനെട്ടാം പടി കയറാനാകാതെ മടങ്ങി വരുന്ന രഹനയ്‌ക്കെതിരെ അവരുടെ പേജില്‍ ഇന്നും തെറിയഭിഷേകം തുടങ്ങിയിട്ടുണ്ട്. പരിഹാസത്തേക്കാളുപരി കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഈ കമന്റുകളില്‍ നിറഞ്ഞിരിക്കുന്നത്.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 17-ന് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് ഇങ്ങനെയാണ്.

“രണ്ടാം വിമോചന സമരം നടത്താൻ ഇറങ്ങി പുറപ്പെട്ട കേരളത്തിലെ രണ്ടു പ്രതിപക്ഷ പാർട്ടികളും ഒരു ജാതി സംഘടനയും അടപടലം മൂഞ്ചിയ വേറെ ഒരു ദിവസം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടാകാൻ സാധ്യത ഇല്ല.

രാഷ്ട്രീയപാർട്ടികൾ എന്ന് പറയുമ്പോൾ ബിജെപിയും കോൺഗ്രസും. ജാതി സംഘടനാ എന്ന് പറയുമ്പോൾ അറിയാമല്ലോ. അല്ലെ

സംഭവം ഇങ്ങനെയാണ്.

ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് പമ്പയും സമീപ പ്രദേശങ്ങളും കലാപ ഭൂമിയാക്കി ആ സമരം കേരളത്തിൽ ആകെ പടർത്തി വരാൻ പോകുന്ന ലോകസഭാ തെരഞ്ഞടുപ്പിനൊപ്പം കേരളത്തിലും ഇലക്ഷൻ കൊണ്ട് വാരിയായിരുന്നു മൂന്നു കൂട്ടരുടെയും ശ്രമം. വളരെ ആസൂത്രിതമായി ആണ് ഇതിനുള്ള കരുക്കൾ അവർ നീക്കിയത്. ആദ്യം തന്നെ ശബരിമലയുടെ പേരിൽ സർക്കാരിന് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒരു വിഷയം ഉണ്ടാക്കി. അതിനു ശേഷം അതിന്റെ പേരിൽ കേരളം ആകെ ജാഥകളും പ്രക്ഷോഭങ്ങളും നടത്തി ആളെ സംഘടിപ്പിച്ചു. അതായിരുന്നു ഒന്നാം ഘട്ടം. അത് വളരെ വിജയകരമായി അവർ പൂർത്തീകരിച്ചു.

രണ്ടാം ഘട്ടം ഇന്നായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും ഏകദേശം ആറായിരത്തോളം സജീവ പ്രവർത്തകരെ പമ്പയിലും നിലയ്ക്കലിലും എത്തിച്ചു. ഇതിൽ പകുതിയോളം സ്ത്രീകൾ ആയിരുന്നു. ഇവരെ സംഘടിപ്പിച്ചത് ഒരു ജാതി സംഘടനയാണ്. ബിജെപി നേതാക്കൾ സമരം ഉത്‌ഘാടനം ചെയ്താ ശേഷം ശശികല ടീച്ചറെ പോലത്തെ തീവ്ര വിഷ ജന്തുക്കൾക്ക് സമരത്തിന്റെ കടിഞ്ഞാൺ കൈമാറി അവർ പതുക്കെ പമ്പയിലേക്ക് മാറുന്നു. ശശികല ഇതിലെ എന്തിനും പോന്ന സംഘികളെ അക്രമത്തിനു പ്രേരിപ്പിക്കുന്നു, അവർ ആക്രമണം നടത്തുന്നു.

ഇവരുടെ പ്രതീക്ഷ ഭീകരമായി ആക്രമണം നടത്തുപോൾ പോലീസ് ലാത്തി വീശും, അപ്പോൾ കുറച്ചു സ്ത്രീകൾക്ക് പരിക്ക് പറ്റുന്നു. ഉടനെ പമ്പയിൽ നിന്നും ബിജെപി നേതാക്കൾ എത്തി സമരം കേരളം ആകെ വ്യാപിപ്പിക്കുന്നു. ഇതായിരുന്നു പദ്ധതി.

പക്ഷെ പോലീസ് ഒന്നും ചെയ്തില്ല. നിന്ന് നിന്ന് കാലു കഴച്ചപ്പോൾ കുല സ്ത്രീകൾ പതുക്കെ വീട്ടിൽ പോകണം എന്ന് പറഞ്ഞു തുടങ്ങി. ഭർത്താവിനെ കണ്ടില്ലെങ്കിലും കുഞ്ഞിന് ചോറ് കൊടുത്തില്ലെങ്കിലും കുല സ്ത്രീക്ക് സീരിയൽ മുടക്കാൻ സാധിക്കില്ലല്ലോ. സ്ത്രീകൾ ബസ്സിൽ കയറിയ മുറക്ക് പോലീസ് പണി തുടങ്ങി. അറഞ്ചം പുറഞ്ചം അടിച്ചു. ഒരു മയവും ഇല്ലാതെ അടിച്ചു.

അവിടെയും വിധി ബിജെപിയെ തുണച്ചില്ല. പ്രവർത്തകർ അടി കൊള്ളുമ്പോൾ നേതാക്കന്മാർ സന്നിദാനത്തു നടതുറക്കുന്നതു കാണാൻ നിൽക്കുകയായിരുന്നു. ഓടിയെത്താൻ ആരും ഉണ്ടായില്ല. അവസാനം ഇവരുടെ വാക്കു കേട്ട് അടിയുണ്ടാക്കിയ പ്രവർത്തകർ ആകെ കള്ളന്മാരും കൊള്ളകക്കാരും ആണ് എന്ന് നേതാക്കൾക്ക് തന്നെ പറയേണ്ടി വന്നു.

ഒടുവിൽ മുഴുവൻ മാധ്യമങ്ങളും ജനങ്ങളും എതിരായി. ബിജെപിയുടെയും ജാതി സംഘടനയുടെയും സമരം മൂഞ്ചി.

ഇനി കോൺഗ്രസ്.

കേരളത്തിൽ സമരം ചെയ്യാൻ അനുവാദം വാങ്ങാൻ വേണ്ടിയാണ് ചെന്നിത്തലയും നേതാക്കളും ഡൽഹിക്കു പോയത്. കാര്യം ഒക്കെ അറിയാവുന്ന മുറി ഇംഗ്ലീഷിലും ഹിന്ദിയിലും കേരള നേതാക്കൾ ഡെൽഹിയിലെ വലിയ നേതാക്കളെ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴാണ് AICC ഓഫിസിൽ ആരോ വാർത്ത വെച്ചത്. റിപ്പബ്ലിക് ചാനലിൽ കിടന്നു അർണാബ് പേപ്പട്ടിയെ പോലെ കുരക്കുന്നു. കേരള നേതാക്കളും കേന്ദ്ര നേതാക്കളും ഒരു പോലെ ഞെട്ടി. ചാനൽ മാറ്റി നോക്കി. രക്ഷയില്ല മുഴുവൻ ദേശീയ മാധ്യമങ്ങളും സമരത്തിന് എതിരായി. മലയാളം ചാനൽ വെച്ച് നോക്കി. അവിടെയും രക്ഷ ഇല്ല. ഒരു മാധ്യമത്തിന്റെയും ജനങ്ങളുടെയും പിന്തുണ ഇല്ലാത്ത ഒരു സമരം നടത്താൻ അനുവദി ചോദിക്കാൻ പോയ ചെന്നിത്തലയും കൂട്ടരും നാണം കെട്ടൂ. അതിന്റെ കൂടെ റിപ്പബ്ലിക് ചാനലുകാരനെ പേടിച്ചുള്ള ചെന്നിത്തലയുടെ ഓട്ടം കൂടെ ആയപ്പോൾ ശുഭം.

എന്തൊക്കെ ആയിരുന്നു സ്വപ്‌നങ്ങൾ…
കോലീബി മന്ത്രിസഭ… ചെന്നിത്തല മുഖ്യമന്ത്രി, സുരേന്ദ്രൻ ആഭ്യന്തരം, ശശികല ദേവസ്വം… K സുധാകരൻ ധനകാര്യം… രണ്ടു താക്കോൽ സ്ഥാനം ജാതി സംഘടനക്ക്…

ആകെ മൂഞ്ചി എന്ന് പറഞ്ഞാൽ മതിയല്ലോ.”

വീഡിയോ

ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീട് അക്രമികള്‍ തല്ലിത്തകര്‍ത്തു

ശബരിമല LIVE: യുവതികള്‍ മടങ്ങി; അയ്യപ്പനെ കാണാന്‍ അനുവദിക്കണം- 46 കാരി പമ്പയില്‍

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍