UPDATES

ട്രെന്‍ഡിങ്ങ്

അപ്പോള്‍ ആന്റണി പറഞ്ഞതോ ബലരാമാ…? ഏതാണ് സിപിഎമ്മിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട്?

ഫേസ്ബുക്ക് ജീവിയെന്ന ആരോപണം എപ്പോഴേ ചാര്‍ത്തിക്കിട്ടിയിരിക്കുന്ന ബല്‍റാമിന്റെ ബാലചാപല്യം മാത്രമാണോ ഇപ്പോഴത്തെ ഈ രാഷ്ട്രീയ അഭിപ്രായമെന്നതാണ് വ്യക്തമാക്കേണ്ടത്

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ദേശീയ തലത്തില്‍ സിപിഎമ്മുമായി ചേര്‍ന്നുണ്ടാകുന്ന സഖ്യം യാതൊരു ഗുണവും ചെയ്യില്ലെന്നാണ് കോണ്‍ഗ്രസിന്റെ യുവ നേതാവായ വിടി ബല്‍റാം ഇന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വാദിച്ചിരിക്കുന്നത്. ഇതിനായി ഏതാനും സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് നിലവിലുള്ള അവസ്ഥയെന്താണെന്നുമെല്ലാം ഈ യുവനേതാവ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബല്‍റാമിന്റെ മൂത്ത നേതാവായ എകെ ആന്റണി പറയുന്നത് അതല്ല.

ത്രിപുരയില്‍ ആകെയുള്ള രണ്ട് സീറ്റുകളില്‍ സിപിഎമ്മിന് വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചേക്കുമെന്ന് സമ്മതിക്കുന്ന ബല്‍റാം ഈ സീറ്റുകളെ വളരെ നിസാരമായി തന്നെയാണ് കാണുന്നത്. ദേശീയ തലത്തില്‍ ആ രണ്ട് സീറ്റുകള്‍ക്കുണ്ടാകാനിടയുള്ള പ്രാധാന്യമാണ് ബല്‍റാം ചോദ്യം ചെയ്യുന്നത്. കൂടാതെ ബംഗാളില്‍ ജനങ്ങള്‍ വെറുത്ത സിപിഎമ്മിനെക്കാള്‍ കോണ്‍ഗ്രസിന് നല്ലത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് ബല്‍റാമിന്റെ നിരീക്ഷണം. കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടുമെന്നത് മാത്രമല്ല, മമത ബിജെപിയ്‌ക്കൊപ്പം പോകാതിരിക്കാനും അതായിരിക്കും നല്ലതെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു. ‘ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും’ എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സിപിഎമ്മും അതിന്റെ കേരളത്തിലെ നേതാക്കളുമെന്നും ബല്‍റാം ആരോപിക്കുന്നു. അതുകൊണ്ട് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് സിപിഎം ഇടക്കിടെ നടത്തിവരുന്ന ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനും മറ്റ് എന്തില്‍നിന്നൊക്കെയോ ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയുമുള്ള അവരുടെ കൗശലം മാത്രമാവാനേ തരമുള്ളൂവെന്നാണ് പറഞ്ഞുവയ്ക്കുന്നത്. അതേസമയം സിപിഎം എല്ലാക്കാലത്തും കുറ്റംപറയുന്ന കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തിന് പകരം എന്ത് സാമ്പത്തിക നയമാണ് കൊണ്ടുവരാനുള്ളതെന്നുമാണ് ബല്‍റാം ചോദിക്കുന്നത്.

സിപിഎം കോണ്‍ഗ്രസ്സുമായി കൂടില്ല എന്ന ‘മഹാപരാധ’വും എകെ ആന്റണിയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും

അതേസമയം അടവുനയം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായി വിമര്‍ശിച്ചവരില്‍ പ്രമുഖന്‍ എകെ ആന്റണിയാണ്. മോദിയുടെ ഭരണ തുടര്‍ച്ചയാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റിയില്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചത് കേരളത്തില്‍ നിന്നുമുള്ള സിപിഎം നേതാക്കളാണെന്നും പ്രത്യക്ഷത്തില്‍ ആക്രമിക്കുകയും പരോക്ഷമായി സഹകരിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളതെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കുറയ്ക്കുന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒരേ മനസ്സാണെന്നുമാണ് ആന്റണി ആരോപിക്കുന്നത്. ഇതില്‍ നിന്നും സമവായമുണ്ടാക്കാത്തത് എന്തോ വലിയ അപരാധമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് വ്യക്തമാണ്. അതിന് കാരണക്കാര്‍ സിപിഎമ്മിന്റെ കേരളഘടകമാണെന്നും അദ്ദേഹം കണ്ടെത്തുന്നു. സംഭവം ശരിതന്നെയാണെന്നാണല്ലോ ഇന്നലെ മുതല്‍ കേരളത്തില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

ദേശീയ തലത്തില്‍ തന്നെ ആന്റണിയുടെ വാക്കുകള്‍ക്ക് കോണ്‍ഗ്രസില്‍ വലിയ പ്രാധാന്യമാണ്. ആ ആന്റണിയുടെ വാക്കുകളില്‍ തെളിയുന്നത് സിപിഎമ്മുമായുള്ള ബന്ധം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇതിനോട് താല്‍പര്യമില്ലെന്നും സിപിഎമ്മിന് വേണമെങ്കില്‍ കൂടെ പോരാമെന്നുമാണ് ബല്‍റാം പറയുന്നത്. അപ്പോള്‍ ഏതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സ് നേതൃത്വമാണ്. ഫേസ്ബുക്ക് ജീവിയെന്ന ആരോപണം എപ്പോഴേ ചാര്‍ത്തിക്കിട്ടിയിരിക്കുന്ന ബല്‍റാമിന്റെ ബാലചാപല്യം മാത്രമാണോ ഇപ്പോഴത്തെ വര്‍ത്തമാനവും എന്നു ആരെങ്കിലും കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

സിപിഎമ്മിനെ കൊണ്ട് കോണ്‍ഗ്രസിന് യാതൊരു പ്രയോജനവുമില്ലെന്ന് വിടി ബല്‍റാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍